26 Feb 2026 4:33 PM IST
Summary
എഐ വന്നാൽ പണി പോകുമോ? 9 .2 കോടി ജോലികൾക്ക് പകരം 10 .7 കോടി അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് നന്ദൻ നിലേകനി. വേണ്ടത് ജാഗ്രത
യന്തിരൻ സിനിമ ഓർമയില്ലേ? അതിൽ ചിട്ടി റോബോട്ട് സ്വയം തെറ്റുകൾ തിരുത്തുകയും പുതിയ വേർഷനുകളെ നിർമിക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അതേപോലെ എഐക്ക് ഇനി എല്ലാം ചെയ്യാൻ സാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ. യന്ത്രങ്ങളുടെ ലോകത്ത് ജീവിക്കുന്ന നമ്മളെ കുറിച്ച് !
പ്രമുഖ വ്യവസായിയും ഇൻഫോസിസിന്റെ സ്ഥാപക പങ്കാളിയുമായ നന്ദൻ നിലേകനി, ഇൻഫോസിസ് നിക്ഷേപക ദിനത്തിൽ ഈ വിഷയം സംസാരിച്ചിരുന്നു. എഐ കൊണ്ട് ജോലി പോകുമെന്ന ആശങ്ക വേണ്ടെന്നും എന്നാൽ 92 മില്യൺ ജോലികൾക്ക് പകരം 107 മില്യൺ പുതിയ അവസരങ്ങൾ ഉണ്ടാകാമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വൈറ്റ് കോളർ ജീവനക്കാരിലെ ആശങ്ക പരിഗണിച്ച് എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ എഐ വിന്യസിക്കണമെന്നും ഇന്ത്യയെ “യൂസ് -കേസ് ക്യാപിറ്റൽ” ആക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഐയുടെ വരവ് കൊണ്ട് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന ഭയം നമുക്കെല്ലാവർക്കുമുണ്ട്. എന്നാൽ എഐ മൂലം ജോലി നഷ്ടപ്പെടുകയല്ല റീ സ്‌കില്ലിങ്ങ് അല്ലെങ്കിൽ സ്കിൽ ഡെവലപ്മൻ്റാണ് ആവശ്യം എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. എഐയിലേക്ക് അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ കമ്പനികൾക്കും വലിയ നഷ്ടം ഉണ്ടാകാം.
മനുഷ്യ സഹായം വേണ്ട
എംഇടിആർ റിസർച്ച് പ്രകാരം, 2019-20ൽ 30 സെക്കൻഡ് മാത്രമുണ്ടായിരുന്ന എഐ യുടെ സ്വതന്ത്ര പ്രവർത്തന സമയം 2021-24ൽ 10 മിനിറ്റായി. 2025ഓടെ അത് മണിക്കൂറുകളിലേക്ക് ഉയർന്നു. 2026 അവസാനം 10 മണിക്കൂറിലധികം മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കാമെന്നുമാണ് വിലയിരുത്തൽ. മനുഷ്യർ മണിക്കൂറുകൾ എടുത്ത ജോലികൾ എഐ വേഗത്തിൽ ചെയ്യുകയും സ്വയം മെച്ചപ്പെടുകയും ചെയ്യുന്നത് ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു.
ആന്ത്രോപിക് സ്ഥാപകൻ ഡാരിയോ അമോദേ അടുത്ത 1–5 വർഷത്തിനുള്ളിൽ 50% എൻട്രി ലെവൽ ജോലികൾ ഇല്ലാതാകാമെന്ന് മുന്നറിയിപ്പ് നൽകുന്നു. മാറ്റ് ഷൂമർ എഐ 6–7 മാസത്തിനകം ജനജീവിതം മാറ്റി മറിക്കും എന്നാണ് അഭിപ്രായപ്പെട്ടത്. ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡാറ്റ പ്രോസസ്സിംഗ് പോലുള്ള ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ 3–5 വർഷത്തിനുള്ളിൽ ലോകത്ത് ഏകദേശം 2 ലക്ഷം ബാങ്കിംഗ് ജോലികൾ നഷ്ടപ്പെടാം. സിറ്റിഗ്രൂപ് 54% ബാങ്കിംഗ് ജോലികൾക്ക് ഉയർന്ന ഓട്ടോമേഷൻ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. മോർഗൻ സ്റ്റാൻലി സർവേ പ്രകാരം 11% ജോലി കുറയാനും 12% ഒഴിവുകൾ ഇല്ലാതാകാനും സാധ്യതയുണ്ടെങ്കിലും ഉൽപ്പാദനക്ഷമത 11.5% വരെ ഉയരാം. ജെ പി മോർഗൻ ചേസ്, ഉപഭോക്തൃ സേവന രംഗത്ത് വളർച്ച മന്ദഗതിയിലാകുന്നതിന്റെ സൂചനകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ആശങ്കപ്പെടേണ്ടതുണ്ടോ ?
പഴയ വ്യാവസായിക വിപ്ലവമോ ഇന്റർനെറ്റ് തരംഗമോ പോലെയല്ല ഇപ്പോഴത്തെ എഐ മുന്നേറ്റം. മുൻപ് യന്ത്രങ്ങൾ വന്നപ്പോൾ അവയെ നിയന്ത്രിക്കാൻ മനുഷ്യർ ആവശ്യമായിരുന്നു, ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ എഐ വെറുമൊരു സഹായിയല്ല, മറിച്ച് പല ജോലികളിലും മനുഷ്യന് പകരക്കാരനാകാൻ ശേഷിയുള്ള ഒന്നാണ്. സ്വന്തമായി കോഡുകൾ എഴുതാനും തെറ്റുകൾ തിരുത്തി സ്വയം മെച്ചപ്പെടാനും എഐക്ക് സാധിക്കുന്നതിനാൽ, പഴയതുപോലെ ഇതിനെ നിയന്ത്രിക്കാൻ മനുഷ്യന്റെ ഇടപെടൽ എപ്പോഴും ആവശ്യമായി വരുന്നില്ല. ചുരുക്കത്തിൽ, മനുഷ്യബുദ്ധിക്ക് സമാന്തരമായി നിൽക്കുന്ന ഒരു "സ്പീഷീസ്" ആയി എഐ മാറിക്കഴിഞ്ഞു എന്ന് പറയാം.
എഐയെക്കുറിച്ച് പുതിയ പഠനങ്ങളും ഒട്ടേറെ ലേഖനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എഐ ഒരു ഭീഷണിയാണെന്ന് പറയാൻ സാധിക്കില്ല. മുന്നറിയിപ്പുകൾ മാത്രമാണ് പുതിയ പഠനങ്ങളിൽ പലതും നൽകുന്നത്. ഭയത്തിന് പകരം എഐ ശരിയായ രീതിയിൽ ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള ജാഗ്രതയാണുണ്ടാവേണ്ടത്.
പഠിക്കാം & സമ്പാദിക്കാം
Home
