7 Nov 2026 1:44 PM IST
AI Boom-ന് തിരിച്ചടി; Nvidia മേധാവിക്ക് നഷ്ടം കോടികള്‍! അതിസമ്പന്ന പട്ടികയിലും പിന്നില്‍
MyFin Desk
Summary
എന്‍വിഡിയ ഓഹരികളുടെ വിലയിടിവാണ് ഇതിന് പ്രധാന കാരണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഓഹരികളില്‍ ഉണ്ടായ കനത്ത വില്‍പ്പന ലോകത്തെ പ്രമുഖ ശതകോടീശ്വരന്മാരുടെ സമ്പത്തിലും വന്‍ ഇടിവുണ്ടാക്കി. എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങിന്റെ ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 15.1 ബില്യണ്‍ ഡോളറിന്റെ നഷ്ടം. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഹുവാങ് പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരമുള്ള കണക്കാണിത്.
നവംബര്‍ അഞ്ചിന് അമേരിക്കന്‍ ഓഹരി വിപണിയില്‍ സാങ്കേതികവിദ്യാ ഓഹരികള്‍ നേരിട്ട കനത്ത തകര്‍ച്ചയാണ് ഹുവാങ്ങിന്റെ സമ്പത്തില്‍ ഇടിവുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ആകെ ആസ്തി 150.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. എന്‍വിഡിയ ഓഹരികളുടെ വിലയിടിവാണ് ഇതിന് പ്രധാന കാരണം. വ്യാഴാഴ്ച വ്യാപാരത്തിനിടെ എന്‍വിഡിയ ഓഹരികള്‍ 9.3 ശതമാനത്തോളം ഇടിഞ്ഞു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവായിരുന്നു ഇത്.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് ഐടി ഓഹരികളില്‍ വില്‍പ്പന ശക്തമായത്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ സ്വാധീനം ലഭിച്ചതോടെ എഐ മേഖലയിലെ നിയന്ത്രണങ്ങള്‍ ശക്തമാകുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയില്‍ ഉയര്‍ന്നു. പ്രത്യേകിച്ച് ഡാറ്റാ സെന്ററുകളുടെ നിര്‍മാണത്തിനും വിപുലീകരണത്തിനും നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന വിലയിരുത്തലാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്.
എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കാനും വലിയ തോതില്‍ ഡാറ്റ കൈകാര്യം ചെയ്യാനും ഡാറ്റാ സെന്ററുകള്‍ അനിവാര്യമാണ്. ഇവയ്ക്കാവശ്യമായ അതിവേഗ ചിപ്പുകളും കമ്പ്യൂട്ടിങ് സംവിധാനങ്ങളും വിതരണം ചെയ്യുന്ന പ്രധാന കമ്പനിയാണ് എന്‍വിഡിയ. അതിനാല്‍ ഡാറ്റാ സെന്റര്‍ നിക്ഷേപങ്ങളില്‍ കുറവുണ്ടായാല്‍ കമ്പനിയുടെ വരുമാന വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയും ഓഹരിവിലയെ സമ്മര്‍ദത്തിലാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
