14 Jan 2026 9:24 PM IST
Summary
പ്രമുഖ ടിപ്പ്സ്റ്ററായ സ്മാർട് പിക്കാച്ചു പങ്കുവെച്ച പോസ്റ്റിലാണ് ഇയർബഡ്സ് നിർമാണ സൂചനകൾ
ചാറ്റ് ജിപിടി പിന്തുണയിൽ പ്രവർത്തിക്കുന്ന ആപ്പിൾ എയർപോഡുകളോടു മത്സരിക്കുന്ന ഒരു ഇയർബഡ്സ് ഓപ്പൺ എഐ നിർമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ടിപ്പ്സ്റ്ററായ സ്മാർട് പിക്കാച്ചു പങ്കുവെച്ച പോസ്റ്റിലാണ് ഇതിനെ സംബന്ധിച്ചുള്ള സൂചനകൾ. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഡിസൈൻ ആയിരിക്കും ഇതിനായി ജോണി ഐവ് ഒരുക്കുന്നതെന്ന് പോസ്റ്റിൽ പറയുന്നു.
‘സ്വീറ്റ്പീ’ (Sweetpea) എന്ന് രഹസ്യനാമം നൽകിയിരിക്കുന്ന ഈ ഇയർബഡ്‌സിനൊപ്പം, ലോഹത്തിൽ നിർമിച്ച മുട്ടയുടെ ആകൃതിയിലുള്ള ഒരു പ്രധാന ഉപകരണം കൂടി ഉണ്ടായേക്കുമെന്ന് സ്മാർട് പിക്കാച്ചു പറയുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഈ ഉപകരണത്തിനുള്ളിൽ സെറാമിക് നിർമ്മിതമായ രണ്ട് ഗുളികരൂപത്തിലുള്ള ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്നും ഇവ വയർലെസ് ഇയർബഡ്‌സുകളെപ്പോലെ മാറ്റി വെക്കാവുന്നതും ലിഥിയം അയൺ സെല്ലുകൾ അടങ്ങിയതുമായിരിക്കുമെന്നും കരുതപ്പെടുന്നു.
സാംസങ്ങിന്റെ എക്‌സിനോസ് ബ്രാൻഡിന് കീഴിലുള്ള "2nm സ്മാർട്ട്‌ഫോൺ സ്റ്റൈൽ ചിപ്പ്" ആയിരിക്കും പൂർണമായും ശബ്ദാധിഷ്ഠിതമായഈ ChatGPT ഉൽപ്പന്നത്തിന് കരുത്തുപകരുകയെന്നും ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. ഫോക്സ്കോണുമായി ചേർന്നായിരിക്കും ഈ ഉത്പന്നം നിർമിക്കുകയെന്നും ടിപ്പ്സ്റ്റർ പറയുന്നു. അതേസമയം ശബ്ദാധിഷ്ടിത എഐ മോഡലുകൾ മെച്ചപ്പെടുത്തുന്നതിനായി ഓപ്പൺ എഐ പ്രവർത്തിച്ചുവരികയാണെന്നും സൂചനയുണ്ട്.
ആപ്പിളിന്റെ മുൻ പ്രൊഡക്ട് ഡിസൈനർ ജോണി ഐവുമായി ഓപ്പൺ എഐ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നതാണ്. ഈ സഹകരണത്തിലൂടെ എഐ അധിഷ്ഠിതമായ ഒരു കൺസ്യൂമർ ഉത്പന്നം പുറത്തിറക്കാനാണ് ഓപ്പൺ എഐ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ .
പഠിക്കാം & സമ്പാദിക്കാം
Home
