image

12 March 2026 10:19 PM IST

Artificial Intelligence

ഓരോ ചോദ്യത്തിനും വലിയ വില നല്‍കേണ്ടിവരും! എഐ ജലക്ഷാമത്തിന് കാരണമാകുമോ?

Thulasi Prasad

ഓരോ ചോദ്യത്തിനും വലിയ വില നല്‍കേണ്ടിവരും! എഐ ജലക്ഷാമത്തിന് കാരണമാകുമോ?
X

Summary

മനുഷ്യന്റെ എഐ ഉപയോഗം കൂടുന്നതിനനുസരിച്ച് ഇതിനാവശ്യമായ ശുദ്ധജലത്തിന്റെ അളവും കൂടുന്നുണ്ട്


എഐ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിദിനം ഒരു തവണയെങ്കിലും എഐയുടെ സഹായം തേടാതെയോ, എഐയോട് സംസാരിക്കാതെയോ ചെയ്യാതെ ഉറങ്ങാത്തവരാണ് ഭൂരിഭാഗവും. ചാറ്റ് ജിപിടി, ഗൂഗിള്‍ ജെമിനൈ പോലുള്ള എഐ ആപ്പുകള്‍ വഴി ഫോട്ടോകള്‍ ജനറേറ്റ് ചെയ്യുന്നു, പാട്ട് കേള്‍ക്കുന്നു, സംശയങ്ങള്‍ ചോദിക്കുന്നു, നിമിഷങ്ങള്‍ക്കകം എഐ നിങ്ങളുടെ ആവശ്യം നിറവേറ്റുന്നു, അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍. എന്നാല്‍ ഈ ഓരോ ചോദ്യങ്ങള്‍ക്കും കൊടുക്കേണ്ടി വരുന്നത് ഭൂമിയുടെ വിലപ്പെട്ട സമ്പത്തായ വെള്ളമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

എഐയും വെള്ളവും തമ്മില്‍ എന്തുബന്ധം?

എഐ ടെക്‌നോളജിക്ക് പ്രവര്‍ത്തിക്കാന്‍ ധാരാളം ഊര്‍ജം ആവശ്യമാണ്. ഈ ഊര്‍ജം ഉല്പാദിപ്പിക്കുന്നത് ജലവൈദ്യുത പദ്ധതികളില്‍ നിന്നോ, അല്ലെങ്കില്‍ വെള്ളം ഉപയോഗിച്ച് തണുപ്പിക്കുന്ന താപവൈദ്യുത നിലയങ്ങളില്‍ നിന്നോ ആകാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വലിയ ഡാറ്റാ സെന്ററുകളിലാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കമ്പ്യൂട്ടറുകളും സെര്‍വറുകളും അടങ്ങിയ കെട്ടിടങ്ങളാണ് ഈ ഡാറ്റാ സെന്ററുകള്‍. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഒരു ചിത്രം നിര്‍മിക്കുമ്പോഴോ ഒരു ചോദ്യത്തിന് ഉത്തരം തേടുമ്പോഴോ ആയിരക്കണക്കിന് പ്രോസസറുകളാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്. ഇത് വലിയ തോതിലുള്ള താപം പുറത്തുവിടുന്നു. യന്ത്രങ്ങള്‍ ചൂടായി നശിച്ചുപോകാതിരിക്കാന്‍ ഡാറ്റാ സെന്ററുകളില്‍ 'കൂളിംഗ് ടവറുകള്‍' സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ നിരന്തരമായി വെള്ളം പമ്പ് ചെയ്താണ് ചൂട് കുറയ്ക്കുന്നത്. ഇടവേളയില്ലാതെ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവയെ തണുപ്പിക്കുന്നതിന് ധാരാളം ജലം ആവശ്യമാണ്. ഒരു ഡാറ്റാ സെന്ററിന് ഒരു ദിവസം ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ആവശ്യമായി വരും എന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശുദ്ധജലംതന്നെ വേണം

ഡാറ്റാ സെന്ററുകളിലെ പ്രവര്‍ത്തനത്തിന് ശുദ്ധജലം തന്നെ വേണം. റീസൈക്കിള്‍ ചെയ്ത വെള്ളം ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. കാരണം അത്തരം വെള്ളത്തിലെ ധാതുക്കള്‍ യന്ത്രങ്ങളില്‍ അടിഞ്ഞുകൂടി ലൈം സ്‌കെയില്‍ (Limescale) രൂപപ്പെടുകയും യന്ത്രങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ ശുദ്ധജലം തന്നെയാണ് ഇത്തരം കമ്പനികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. എഐയോട് 20 മുതല്‍ 50 ചോദ്യങ്ങള്‍ വരെ ചോദിക്കുമ്പോള്‍ ഏകദേശം അര ലിറ്ററോളം ശുദ്ധജലം ഡാറ്റാ സെന്ററുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന അതേ അളവ്. ലോകമെമ്പാടുമുള്ള മനുഷ്യര്‍ ദിവസവും ആയിരക്കണക്കിന് ചോദ്യം ചോദിക്കുമ്പോഴോ? എത്രത്തോളം വെള്ളം ഉപയോഗിക്കുന്നുണ്ടാകും എന്നത് നമ്മുടെ ഊഹങ്ങള്‍ക്കും അപ്പുറമാണ്.

പ്രത്യാഘാതം വലുതാകും

എഐയുടെ അധിവേഗ വളര്‍ച്ച കടുത്ത ശദ്ധുജല ക്ഷാമത്തിലേക്ക് വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മനുഷ്യന്റെ എഐ ഉപയോഗം കൂടുന്നതിനനുസരിച്ച് ഇതിനാവശ്യമായ ശുദ്ധജലത്തിന്റെ അളവും കൂടുന്നുണ്ട്. ഡാറ്റാ സെന്ററുകള്‍ സ്ഥിതിചെയ്യുന്ന മേഖലകളില്‍ കടുത്ത ശുദ്ധജല പ്രതിസന്ധി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലിഫോര്‍ണിയ പോലുള്ള ഇടങ്ങളില്‍ പോലും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളെ നിര്‍ജലീകരണാവസ്ഥയിലേക്കാണ് എഐയുടെ ഈ ദാഹം കൊണ്ടുചെന്നെത്തിക്കുന്നത്. ഒരുകാലത്ത് തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ബെംഗളൂരു ഇപ്പോള്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്. നിലവിലുള്ള പ്രതിദിനം ഏകദേശം 8 ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ബെംഗളൂരു നഗരത്തിലെ കുടിവെള്ളത്തിന്റെ 35 ശതമാനം വരെ ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പ്രകാരം, 2028 ആകുമ്പോഴേക്കും ഡാറ്റാ സെന്ററുകളിലെ ജല ഉപയോഗം 11 മടങ്ങ് വര്‍ധിക്കും. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പോലും ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് വലിയ ആശങ്കയ്ക്ക് വര്‍ധിപ്പിക്കുന്നു. ഗൂഗിള്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന വെള്ളം അമേരിക്കയിലെ ഏകദേശം 41 ഗോള്‍ഫ് കോഴ്‌സുകള്‍ നനയ്ക്കാന്‍ ആവശ്യമായ അത്രയുമുണ്ട്. പല കമ്പനികളും ജലസംരക്ഷണ പദ്ധതികളെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും, വെള്ളം ഉപയോഗിക്കുന്ന അതേ സ്ഥലങ്ങളില്‍ ഇവ നടപ്പിലാക്കാറില്ല എന്നത് മറ്റൊരു തിരിച്ചടിയാണ്. ചുരുക്കത്തില്‍, ഓരോ എഐ സെര്‍ച്ചും കുടിച്ചു തീര്‍ക്കുന്നത് വരുംതലമുറയുടെ ശുദ്ധജലം കൂടിയാണ്. എഐ സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം ഇരട്ടിയായി വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല.