image

9 Nov 2026 12:16 PM IST

Artificial Intelligence

കോളനി തകര്‍ത്ത് കരിവണ്ടുകള്‍; വിപണിയില്‍ വ്യാജനും! വയനാടന്‍ കര്‍ഷകര്‍ക്ക് കഷ്ടകാലം

MyFin Desk

കോളനി തകര്‍ത്ത് കരിവണ്ടുകള്‍; വിപണിയില്‍ വ്യാജനും! വയനാടന്‍ കര്‍ഷകര്‍ക്ക് കഷ്ടകാലം
X

Summary

പ്രകൃതിദത്ത തേനിന്റെ മണവും രുചിയും സീസണിനും തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്ന പൂക്കള്‍ക്കും അനുസരിച്ച് മാറും.


വയനാട്ടിലെ തേന്‍ കര്‍ഷകര്‍ നേരിടുന്നത് ഇരട്ട പ്രതിസന്ധി. തേനീച്ചക്കോളനികളെ നശിപ്പിക്കുന്ന അധിനിവേശ ഹൈവ് ബീറ്റില്‍ കീടങ്ങളുടെ ആക്രമണവും 'വയനാടന്‍ തേന്‍' എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങളുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. കീടങ്ങളുടെ ആക്രമണം തേന്‍ ഉല്‍പ്പാദനത്തെ ബാധിക്കുമ്പോള്‍, വ്യാജ തേന്‍ യഥാര്‍ഥ ഉല്‍പ്പാദകരുടെ വിപണിയെയും വിശ്വാസ്യതയെയും തകർക്കുന്നു.

കോളനികൾ നശിപ്പിച്ച് ഹൈവ് ബീറ്റിലുകള്‍

തേനീച്ചക്കൂടുകള്‍ക്കുള്ളില്‍ മുട്ടയിടുന്ന ഹൈവ് ബീറ്റില്‍ കീടങ്ങളുടെ ലാര്‍വകള്‍ കൂടിനുള്ളിലെ മെഴുകും തേനും ഭക്ഷണമാക്കുന്നു. വളരുന്നതിനനുസരിച്ച് ഇവ തേനീച്ചക്കൂടിന്റെ ഘടനയ്ക്ക് കേടുപാടുകള്‍ വരുത്തുകയും തേന്‍ മലിനമാക്കുകയും ചെയ്യുന്നു. ഇത് തേന്‍ പുളിക്കുന്നതിനും കാരണമാകാം. തേനീച്ചക്കൂടില്‍ നിന്ന് തേന്‍ ചോര്‍ന്നൊലിക്കുന്നത് കീടബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

തേനീച്ചക്കോളനികളുടെ ശക്തി നിലനിര്‍ത്തുകയാണ് കീടബാധ തടയാനുള്ള പ്രധാന മാര്‍ഗമെന്ന് വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രസിഡന്റ് കൃഷ്ണന്‍ പറയുന്നു. തേനീച്ചകളുടെ എണ്ണം കുറവുള്ള കോളനികളെയാണ് ഇത്തരം കീടങ്ങള്‍ പ്രധാനമായും ആക്രമിക്കുക. മഴക്കാലത്ത് തേനീച്ചകള്‍ക്ക് പഞ്ചസാര ലായനി നല്‍കുന്നത് കോളനിയുടെ ശക്തി നിലനിര്‍ത്താന്‍ സഹായിക്കും. ഇതുവഴി തേനീച്ചകള്‍ കൂട് ഉപേക്ഷിച്ചുപോകുന്നത് തടയാനും കീടബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിപണി കീഴടക്കുന്ന വ്യാജന്‍

കീടബാധയ്‌ക്കൊപ്പം വിപണിയിലെ വ്യാജ തേന്‍ വില്‍പനയും കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ്. 'വയനാടന്‍ തേന്‍' എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ യഥാര്‍ഥ തേന്‍ കര്‍ഷകരുടെ വിശ്വാസ്യതയെ ബാധിക്കുന്നു. ചില വില്‍പ്പനക്കാന്‍ തുളസിയില്‍ നിന്നും മുരിങ്ങപ്പൂവില്‍ നിന്നും ശേഖരിച്ച തേന്‍ എന്ന പേരില്‍ ചില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഇവയ്ക്ക് ഔഷധഗുണവും പ്രത്യേക മണവും ഉണ്ടെന്നാണ് വില്‍പ്പനക്കാരുടെ അവകാശവാദം.

എന്നാല്‍ വയനാട്ടില്‍ തുളസിയുടെയും മുരിങ്ങയുടെയും വിപുലമായ കൃഷിയിടങ്ങളില്ലാത്ത സാഹചര്യത്തില്‍ ഇത്രയധികം പൂക്കളില്‍ നിന്ന് തേനീച്ചകള്‍ക്ക് തേന്‍ ശേഖരിക്കാനാകുമോ എന്ന സംശയവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരം അവകാശവാദങ്ങള്‍ വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ പിന്നീട് യഥാര്‍ഥ വയനാടന്‍ തേനിനെയും സംശയത്തോടെ കാണാന്‍ ഇടയാകുന്നു. ഇത് വയനാട്ടിലെ യഥാര്‍ത്ഥ തേന്‍ കര്‍ഷകരുടെ വിശ്വാസ്യത ഇല്ലാതാക്കുന്നു.

തേനില്‍ എസന്‍സുകള്‍ ചേര്‍ക്കുന്നു

പ്രകൃതിദത്ത തേനിന്റെ മണവും രുചിയും സീസണിനും തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്ന പൂക്കള്‍ക്കും അനുസരിച്ച് മാറും. ഓഫ് സീസണില്‍ പ്രത്യേക പൂക്കളില്‍ നിന്നുള്ള തേനെന്ന പേരില്‍ വില്‍ക്കുന്നതിനായി, ചില തേന്‍ ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക എസന്‍സുകള്‍ ചേര്‍ക്കുന്നുണ്ടാകാം എന്ന് ബിലീവ് വൈല്‍ഡ് സ്‌പൈസ് ഡിസ്ട്രിബ്യൂട്ടര്‍ സ്ഥാപകന്‍ അജ്മല്‍ സംശയം പ്രകടിപ്പിക്കുന്നു.

കീടബാധയും വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനവും ഒരേസമയം നേരിടേണ്ടിവരുന്നത് വയനാട്ടിലെ യഥാര്‍ഥ തേന്‍ കര്‍ഷകരുടെ ഉപജീവനത്തിനും പ്രാദേശിക തേനിന്റെ വിപണി വിശ്വാസ്യതയ്ക്കും വെല്ലുവിളിയാകുകയാണ്.