19 Dec 2025 8:43 PM IST
New smartphone rate Increase: പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ശ്രദ്ധിക്കുക: 2026-ഓടെ ഫോണുകളുടെ വില ഉയരും
MyFin Desk
Summary
മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയരും
പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ശ്രദ്ധിക്കുക. വരും വര്‍ഷങ്ങള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി നിറഞ്ഞതാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2026-ഓടെ ഫോണുകളുടെ വില ഉയരാനും, അതേസമയം റാം പോലുള്ള ഫോണിന്റെ പ്രധാന സവിശേഷതകള്‍ കുറയാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയരുന്നതാണ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളെ പുതിയ വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇന്ത്യ പോലുള്ള സെന്‍സിറ്റീവ് വിപണികളില്‍ നിരന്തരം വില വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍, ചില കമ്പനികള്‍ ഫോണുകളിലെ റാം കുറച്ച് ചെലവ് നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2026-ഓടെ 16 ജിബി റാം ഉള്ള സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ലാഭം നിലനിര്‍ത്താന്‍ ബ്രാന്‍ഡുകള്‍ വില കൂട്ടുകയോ സവിശേഷതകള്‍ കുറക്കുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, 12 ജിബി റാം ഫോണുകളുടെ ഉത്പാദനം 40 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്. അവയ്ക്ക് പകരം 6 ജിബി, 8 ജിബി മോഡലുകള്‍ വിപണിയില്‍ കൂടുതലായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരുകാലത്ത് പഴകിയതായി കണക്കാക്കിയ 4 ജിബി റാം ഫോണുകള്‍ പോലും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.
2026-ല്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2.1 ശതമാനം കുറയാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് 200 ഡോളറില്‍ താഴെ വിലയുള്ള ബജറ്റ് ഫോണുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ എം.എസ്. ഹ്വാങ് വ്യക്തമാക്കി. റാം ക്ഷാമം സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രമല്ല, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ബാധിക്കും. ഡെല്‍, ലെനോവോ പോലുള്ള കമ്പനികള്‍ 15 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ പല സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും നിലവിലെ മോഡലുകളുടെ വില കൂട്ടാനും സാധ്യതയുണ്ട്. ലോകമാകെ ഉയര്‍ന്നുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ആവശ്യങ്ങളാണ് റാം ക്ഷാമത്തിന് പിന്നിലെ പ്രധാന കാരണം. ഓപ്പണ്‍എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികള്‍ വലിയ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതോടെ, ചിപ്പ് നിര്‍മ്മാതാക്കള്‍ എഐ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇതാണ് സ്മാര്‍ട്ട്ഫോണ്‍-പിസി നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
