image

27 Feb 2026 8:30 PM IST

Technology

ബെംഗളൂരു ടെക്കിയുടെ 'എഐ കിഡ്നാപ്പിംഗ്'; ബോറടിച്ചാല്‍ ഒരു ബട്ടണ്‍ അമര്‍ത്തും, പിന്നെ സംഭവിക്കുന്നത്!

MyFin Desk

ബെംഗളൂരു ടെക്കിയുടെ എഐ കിഡ്നാപ്പിംഗ്;   ബോറടിച്ചാല്‍ ഒരു ബട്ടണ്‍ അമര്‍ത്തും, പിന്നെ സംഭവിക്കുന്നത്!
X

Summary

സംഗതി കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നുമെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പൈത്തണ്‍ കോഡിംഗും ചേര്‍ത്തുവെച്ചുള്ള പങ്കജിന്റെ ഈ ബുദ്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്


വാരാന്ത്യങ്ങളിലെ വിരസത മാറ്റാന്‍ നമ്മളില്‍ പലരും സിനിമ കാണാനോ ഫോണില്‍ നോക്കിയിരിക്കാനോ ആണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ബെംഗളൂരുവിലെ പങ്കജ് എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കണ്ടെത്തിയ വഴി ആരെയും അമ്പരപ്പിക്കും. ബോറടിക്കുമ്പോള്‍ തന്നെത്തന്നെ 'തട്ടിക്കൊണ്ടുപോകാന്‍' (Self-Kidnap) സഹായിക്കുന്ന ഒരു ബട്ടണ്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. സംഗതി കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നുമെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പൈത്തണ്‍ കോഡിംഗും ചേര്‍ത്തുവെച്ചുള്ള പങ്കജിന്റെ ഈ ബുദ്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

സത്യത്തില്‍ എന്താണ് ഈ ബട്ടണ്‍ ചെയ്യുന്നത്? ബോറടിക്കുമ്പോള്‍ പങ്കജ് ഈ ബട്ടണില്‍ ഒന്ന് അമര്‍ത്തും. ഉടന്‍ തന്നെ ഒരു എഐ ഏജന്റ് സജീവമാവുകയും ബെംഗളൂരു നഗരത്തിലെ അജ്ഞാതമായ, എന്നാല്‍ രസകരമായ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് സ്വയം ഒരു ഊബര്‍ ബുക്ക് ചെയ്യുകയും ചെയ്യും. ഈ കണ്ടുപിടുത്തത്തിന് പിന്നില്‍ ഒരു 'റാസ്പ്ബെറി പൈ' മൈക്രോ കമ്പ്യൂട്ടറും കുറച്ച് പൈത്തണ്‍ സ്‌ക്രിപ്റ്റുകളുമാണ് ഉള്ളതെന്ന് പങ്കജ് വെളിപ്പെടുത്തി. എങ്ങോട്ടാണ് യാത്രയെന്ന് ഡ്രൈവര്‍ വരുമ്പോള്‍ മാത്രമാണ് പങ്കജ് അറിയുന്നത്അതുകൊണ്ടാണ് ഇതിനെ അദ്ദേഹം 'സ്വയം തട്ടിക്കൊണ്ടുപോകല്‍' എന്ന് വിളിക്കുന്നത്.

യാത്രയ്ക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് വെറുതെയല്ല. ഒരു ചെറിയ എഐ ഏജന്റ്, ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് സഹായത്തോടെ പങ്കജിന്റെ താല്‍പ്പര്യങ്ങള്‍ വിശകലനം ചെയ്താണ് ലക്ഷ്യസ്ഥാനം കണ്ടെത്തുന്നത്. 'ഇതുവരെ 11 തവണ ഞാന്‍ ഈ ബട്ടണ്‍ അമര്‍ത്തി, ഒരിക്കല്‍ പോലും നിരാശനാകേണ്ടി വന്നിട്ടില്ല,' പങ്കജ്

എക്‌സില്‍ കുറിച്ചു. ഏറ്റവും ഒടുവില്‍ ഈ ബട്ടണ്‍ പങ്കജിനെ എത്തിച്ചത് ശിവാജിനഗറിലെ 110 വര്‍ഷം പഴക്കമുള്ള ഒരു ഗുസ്തി കളരിയിലേക്കാണ് (Wrestling Pit). എന്ത് സംഭവിക്കുമെന്ന് അറിയില്ലെങ്കിലും ആവേശത്തോടെ അദ്ദേഹം ഓരോ യാത്രയും ആസ്വദിക്കുന്നു.

പങ്കജിന്റെ ഈ പരീക്ഷണം വൈറലായതോടെ വിചിത്രമായ പല നിര്‍ദ്ദേശങ്ങളുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും എത്തി. ഓരോ തവണ ബട്ടണ്‍ അമര്‍ത്തുമ്പോഴും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനുള്ള 'ഫുഡ് മോഡ്' കൂടി ഉള്‍പ്പെടുത്താന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അത് ഉടന്‍ നടപ്പിലാക്കാമെന്ന് പങ്കജ് ഉറപ്പുനല്‍കി. ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കുകള്‍ക്കിടയിലും ജീവിതം എങ്ങനെ അപ്രതീക്ഷിതവും ആവേശകരവുമാക്കാം എന്ന് കാണിച്ചുതരികയാണ് ഈ യുവ ടെക്കി.