20 Dec 2025 7:03 PM IST
Summary
രാജ്യസുരക്ഷാ ആശങ്കകൾക്ക് ഇതോടെ അവസാനമാകും
ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങളുടെ ഭൂരിഭാഗം നിയന്ത്രണം ഒറാക്കിളിന്റെ നേതൃത്വത്തിലുള്ള ഒരു യുഎസ് നിക്ഷേപക സംഘത്തിന് കൈമാറുന്നതിന് ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് കരാറൊപ്പിട്ടതായാണ് റിപ്പോർട്ട്. ഏറെകാലമായി യുഎസ് ഉയർത്തുന്ന രാജ്യസുരക്ഷാ ആശങ്കകൾക്ക് ഇതോടെ അവസാനമാകും. യുഎസിലെ ടിക് ടോക്കിന്റെ നിയന്ത്രണം ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറിയില്ലെങ്കിൽ നിരോധനം നേരിടണം എന്നായിരുന്നു യുഎസിന്റെ നിലപാട്.
2024 മുതൽ ഈ വിലക്ക് ഭീഷണിയിലായിരുന്നു ടിക് ടോക്ക്. അമേരിക്കൻ കമ്പനികളും മറ്റ് ആഗോള കമ്പനികളും പങ്കാളികളായ നിക്ഷേപക സംഘമാണ് ടിക് ടോക്കിന്റെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുക്കുന്നത്. പുതിയ കരാർ അനുസരിച്ച് ഒരു പുതിയ സംയുക്ത സംരംഭം രൂപീകരിക്കും. ഇതിൽ 50 ശതമാനത്തിലേറെ ഓഹരി ഓറാക്കിളിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലഭിക്കും. ഒപ്പം സിൽവർ ലേക്ക് എന്ന സ്ഥാപനവും അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ എംജിഎക്‌സും പങ്കാളികളാവും.
ബൈറ്റ്ഡാൻസിന് 19.9 ശതമാനം ഓഹരി മാത്രമാണ് ഉണ്ടാവുക. ബാക്കിയുള്ള ഓഹരിപങ്കാളിത്തം ബൈറ്റ്ഡാൻസുമായി ബന്ധമുള്ള മറ്റ് നിക്ഷേപകരിൽ നിലനിൽക്കുകയും ചെയ്യും. 2026 ജനുവരി 22 ന് ഈ കരാർ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കടത്തുന്നത് മുതൽ രഹസ്യ നിരീക്ഷണം വരെയുള്ള ആശങ്കകൾ ഉന്നയിച്ചാണ് യുഎസ് ടിക് ടോക്കിനെതിരെ രംഗത്തുവന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
