image

14 Aug 2023 6:47 AM GMT

Technology

ചാറ്റ്ജിപിടിക്ക് പ്രതിദിന ചെലവ് 5.8 കോടി രൂപ; ഓപ്പണ്‍ എഐ 2024-ല്‍ പാപ്പരാകുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

ChatGPT Costs Rs 5.80 Crore Daily, Maker May Go Bankrupt In 2024
X

Summary

  • ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കാനായി 5.8 കോടി രൂപയോളം പ്രതിദിനം ചെലവ്
  • ജൂണ്‍ മാസം ചാറ്റ്ജിപിടി 1.7 ബില്യന്‍ പേരാണ് ഉപയോഗിച്ചത്
  • മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്ന നിക്ഷേപമാണു ഓപ്പണ്‍ എഐയെ ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്


ലോകശ്രദ്ധ പിടിച്ചുപറ്റിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ 2024-ല്‍ പാപ്പരാകുമെന്ന് റിപ്പോര്‍ട്ട്.

ചാറ്റ്ജിപിടിക്ക് വേണ്ടിവരുന്ന വലിയ പ്രവര്‍ത്തനച്ചെലവാണു കാരണം. ഈ വര്‍ഷം ഏപ്രിലില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ സൂചിപ്പിച്ചത് ഓപ്പണ്‍ എഐക്ക് പ്രതിദിനം ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കാനായി 5.8 കോടി രൂപയോളം ചെലവ് വരുന്നുണ്ടെന്നായിരുന്നു. ഈ ചെലവ് വഹിക്കുന്നത് നിക്ഷേപകരായ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളുമാണ്.

സാം ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ ഉടന്‍ ലാഭത്തിലായില്ലെങ്കില്‍ നിക്ഷേപകരായ മൈക്രോസോഫ്റ്റും മറ്റ് കമ്പനികളും പിന്മാറാന്‍ സാധ്യത കൂടുതലാണെന്ന് അനലറ്റിക്‌സ് ഇന്ത്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 നവംബറിലാണു ചാറ്റ്ജിപിടി ലോഞ്ച് ചെയ്തത്. ചാറ്റ് ജിപിടിയുടെ യൂസര്‍ ബേസില്‍ ജൂണില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ജുലൈയിലും യൂസര്‍ ബേസില്‍ വന്‍തോതില്‍ ഇടിവുണ്ടായി.

ജൂണ്‍ മാസം ചാറ്റ്ജിപിടി 1.7 ബില്യന്‍ പേരാണ് ഉപയോഗിച്ചത്. എന്നാല്‍ ജുലൈയില്‍ ഇത് 1.5 ബില്യനായി കുറഞ്ഞു. 12 ശതമാനത്തിന്റെ ഇടിവ്.

മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്ന 10 ബില്യന്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണു ഓപ്പണ്‍ എഐയെ ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. 2024 അവസാനത്തോടെ 1 ബില്യന്‍ ഡോളര്‍ വരുമാനം കണ്ടെത്താനാകുമെന്നാണ് ഓപ്പണ്‍ എഐ കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഓപ്പണ്‍ എഐക്കു സാധിക്കില്ലെന്നാണ് അനലറ്റിക്‌സ് ഇന്ത്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാരണം കമ്പനിയുടെ നഷ്ടം കൂടി വരികയാണ്. ഓപ്പണ്‍ എഐ ചാറ്റ്ജിപിടി വികസിപ്പിക്കാന്‍ തുടങ്ങിയതു മുതല്‍ 2023 മെയ് മാസം വരെ കമ്പനിയുടെ നഷ്ടം 540 മില്യന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

'മിക്ക കമ്പനികളും ജോലി ആവശ്യങ്ങള്‍ക്കായി ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതില്‍നിന്ന് ജീവനക്കാരെ വിലക്കുന്നുണ്ട്. ഇതായിരിക്കാം ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടാകാനുള്ള കാരണമെന്ന് ഒരാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (മുന്‍പ് ട്വിറ്റര്‍) ചൂണ്ടിക്കാണിച്ചു.

ഓപ്പണ്‍ എഐ നേരിടുന്ന മറ്റൊരു വെല്ലുവിളി ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റിന്റെ (ജിപിയു) ക്ഷാമമാണ്.

വിപണിയില്‍ ജിപിയുകളുടെ അഭാവം പുതിയ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ ശേഷിയെ ബാധിച്ചതായി സാം ആള്‍ട്ട്മാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

അധികം താമസിയാതെ ഓപ്പണ്‍ എഐക്ക് ഇലോണ്‍ മസ്‌ക്കും വെല്ലുവിളി തീര്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സമീപകാലത്ത് ചാറ്റിജിപിടിക്ക് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്നു മസ്‌ക് പറഞ്ഞിരുന്നു.