image

25 Nov 2026 2:40 PM IST

Technology

മൈക്രോസോഫ്റ്റിൽ 'കോഡ് റെഡ്'; ഇനി ഒരു മണിക്കൂറിനകം ആഗോള സേവന തടസങ്ങൾക്ക് പരിഹാരം

MyFin Desk

microsoft declares code red
X

Summary

ആഗോള സേവന തടസത്തിന് പിന്നാലെ അടിയന്തര നടപടി


36 മണിക്കൂറോളം നീണ്ട ആഗോള സേവന തടസം മൈക്രോസോഫ്റ്റിന് വലിയ മുന്നറിയിപ്പായിരിക്കുകയാണ്. സമാനമായ പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ 'കോഡ് റെഡ്' പ്രഖ്യാപിച്ച കമ്പനി, ഭാവിയിൽ സേവന തടസങ്ങളുണ്ടായാൽ ഒരു മണിക്കൂറിനുള്ളിൽ പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്.

ആഗോള സേവന തടസത്തിന് പിന്നാലെ അടിയന്തര നടപടി

മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ 36 മണിക്കൂറോളം തടസപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കമ്പനിയുടെ നിർണായക നീക്കം. പ്രതിസന്ധി ഘട്ടങ്ങളിലെ പ്രതികരണ സംവിധാനങ്ങളും എൻജിനീയറിങ് പ്രവർത്തന രീതികളും സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് 'കോഡ് റെഡ്' പ്രഖ്യാപിച്ചത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, സേവന തടസങ്ങൾ ആവർത്തിക്കാതിരിക്കുക മാത്രമല്ല, ഇത്തരം സാഹചര്യങ്ങളിൽ അതിവേഗം ഇടപെടാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

നവംബർ 12, 13 തീയതികളിലുണ്ടായ തടസം ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും ബാധിച്ചിരുന്നു. വിമാനക്കമ്പനികളുടെ ആശയവിനിമയ സംവിധാനങ്ങൾക്കുപോലും തടസം നേരിട്ടു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത ഇമെയിൽ സേവനമായ എക്‌സ്‌ചേഞ്ച് ഓൺലൈൻ, ഔട്ട്‌ലുക്ക്, ടീംസ്, കോപൈലറ്റ് എഐ അസിസ്റ്റന്റ് തുടങ്ങി മൈക്രോസോഫ്റ്റ് 365 സേവനങ്ങളാണ് പ്രധാനമായും ബാധിക്കപ്പെട്ടത്.

എൻജിനീയറിങ് സംവിധാനങ്ങളിൽ അടിമുടി മാറ്റം

സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല കമ്പനിയുടെ പുതിയ നീക്കം. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിലവിലെ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി എൻജിനീയറിങ് ടീമുകളുടെ പ്രവർത്തന രീതികളിലും അടിയന്തര പ്രതികരണ സംവിധാനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും. സേവനം പുനഃസ്ഥാപിക്കപ്പെട്ടാലും കമ്പനിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും സംഭവത്തിൽനിന്ന് പഠിച്ച പാഠങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണെന്നും മൈക്രോസോഫ്റ്റ് വക്താവ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. ഈ പ്രവർത്തനങ്ങൾക്ക് കമ്പനി നേതൃത്വം ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറിനുള്ളിൽ പരിഹാരം; എഐ ഏജന്റുകളും രംഗത്ത്

ഭാവിയിൽ സമാനമായ തടസങ്ങൾ ഉണ്ടായാൽ ഒരു മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ പരിഹാരം കാണുകയാണ് മൈക്രോസോഫ്റ്റിന്റെ പ്രധാന ലക്ഷ്യം. ഇതിനായി അടിയന്തര നടപടികളുടെ വിശദമായ രൂപരേഖ കമ്പനി തയ്യാറാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും അവയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും എൻജിനീയർമാരെ സഹായിക്കാൻ എഐ ഏജന്റുകളെ വിന്യസിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ സമയം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സേവന തടസങ്ങൾ ഉണ്ടായശേഷം പരിഹരിക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം തടസങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ക്ലൗഡ് സേവനങ്ങളെയും എഐ സംവിധാനങ്ങളെയും ആശ്രയിക്കുന്ന ആഗോള സ്ഥാപനങ്ങൾക്ക് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം ഏറെ നിർണായകമാണ്.