image

13 March 2026 5:15 PM IST

Technology

ഡ്രൈവിംഗ് ഇനി വീഡിയോ ഗെയിം പോലെ; ഗൂഗിള്‍ മാപ്സ് മാറുന്നു, ഒരു ജെമിനി വിപ്ലവം!

MyFin Desk

ഡ്രൈവിംഗ് ഇനി വീഡിയോ ഗെയിം പോലെ;   ഗൂഗിള്‍ മാപ്സ് മാറുന്നു, ഒരു ജെമിനി വിപ്ലവം!
X

Summary

റോബോട്ടിക് ശൈലിയിലുള്ള വോയ്സ് ഗൈഡന്‍സിന് ഗൂഗിള്‍ വിട നല്‍കുകയാണ്. ഇനി മുതല്‍ ഒരു സുഹൃത്ത് കൂടെയിരുന്ന് വഴി പറഞ്ഞുതരുന്നത് പോലെ മാപ്പ് നിങ്ങളോട് സംസാരിക്കും


നിങ്ങളുടെ ഡ്രൈവിംഗ് അനുഭവം ഇനി ഒരു ഹൈ-ഡെഫനിഷന്‍ വീഡിയോ ഗെയിമിന് സമാനമാകും. ഗൂഗിള്‍ മാപ്സ് അവതരിപ്പിക്കുന്ന 'ഇമ്മേഴ്സീവ് വ്യൂ' വഴി റോഡുകളും കെട്ടിടങ്ങളും മേല്‍പ്പാലങ്ങളും കൃത്യമായ 3ഡി കാഴ്ചകളായി തത്സമയം സ്‌ക്രീനില്‍ തെളിയും. കോടിക്കണക്കിന് സ്ട്രീറ്റ് വ്യൂ ചിത്രങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കോര്‍ത്തിണക്കിയാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. മഴയോ മഞ്ഞോ ട്രാഫിക് തടസ്സങ്ങളോ ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി കണ്ട് യാത്ര പ്ലാന്‍ ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.

വഴിതെറ്റില്ല, 'സ്മാര്‍ട്ട് സൂം' കാവലുണ്ട്

സങ്കീര്‍ണ്ണമായ ഫ്‌ലൈഓവറുകളിലും ജംഗ്ഷനുകളിലും ലെയ്ന്‍ മാറിപ്പോകുമെന്ന പേടി ഇനി വേണ്ട. പുതിയ 'സ്മാര്‍ട്ട് സൂം' സംവിധാനത്തിലൂടെ ഓരോ ലെയ്നുകളും ട്രാഫിക് സിഗ്‌നലുകളും സ്റ്റോപ്പ് സൈനുകളും മാപ്പില്‍ തെളിഞ്ഞുനില്‍ക്കും. ഉയരമുള്ള കെട്ടിടങ്ങള്‍ക്കിടയിലൂടെ വരാനിരിക്കുന്ന തിരിവുകള്‍ മുന്‍കൂട്ടി കാണാന്‍ സഹായിക്കുന്ന സുതാര്യമായ ഓവര്‍ലേകള്‍ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുന്നു. അവസാന നിമിഷം ലെയ്ന്‍ മാറുന്ന സാഹചര്യം ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ സുരക്ഷിതമായ യാത്ര ഇത് ഉറപ്പാക്കുന്നു.

യന്ത്രമല്ല, കൂടെയുള്ളത് ഒരു സുഹൃത്ത്

റോബോട്ടിക് ശൈലിയിലുള്ള വോയ്സ് ഗൈഡന്‍സിന് ഗൂഗിള്‍ വിട നല്‍കുകയാണ്. ഇനി മുതല്‍ ഒരു സുഹൃത്ത് കൂടെയിരുന്ന് വഴി പറഞ്ഞുതരുന്നത് പോലെ മാപ്പ് നിങ്ങളോട് സംസാരിക്കും. '500 മീറ്റര്‍ കഴിഞ്ഞ് ഇടത്തോട്ട് തിരിയുക' എന്നതിന് പകരം, 'ഈ ജംഗ്ഷന്‍ കഴിഞ്ഞ് അടുത്തത് തിരിയുക' അല്ലെങ്കില്‍ 'ആ വലിയ വെള്ളക്കെട്ടിന് മുന്‍പായി വലത്തോട്ട് തിരിയുക' എന്നിങ്ങനെ സാഹചര്യത്തിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളാകും ലഭിക്കുക. ടോള്‍ നിരക്കുകളെക്കുറിച്ചും എളുപ്പവഴികളെക്കുറിച്ചുമുള്ള തത്സമയ വിവരങ്ങളും ഇതിലൂടെ ലഭ്യമാകും

ചോദിക്കാം 'ആസ്‌ക് മാപ്സിനോട്'

യാത്രയ്ക്കിടയില്‍ എന്തിനും ഏതിനും സഹായത്തിന് 'ആസ്‌ക് മാപ്സ്' എന്ന എഐ ചാറ്റ് ബോട്ട് ഒപ്പമുണ്ടാകും. 'തിരക്ക് കുറഞ്ഞ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റ് എവിടെയാണ്?' എന്നോ 'അടുത്തുള്ള ഏറ്റവും നല്ല കോഫി ഷോപ്പ് ഏതാണ്?' എന്നോ നിങ്ങള്‍ക്ക് ചോദിക്കാം. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് വ്യക്തിഗതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഈ ഫീച്ചര്‍, ഗൂഗിള്‍ മാപ്സിനെ വെറുമൊരു വഴികാട്ടി എന്നതില്‍ നിന്ന് നിങ്ങളുടെ ബുദ്ധിമാനായ ഒരു യാത്രാ പങ്കാളിയായി മാറ്റുകയാണ്.