image

2 Nov 2026 12:20 PM IST

Technology

AI സാമ്രാജ്യത്തിനായി വമ്പൻ റിയൽ എസ്റ്റേറ്റ് നീക്കം-ഒരു ഗ്രാമം മുഴുവൻ സ്വന്തമാക്കാൻ ഇലോൺ മസ്‌ക്

MyFin Desk

AI സാമ്രാജ്യത്തിനായി വമ്പൻ റിയൽ എസ്റ്റേറ്റ് നീക്കം-ഒരു ഗ്രാമം മുഴുവൻ സ്വന്തമാക്കാൻ ഇലോൺ മസ്‌ക്
X

Summary

മിസിസിപ്പിയിലെ xAI സൂപ്പർകമ്പ്യൂട്ടർ ഡാറ്റാ സെന്ററിന് സമീപമുള്ള കൊളോണിയൽ ഹിൽസിലെ 418 വീടുകൾ ഏറ്റെടുക്കാൻ മസ്‌കിന്റെ നീക്കം. ശബ്ദമലിനീകരണ കേസുകൾക്കിടെ വൻ റിയൽ എസ്റ്റേറ്റ് ഇടപാട്.


നിയമക്കുരുക്കുകളിൽ വീഴ്ത്താൻ നോക്കിയ നാട്ടുകാർക്ക് വൻ ഓഫറുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌ക്. അമേരിക്കയിലെ മിസിസിപ്പിയിലുള്ള തന്റെ xAI സൂപ്പർകമ്പ്യൂട്ടർ ഡാറ്റാ സെന്ററിന് സമീപമുള്ള 418 വീടുകൾ ഒന്നിച്ച് വിലയ്‌ക്കുവാങ്ങാനാണ് മസ്‌ക് ഇപ്പോൾ വമ്പൻ റിയൽ എസ്റ്റേറ്റ് നീക്കം നടത്തുന്നത്. കൊളോണിയൽ ഹിൽസ് എന്ന ഈ പ്രദേശം മുഴുവൻ വിലയ്‌ക്കെടുക്കുന്നതിലൂടെ ഒരു ജനവാസ മേഖലയെത്തന്നെ തന്റെ ടെക് സാമ്രാജ്യത്തിന്റെ ഭാഗമാക്കാനാണ് മസ്‌കിന്റെ പുറപ്പാട്.

ലളിതമായ ഒരു ഭൂമിയിടപാടിനപ്പുറം, തന്റെ ഡാറ്റാ സെന്ററുകൾക്ക് നേരെ ഉയർന്നുവന്ന വലിയൊരു നിയമപോരാട്ടത്തെ പണംകൊണ്ട് അടിച്ചമർത്താനുള്ള തന്ത്രപരമായ നീക്കമാണിത്. മസ്‌കിന്റെ അതിവേഗ AI ചാറ്റ്‌ബോട്ടായ ഗ്രോക്കിന് കരുത്തുപകരുന്ന കൊളോസസ് സൂപ്പർകമ്പ്യൂട്ടർ പ്ലാന്റിലെ ഭീമൻ ഗ്യാസ് ടർബൈനുകളിൽ നിന്നുള്ള കടുത്ത ശബ്ദം കാരണം ജീവിക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാർ കോടതിയെ സമീപിച്ചിരുന്നു. വിമാനത്താവളത്തിന് സമാനമായ ഈ വൻ ശബ്ദത്തെച്ചൊല്ലിയുള്ള കേസുകളിൽ നിന്ന് പൂർണ്ണമായി പിന്മാറണം എന്ന ഒറ്റ നിബന്ധനയിലാണ് മസ്‌കിന്റെ കമ്പനി ഇപ്പോൾ വീട്ടുടമകൾക്ക് മുന്നിൽ ആകർഷകമായ ഓഫർ വെച്ചിരിക്കുന്നത്.

'MZX' എന്ന ഉപസ്ഥാപനം വഴി അതീവ രഹസ്യമായി തുടങ്ങിയ ഈ നീക്കം ഇതിനകം തന്നെ ലക്ഷ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക രേഖകൾ പ്രകാരം ഒക്ടോബർ ആദ്യം മുതൽ തന്നെ നിരവധി വീടുകൾ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. പണം വാങ്ങി ഒഴിഞ്ഞുപോവാൻ ഡസൻ കണക്കിന് മറ്റ് വീട്ടുടമകളും കരാറുകളിൽ ഒപ്പുവെക്കാൻ ക്യൂവിലാണ്. നിയമപോരാട്ടങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം സൂപ്പർകമ്പ്യൂട്ടർ പ്ലാന്റിന് ചുറ്റും ഒരു സുരക്ഷിത വലയം (Buffer zone) തീർക്കുക കൂടിയാണ് ഇതിലൂടെ കമ്പനി ചെയ്യുന്നത്.

ഈ വമ്പൻ ഏറ്റെടുക്കലിന് പിന്നിൽ മസ്‌കിന് ഇരട്ട ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. പരിസ്ഥിതി-മലിനീകരണ കേസുകളിൽ നിന്ന് കമ്പനിയെ പൂർണ്ണമായി രക്ഷിക്കുന്നതിനൊപ്പം, ഒഴിഞ്ഞുകിട്ടുന്ന ഈ വീടുകൾ നവീകരിച്ച് xAI, സ്‌പേസ് എക്‌സ് (SpaceX) തുടങ്ങിയ മസ്‌കിന്റെ പ്രമുഖ കമ്പനികളിലെ ജീവനക്കാർക്കുള്ള അത്യാധുനിക കോർപ്പറേറ്റ് താമസസൗകര്യമാക്കി മാറ്റാനാണ് പദ്ധതി.

അതേസമയം, നിർമിതബുദ്ധിയുടെ അമിത വളർച്ചയ്ക്കായി വൻകിട ടെക് ഭീമന്മാർ സാധാരണക്കാരുടെ ജീവിതത്തെ ഇല്ലാതാക്കുന്നത് എന്നതിനെച്ചൊല്ലി ആഗോളതലത്തിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഭൂരിഭാഗം കുടുംബങ്ങളും മസ്‌കിന്റെ പണക്കൊഴുപ്പിന് മുന്നിൽ മുട്ടുമടക്കി നാടുവിടാൻ തയാറാകുമ്പോഴും, തങ്ങളുടെ സ്വന്തം മണ്ണ് വിട്ടുതരില്ലെന്നും ലോകത്തെ ഏറ്റവും വലിയ സമ്പന്നനെതിരെ നിയമപോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ച് ഒരു കൂട്ടം നാട്ടുകാർ ഇപ്പോഴും അവിടെ ഉറച്ചുനിൽക്കുകയാണ്.