5 Nov 2026 3:26 PM IST
ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും രക്ഷയില്ല! കേന്ദ്രത്തിന്റെ വന്‍പണി വരുന്നു, സംരക്ഷണം നീക്കും
MyFin Desk
Summary
ആരെന്ത് കാണണം, ഏത് വീഡിയോ വൈറലാകണം എന്ന് തീരുമാനിക്കുന്നത് അല്‍ഗോരിതമാണെങ്കില്‍, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിവ് ന്യായമല്ല
ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി പൂര്‍ണ നിയമ സംരക്ഷണം ലഭിച്ചേക്കില്ല. ഐടി നിയമത്തിലെ സെക്ഷന്‍ 79 പ്രകാരമുള്ള 'സേഫ് ഹാര്‍ബര്‍' സംരക്ഷണം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇത് നടപ്പായാല്‍ ഉപയോക്തൃ ഉള്ളടക്കത്തിന്റെ പേരില്‍ ടെക് ഭീമന്മാര്‍ക്ക് കോടതി കേസുകളും നിയമപരമായ ബാധ്യതകളും നേരിടേണ്ടി വരും.
സര്‍ക്കാര്‍ നിലപാടിന്റെ കാതല്‍ ഇതാണ്: ഉള്ളടക്കം റാങ്ക് ചെയ്യുകയും ശുപാര്‍ശ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകള്‍ ഇനി 'നിഷ്‌ക്രിയ ഇടനിലക്കാര്‍' അല്ല. ആരെന്ത് കാണണം, ഏത് വീഡിയോ വൈറലാകണം എന്ന് തീരുമാനിക്കുന്നത് അല്‍ഗോരിതമാണെങ്കില്‍, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പൂര്‍ണമായ ഒഴിയുന്നത് ന്യായമല്ലെന്നാണ് വാദം. എന്നാല്‍ വിവരങ്ങള്‍ കൈമാറുക മാത്രം ചെയ്യുന്ന ഇന്റര്‍നെറ്റ്, ടെലികോം സേവനദാതാക്കള്‍ക്കും മെസേജിംഗ് ആപ്പുകള്‍ക്കും സംരക്ഷണം തുടരും.
ഡീപ്‌ഫേക്കുകളും സമ്മതമില്ലാതെ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമുകളുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ ഇത്തരം പരാതികള്‍ക്ക് പൊലീസിനെയോ കോടതിയെയോ സമീപിക്കേണ്ട അവസ്ഥയാണ്. നേരിട്ടുള്ള റിപ്പോര്‍ട്ടിംഗ് സംവിധാനം വന്നാല്‍ നീക്കം ചെയ്യല്‍ വേഗത്തിലാകും.
എന്നാല്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണ്. സേഫ് ഹാര്‍ബര്‍ പിന്‍വലിക്കാന്‍ ഐടി നിയമം ഭേദഗതി ചെയ്യണം, അതിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണം. സ്വകാര്യത, സംസാര സ്വാതന്ത്ര്യം, പ്ലാറ്റ്ഫോം ഭരണം എന്നിവയെ ബാധിക്കുന്ന വിഷയമായതിനാല്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
