image

26 Nov 2026 11:30 AM IST

Technology

ഹൈദരാബാദില്‍ ആദ്യ ആപ്പിള്‍ സ്റ്റോര്‍; ഇന്ത്യയിലെ റീട്ടെയില്‍ ശൃംഖല ഏഴ് നഗരങ്ങളിലേക്ക്

MyFin Desk

first apple store in hyderabad, retail chain in india to expand to seven cities
X

Summary

ആപ്പിള്‍ സ്റ്റോര്‍ ലേക്ക് ഷോര്‍-വൈ ജംഗ്ഷന്‍ മാളിലാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 10 വൈകിട്ട് 5 മണിക്ക് ഉപഭോക്താക്കള്‍ക്കായി സ്റ്റോര്‍ തുറന്നുകൊടുക്കും


ടെക് ഭീമന്‍ ആപ്പിള്‍ ഇന്ത്യയിലെ റീട്ടെയില്‍ സാന്നിധ്യം വീണ്ടും വിപുലീകരിക്കുന്നു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ കമ്പനിയുടെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ ഡിസംബര്‍ 10ന് തുറക്കും. 'ആപ്പിള്‍ കുക്കാട്ട്പള്ളി' എന്ന് പേരിട്ടിരിക്കുന്ന സ്റ്റോര്‍ ലേക്ക് ഷോര്‍-വൈ ജംഗ്ഷന്‍ മാളിലാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 10 വൈകിട്ട് 5 മണിക്ക് ഉപഭോക്താക്കള്‍ക്കായി സ്റ്റോര്‍ തുറന്നുകൊടുക്കും. ഇതോടെ ആപ്പിളിന് നേരിട്ടുള്ള സ്റ്റോറുള്ള ഇന്ത്യയിലെ ആറാമത്തെ നഗരമായി ഹൈദരാബാദ് മാറും. ഇന്ത്യയിലെ ഏഴാമത്തെ ആപ്പിള്‍ സ്റ്റോര്‍ കൂടിയാണിത്.

മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഹൈദരാബാദിന്റെ പൈതൃകമാണ് പുതിയ സ്റ്റോറിന്റെ ഡിസൈനിലും പ്രതിഫലിക്കുന്നത്. മുത്തിന്റെ തിളക്കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വര്‍ണാഭമായ ആപ്പിള്‍ ലോഗോയോടെയാണ് ബാരിക്കേഡ് ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍, മാക്ബുക്ക്, ഐപാഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കണ്ട് പരീക്ഷിച്ച് വാങ്ങാനുള്ള സൗകര്യമുണ്ടാകും. സ്‌പെഷ്യലിസ്റ്റുകളുടെയും ക്രിയേറ്റീവുകളുടെയും ബിസിനസ് ടീമിന്റെയും സേവനവും ഇവിടെ ലഭിക്കും.

വില്‍പ്പന മാത്രമല്ല, പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാനുള്ള വേദി കൂടിയാകും ഈ സ്റ്റോര്‍. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയുടെ ഉപയോഗം, ഫോട്ടോഗ്രാഫി, വീഡിയോ, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ പരിശീലനം നല്‍കുന്ന 'ടുഡേ അറ്റ് ആപ്പിള്‍' സെഷനുകളും ഇവിടെ സംഘടിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വാള്‍പേപ്പറുകളും സ്റ്റിക്കറുകളും ഹൈദരാബാദിന്റെ സംഗീത പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആപ്പിള്‍ മ്യൂസിക് പ്ലേലിസ്റ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ആപ്പിളിന്റെ ഗവേഷണ-വികസന വിഭാഗത്തിന്റെയും റീട്ടെയില്‍ കസ്റ്റമര്‍ കെയര്‍ ടീമുകളുടെയും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹൈദരാബാദ്. പുതിയ സ്റ്റോറിലൂടെ നഗരത്തിലെ നേരിട്ടുള്ള ഉപഭോക്തൃ സേവനവും കൂടുതല്‍ ശക്തമാകും. 2023 ഏപ്രിലില്‍ മുംബൈയിലും ഡല്‍ഹിയിലുമായി ഇന്ത്യയില്‍ ആദ്യ സ്റ്റോറുകള്‍ തുറന്ന ആപ്പിള്‍, പിന്നീട് ബെംഗളൂരു, പൂനെ, നോയിഡ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ ഹൈദരാബാദ് കൂടി ചേരുന്നതോടെ ഇന്ത്യന്‍ വിപണിയിലെ ആപ്പിളിന്റെ കുതിപ്പ് കൂടുതല്‍ ശക്തമാകുന്നു.