image

7 July 2023 10:30 AM GMT

Technology

ഇന്ത്യയില്‍ ഇതാദ്യം; ജാമ്യാപേക്ഷ പരിശോധിക്കാന്‍ മെഷീന്‍ സംവിധാനവുമായി കേരള ഹൈക്കോടതി

MyFin Desk

first in India kerala high court with machine bail application
X

Summary

  • ജൂലൈ 10 മുതലാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കുക
  • ഓഗസ്റ്റ് 1 മുതല്‍ ജാമ്യാപേക്ഷ പരിശോധിക്കുന്നത് പൂര്‍ണമായും എഐ സംവിധാനം
  • നടപടികളുടെ വേഗവും കൃത്യതയും വര്‍ധിപ്പിക്കുക ലക്ഷ്യം


ജാമ്യാപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്‌ക്കായി ഒരു മെഷീൻ മൊഡ്യൂൾ അവതരിപ്പിക്കാൻ കേരള ഹൈക്കോടതി തയാറെടുക്കുന്നു. ജൂലൈ 10 മുതലാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കുക. ഇതു നടപ്പിലാക്കുന്നതിന്‍റെ ആദ്യ ഘട്ടത്തില്‍ ജാമ്യാപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്‌ക്കായി 'ഓട്ടോ സ്‌ക്രുട്ടിനി' അല്ലെങ്കിൽ 'സ്‌ക്രുട്ടിനി ബൈ ഫയലിംഗ് സ്‌ക്രുട്ടിനി ഓഫീസർ' എന്നീ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം അപേക്ഷകര്‍ക്ക് ഉണ്ടാകും. ഓഗസ്റ്റ് 1 വരെയാണ് ഇത്തരത്തില്‍ ഓപ്ഷന്‍ നല്‍കുക. അതിന് ശേഷം മൊഡ്യൂള്‍ പൂര്‍ണ്ണ സജ്ജമായെന്ന് ഉറപ്പാക്കിയതിന് ശേഷം, എല്ലാ ജാമ്യാപേക്ഷകളുടെയും സൂക്ഷ്മ പരിശോധന ഈ സംവിധാനത്തിലൂടെ മാത്രം നടപ്പാക്കാനാണ് ഇപ്പോഴത്തെ പദ്ധതി.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നിയമ സംവിധാനത്തില്‍ ഇത്തരമൊരു സാങ്കേതിക സംവിധാനം പരീക്ഷിക്കുന്നത്. ഹൈക്കോടതിക്ക് കീഴിലുള്ള ടെക്നിക്കല്‍ ടീമാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. നടപടികളുടെ വേഗം വര്‍ധിപ്പിക്കുന്നതിനും വ്യവഹാരങ്ങള്‍ സൂഗമമാക്കുന്നതിനും ഇത്തരം സാങ്കേതിക നവീകരണങ്ങള്‍ നിയമം ഉള്‍പ്പടെയുള്ള മേഖകളിലേക്ക് കടന്നുവരണമെന്ന കാഴ്ചപ്പാടാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

നേരത്തേ ഉത്തരവുകള്‍ പ്രാദേശിക ഭാഷയിലാക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയ ആദ്യത്തെ ഹൈക്കോടതിയായും കേരള ഹൈക്കോടതി മാറിയിരുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തന്നെയാണ് ഈ വര്‍ഷം ഫെബ്രുവരി 21ന് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. എഐ സാങ്കേതിക വിദ്യ, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ് എന്നിവ പ്രയോജനപ്പെടുത്തി തത്സമയ ട്രാന്‍സ്ക്രിപ്ഷനിലൂടെ തയാറാക്കിയ വിധി പകര്‍പ്പുകള്‍ പിന്നീട് ഹൈക്കോടതിയിലെ വിവര്‍ത്തകരുടെ തിരുത്തലുകള്‍ക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചത്.