image

20 May 2025 9:15 AM IST

Technology

ഐഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും; വന്‍ നിക്ഷേപവുമായി ഫോക്‌സ്‌കോണ്‍

MyFin Desk

ഐഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും;  വന്‍ നിക്ഷേപവുമായി ഫോക്‌സ്‌കോണ്‍
X

Summary

  • തമിഴ്‌നാട് യൂണിറ്റില്‍ 1.48 ബില്യണ്‍ ഡോളറാണ് ഫോക്‌സ്‌കോണ്‍ നിക്ഷേപിച്ചത്
  • ജൂണ്‍ പാദത്തില്‍ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നായിരിക്കും


ഇന്ത്യന്‍ യൂണിറ്റിലേക്ക് ആപ്പിള്‍ വില്‍പ്പനക്കാരായ ഫോക്സ്‌കോണിന്റെ വന്‍ നിക്ഷേപം. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏകദേശം 1.48 ബില്യണ്‍ ഡോളര്‍ കമ്പനി നിക്ഷേപിച്ചതായി കമ്പനി ഒരു റെഗുലേറ്ററി കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയില്‍ ഐഫോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്ന സമയത്താണ് ഈ നിക്ഷേപം വരുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള തങ്ങളുടെ ശാഖയായ യുഷാന്‍ ടെക്‌നോളജി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലൂടെ, ഫോക്‌സ്‌കോണ്‍ തങ്ങളുടെ തമിഴ്നാട് യൂണിറ്റിലാണ് നിക്ഷേപം നടത്തിയത്.

ഈ ഇടപാട് പ്രകാരം, യുഷാന്‍ ടെക്‌നോളജിയുടെ പ്രീമിയത്തില്‍ ഫോക്‌സ്‌കോണ്‍ സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ് 9,999 ഓഹരികള്‍ ഓഹരിയൊന്നിന് 10 രൂപ നിരക്കില്‍ സ്വന്തമാക്കി.

ജൂണ്‍ പാദത്തില്‍ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ വാങ്ങുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചു. അതേസമയം വ്യാപാര താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം മറ്റ് വിപണികള്‍ക്കായി ചൈന ഭൂരിഭാഗം ഉപകരണങ്ങളും നിര്‍മ്മിക്കും.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഐഫോണ്‍ ഉല്‍പ്പാദനത്തിലെ കുതിച്ചുചാട്ടം മൂലം ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 20 ബില്യണ്‍ യുഎസ് ഡോളറിലധികമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

2024-ല്‍ യുഎസില്‍ ഐഫോണ്‍ വില്‍പ്പന 75.9 ദശലക്ഷം യൂണിറ്റായിരുന്നുവെന്നും മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 3.1 ദശലക്ഷം യൂണിറ്റാണെന്നും എസ് ആന്‍ഡ് പി ഗ്ലോബല്‍ നടത്തിയ വിശകലനം പറയുന്നു.

പുതിയ ശേഷിയിലൂടെയോ ആഭ്യന്തര വിപണിയിലേക്കുള്ള കയറ്റുമതി തിരിച്ചുവിടുന്നതിലൂടെയോ കയറ്റുമതി ഇരട്ടിയാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.

ഐഫോണിന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 15 ശതമാനം നിലവില്‍ ഇന്ത്യയില്‍ നിന്നാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏകദേശം 60 ദശലക്ഷം അല്ലെങ്കില്‍ 6 കോടി ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഐഫോണ്‍ കയറ്റുമതി മാത്രം 1.5 ലക്ഷം കോടി രൂപയായിരുന്നു.