image

19 Feb 2024 2:19 PM GMT

Gadgets

കൈയ്യിലൊതുങ്ങുന്ന മിടുക്കൻ എ ഐ പിൻ

MyFin Desk

AI Pin comes to make digital life easier without relying on screen devices
X

Summary

  • സ്ക്രീൻ ഉപകരണങ്ങളെ ആശ്രയിക്കാതെ ഡിജിറ്റൽ ലൈഫ് എളുപ്പമാക്കാൻ എഐ പിൻ
  • സ്മാർട്ട് ഫോണിലെ ഫീച്ചറുകൾ കൂടാതെ സ്മാർട്ട് ഹോം ഉപകരണങ്ങളും നിയന്ത്രിക്കാൻ കഴിയും
  • 2024 മാർച്ച് മുതൽ എഐ പിൻ വിപണിയിലെത്തും.


ടെക് ലോകം ഇന്ന് ചർച്ച ചെയ്യുന്ന പുതിയ താരമാണ് എഐ പിൻ. സ്‌ക്രീനോ, ആപ്പുകളോ, കീബോർഡുകളോ ഇല്ലാത്ത ഒരു ചെറിയ വെയറബിൾ ഉപകരണം ആണ് ഈ പറഞ്ഞ കക്ഷി. ആപ്പിളിലെ മുൻ ജീവനക്കാരായ രണ്ട് എക്സിക്യൂട്ടീവുകൾ സ്ഥാപിച്ച ഹ്യുമേന്‍ എന്ന സ്റ്റാർട്പ്പ് കമ്പനിയാണ് എഐ പിൻ വിപണിയിലെത്തിക്കുന്നത്. ഇതിന്റെ പ്രത്യേകത ഒരു സ്‌ക്രീൻ പോലുമില്ലാതെ മൊബൈൽ സമാനമായ സേവനങ്ങൾ ലഭ്യമാക്കാം എന്നുള്ളതാണ്. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ചാണ് ഇതിനെ പ്രവർത്തിപ്പിക്കുക. ഫോണിലെ വിവിധ ഫീച്ചറുകളിലേക്ക് പ്രവേശനം നൽകുക, സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുക, കോൺടാക്റ്റുകളില്ലേക്ക് ഫോൺ വിളിക്കുക, സന്ദേശങ്ങൾ അയക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഇതിലൂടെ സാധ്യമാണ്.

വസ്ത്രങ്ങളിലോ ആക്സസറികളിലോ ക്ലിപ്പ് ചെയ്യാവുന്ന ഈ ചെറിയ ഉപകരണം ശബ്ദം, ആംഗ്യം, ടച്ച് ഇൻപുട്ട് എന്നിവ ഉപയോഗിച്ച് ഇന്റർനെറ്റ് വിവരങ്ങൾ തിരയൽ, വിവർത്തനം, നാവിഗേഷൻ തുടങ്ങിയ വിവിധ എ ഐ സേവനങ്ങൾ ആക്സസ് ചെയ്യാൻ ഉപയോഗിക്കാം. ചുരുക്കി പറഞ്ഞാൽ ഇനി സ്ക്രീൻ ഉപകരണങ്ങളെ ആശ്രയിക്കാതെ തന്നെ ഡിജിറ്റൽ ലൈഫ് എളുപ്പമാക്കാൻ കഴിയും.

എ ഐ പിൻ വോയ്‌സ് കൺട്രോൾ, ടച്ച് കൺട്രോളുകൾ, ക്യാമറ എന്നിവ ഉപയോഗിച്ച് ആണ് പ്രവർത്തിക്കുന്നത്. കൂടാതെ ഇത് മെഷീൻ ഇൻ്റലിജൻസ് ഉപയോഗിച്ച് ഉത്തരങ്ങൾ തയ്യാറാക്കുകയും ഒരു ചെറിയ പ്രൊജക്ടർ വഴി ഉപയോഗിക്കുന്ന വ്യക്തിയുടെ നീട്ടിയ കൈയിൽ അല്ലെങ്കിൽ മറ്റ് പ്രതലങ്ങളിൽ സ്ക്രീൻ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. സ്‌ക്രീൻ ഇല്ലാത്തതിനാൽ, സ്‌ക്രീൻ ടൈം കുറയ്ക്കാനും, സേഫ് ആയി സ്വകാര്യാ വിവരങ്ങൾ കൈകാര്യം ചെയാനും ഇത് സഹായിക്കുന്നു. വോയ്‌സ് കമാൻഡുകൾ ഉപയോഗിക്കുന്നതിനാൽ കൈകൾ ഉപയോഗിക്കേണ്ടതില്ല. എ ഐ പിൻ വാഹനമോടിക്കുമ്പോഴോ മറ്റ് ജോലികൾ ചെയ്യുമ്പോഴോ ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. പ്രായമായവർക്കും കുട്ടികൾക്കും പോലും ഉപയോഗിക്കാൻ കഴിയും. സ്മാർട്ട് ഫോണിലെ ഫീച്ചറുകൾ കൂടാതെ സ്മാർട്ട് ഹോം ഉപകരണങ്ങളും മറ്റും നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. 2024 മാർച്ച് മുതൽ എഐ പിൻ വിപണിയിലെത്തും.

എക്ലിപ്സെ, എക്വിനോസ്, ലൂണാർ എന്നീ മൂന്ന് മോഡലുകളിലാണ് എ ഐ പിൻ വരുന്നത്. ഫോട്ടോകൾ എടുക്കാൻ എ ഐ പിനു 4208x3120p റെസല്യൂഷനിൽ ഒരു 13MP എ ഐ അൾട്രാവൈഡ് ക്യാമറയാനുള്ളത്. എ ഐ പിന്നിൻ്റെ ഇന്ത്യൻ വില ഏകദേശം 58,300 ($699 ) രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ സെല്ലുലാർ ഡാറ്റ ഉപയോഗിക്കാനും ഫോൺ നമ്പർ നേടാനും പ്രതിമാസം സബ്‌സ്‌ക്രിപ്‌ഷൻ ഫീ ആവശ്യമാണ്.

ഓപ്പൺ എ ഐ സിഇഒ സാം ആൾട്ട്മാൻ, അമേരിക്കൻ ഇൻ്റർനെറ്റ് സംരംഭകനും സോഫ്‌റ്റ്‌വെയർ കമ്പനിയായ സെയിൽസ്‌ഫോഴ്‌സിൻ്റെ സഹസ്ഥാപകനുമായ മാർക്ക് ബെനിയോഫ്, ഫോക്‌സ് കോർപ്പറേഷൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയും, ഓസ്‌ട്രേലിയൻ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയായ ഇല്ലിയറിയ പിറ്റി ലിമിറ്റഡിൻ്റെ സ്ഥാപകനുമായ ലാച്ലാൻ മർഡോക്ക് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 100 മില്യൺ ഡോളറിലധികം ഫണ്ടിംഗ് കമ്പനി സമാഹരിച്ചു.