10 Feb 2026 9:08 PM IST
Honor X80 : 13,000 രൂപയ്ക്ക് 10,000mAh ബാറ്ററി: ഹോണർ X80 ബജറ്റ് വിപണിയിൽ കാറ്റ് സൃഷ്ടിക്കുന്നു
MyFin Desk
Summary
വമ്പൻ ബാറ്ററിയും 1.5K ഡിസ്പ്ലേയും; റിയൽമി അടക്കമുള്ള ബ്രാൻഡുകൾക്ക് കടുത്ത മത്സരം
പോക്കറ്റ് കീറാതെ മികച്ച സവിശേഷതകളുള്ള ഒരു സ്മാർട്ട്ഫോൺ ആലോചിക്കുന്നവർക്കായി ഹോണർ പുതിയ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഹോണർ X80 എന്ന പേരിൽ വിപണിയിലെത്താനിരിക്കുന്ന ഈ ഫോൺ വിലയും വമ്പൻ ബാറ്ററിയുമാണ് ഏറ്റവും വലിയ ആകർഷണം. അതിനാൽ തന്നെ ബജറ്റ് സെഗ്മെന്റിൽ ഫോൺ വലിയ ശ്രദ്ധ നേടുമെന്നാണ് സൂചന.
വിവിധ ടെക് വെബ്സൈറ്റുകൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഹോണർ X80-ന് 1.5K റെസല്യൂഷനുള്ള 6.81 ഇഞ്ച് ഫ്ലാറ്റ് LTPS ഡിസ്‌പ്ലേയുണ്ടാകും. മികച്ച ദൃശ്യാനുഭവം നൽകുന്ന ഈ ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. പ്രോസസറിന്റെ കാര്യത്തിൽ, പുതിയ തലമുറയിലെ സ്നാപ്ഡ്രാഗൺ 6-സീരീസ് ചിപ്പാണ് ഫോണിൽ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. ആദ്യം സ്നാപ്ഡ്രാഗൺ 7-സീരീസ് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
നേരത്തെ വിപണിയിലെത്തിയ ഹോണർ X70 സ്നാപ്ഡ്രാഗൺ 6 Gen 4 ചിപ്പിലാണ് പ്രവർത്തിച്ചിരുന്നത്. X70-ൽ 80W ഫാസ്റ്റ് ചാർജിംഗോടുകൂടിയ 8,300mAh ബാറ്ററി, 120Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് 1.5K ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ, 8MP സെൽഫി ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ടായിരുന്നു. ഏകദേശം 16,000 രൂപയായിരുന്നു അതിന്റെ വില.
അതേസമയം, ഹോണർ X80-ന് 10,000mAh ശേഷിയുള്ള ബാറ്ററി ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ഹോണർ പവർ-2, ഹോണർ വിൻ തുടങ്ങിയ മോഡലുകളിലും ഇത്രയും വലിയ ബാറ്ററി കപ്പാസിറ്റി നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ ഹോണറിന്റെ മാജിക് സീരീസിൽ ഇതിലും വലിയ ബാറ്ററിയുള്ള ഫോണുകൾ അവതരിപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
വിലയുടെ കാര്യത്തിൽ, ഹോണർ X80 ഏകദേശം 13,000 രൂപയ്ക്ക് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സമാന ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായിരിക്കും ഇത്. അതുകൊണ്ട് തന്നെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ റിയൽമി അടക്കമുള്ള ബ്രാൻഡുകൾക്ക് ഹോണർ X80 വലിയ മത്സരമാകുമെന്നാണ് വിലയിരുത്തൽ.
ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്ന തീയതി സംബന്ധിച്ച് ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാൽ 2026-ൽ തന്നെ ലോഞ്ച് നടന്നേക്കുമെന്ന വിവരങ്ങൾ വിവിധ വെബ്സൈറ്റുകൾ പങ്കുവെക്കുന്നുണ്ട്. ഫോണിന്റെ വിവരങ്ങൾ പുറത്തായതോടെ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
