image

14 Jan 2026 4:07 PM IST

Gadgets

Iphone-17E-ഐഫോൺ 17ഇ അടുത്ത മാസം വിപണിയിൽ എത്തിയേക്കും; ബജറ്റ് ഐഫോൺ തന്ത്രം ശക്തമാക്കി ആപ്പിൾ

MyFin Desk

Iphone-17E-ഐഫോൺ 17ഇ അടുത്ത മാസം വിപണിയിൽ എത്തിയേക്കും; ബജറ്റ് ഐഫോൺ തന്ത്രം ശക്തമാക്കി ആപ്പിൾ
X

ആപ്പിളിൻ്റെ ബജറ്റ്-ഫ്രണ്ട്ലി ഐഫോൺ ശ്രേണിയിലെ പുതിയ മോഡലായ ഐഫോൺ 17ഇ (iPhone 17e) അടുത്ത മാസം വിപണിയിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. മുൻപ് പുറത്തിറങ്ങിയ ഐഫോൺ SE മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ‘ഇ’ സീരീസ്. ഓരോ വർഷവും പുതിയൊരു ബജറ്റ് ഐഫോൺ അവതരിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിൻ്റെ ഭാഗമായാണ് 17ഇ വരുന്നത്.

SEയ്ക്ക് പകരം ‘ഇ’ സീരീസ്

2025 ഫെബ്രുവരിയിലാണ് ആപ്പിൾ ഐഫോൺ 16ഇ പുറത്തിറക്കിയത്. മുമ്പ് രണ്ടോ മൂന്നോ വർഷം ഇടവേളകളിൽ പുറത്തിറങ്ങിയിരുന്ന ഐഫോൺ SE മോഡലിന് പകരമായാണ് ‘ഇ’ സീരീസ് എത്തുന്നത്. ഇനി മുതൽ എല്ലാ വർഷവും ഐഫോൺ-ഇ മോഡൽ അവതരിപ്പിക്കാനാണ് ആപ്പിളിൻ്റെ പദ്ധതി.

നിർമ്മാണം ഉടൻ ആരംഭിക്കും

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോ (Weibo)യിൽ വന്ന ലീക്കുകൾ പ്രകാരം, ഐഫോൺ 17ഇ-യുടെ നിർമ്മാണം ആപ്പിളിന്റെ അസെംബ്ലിംഗ് പങ്കാളികൾ ഉടൻ ആരംഭിക്കും. ഡിസൈൻ കാര്യത്തിൽ 16ഇ മോഡലിൽ നിന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന.

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

ഐഫോൺ 17ഇ-ൽ 3.1 ഇഞ്ച് ഐലൻഡ് ഡിസ്‌പ്ലേ, ഐഫോൺ 17 ലൈനപ്പിൽ ഉപയോഗിക്കുന്ന A19 ചിപ്പ്, ഡൈനാമിക് ഐലൻഡ് എന്നിവ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ വിലയിലുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുമായി നേരിട്ടുള്ള മത്സരമാണ് ഈ മോഡലിന് നേരിടേണ്ടിവരിക.

ലോഞ്ച് ടൈംലൈൻ സംബന്ധിച്ച സൂചനകൾ

ലീക്കുകൾ പ്രകാരം ഫെബ്രുവരി മധ്യത്തിൽ ഐഫോൺ 17ഇ അവതരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം ഫെബ്രുവരി 19-നായിരുന്നു ഐഫോൺ 16ഇ ലോഞ്ച് ചെയ്തത്. ഈ വർഷം ഫെബ്രുവരി 18-ന് പ്രഖ്യാപനവും ഫെബ്രുവരി 27 മുതൽ വിൽപ്പനയും ആരംഭിക്കാമെന്ന സൂചനകളുമുണ്ട്.

മാർച്ച് ലോഞ്ച് സാധ്യതയും

അതേസമയം, മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) മാർച്ച് 2 മുതൽ 5 വരെ നടക്കുന്നതിനാൽ, ലോഞ്ച് മാർച്ചിലേക്കും നീളാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, സാംസങ്ങിന്റെ ഗാലക്‌സി S26 സീരീസ് പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യവും കണക്കിലെടുത്താകും ആപ്പിൾ ഐഫോൺ 17ഇ-യുടെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിക്കുക.