27 Nov 2025 2:39 PM IST
Summary
വിലക്കുറവും ആകര്‍ഷകമായ ഫീച്ചറുകളുമാണ് സവിശേഷതകള്‍
ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ നത്തിങ്, തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ 'നത്തിങ് ഫോണ്‍ 3എ ലൈറ്റ്' ഇന്ത്യന്‍ വിപണിയിലിറക്കി. നവംബര്‍ 27-നാണ് ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. നത്തിങ് ഫോണ്‍ 3എ സീരീസിലെ തന്നെ കുറഞ്ഞ വിലയിലുള്ള ഫോണാണിത്. ആഗോള വിപണിയില്‍ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഫോണ്‍ ഇന്ത്യയിലും എത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ബ്ലാക്ക്, വൈറ്റ് നിറങ്ങളിലാകും ഫോണ്‍ ലഭ്യമാവുക. നത്തിങ്ങിന്റെ സിഗ്നേച്ചര്‍ ഡിസൈനായ സുതാര്യമായ പിന്‍വശവും ഗ്ലിഫ് എല്‍ഇഡി ഇന്റര്‍ഫേസുമാണ് ഫോണിനെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്നത്.
മികച്ച ദൃശ്യാനുഭവം ഉറപ്പാക്കാനായി 6.77 ഇഞ്ച് എഫ്എച്ച്ഡി+ ഫ്ലെക്സിബിള്‍ അമോ എല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഉള്ളതിനാല്‍ വെളിച്ചമുള്ള സാഹചര്യങ്ങളിലും വ്യക്തതയോടെ സ്ക്രീന്‍ കാണാനാകും. മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഇതിനുണ്ട്. കൂടാതെ, ഈ സെഗ്മെന്റില്‍ അപൂര്‍വ്വമായ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് സൗകര്യവും ഫോണിലുണ്ട്. ഇതുവഴി 2 ടിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
50 എംപി മെയിന്‍ ഷൂട്ടര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് നത്തിങ് ഫോണ്‍ 3എ ലൈറ്റിലുള്ളത്. 8 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന്റെ വില 20,999 രൂപയും 256 ജിബി സ്റ്റോറേജിലുള്ള ഹാന്ഡിസെറ്റിന്റെ വില 22,999 രൂപയുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
