27 March 2026 9:43 PM IST
WhatsApp Update: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലോട്ടറി; ഒരേ വാട്‌സാപ്പില്‍ ഇനി രണ്ട് അക്കൗണ്ടുകള്‍!
MyFin Desk
Summary
നേരത്തെ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യമാണ് ഇപ്പോൾ ഐഒഎസ് പ്ലാറ്റ്ഫോമിലേക്കും എത്തിയിരിക്കുന്നത്.
ഐഫോണ്‍ ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരുന്ന മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ വാട്‌സാപ്പ് ഔദ്യോഗികമായി പുറത്തിറക്കി. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ ഒരേ ആപ്പില്‍ തന്നെ ഒന്നിലധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും അവക്കിടയില്‍ എളുപ്പത്തില്‍ മാറാനും സാധിക്കും. നേരത്തെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യമാണ് ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്ഫോമിലേക്കും എത്തിയിരിക്കുന്നത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ജോലിക്കുമായി രണ്ട് ഫോണുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഈ നീക്കം വലിയ ആശ്വാസമാകും. വാട്‌സാപ്പ് സെറ്റിങ്സിലെ അക്കൗണ്ട് ലിസ്റ്റ് വഴി ഉപയോക്താക്കള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കും. ഓരോ അക്കൗണ്ടിനും പ്രത്യേക ചാറ്റ് ഹിസ്റ്ററി, നോട്ടിഫിക്കേഷന്‍ ക്രമീകരണങ്ങള്‍, പ്രൈവസി സെറ്റിങ്സ് എന്നിവ ഉണ്ടായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കാതെ തന്നെ സാധാരണ ആപ്പില്‍ തന്നെ രണ്ട് നമ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി സാധിക്കും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്‌തോ സെക്കന്‍ഡറി അക്കൗണ്ട് ആഡ് ചെയ്യാം. സുരക്ഷയുടെ ഭാഗമായി ഓരോ അക്കൗണ്ടിനും ഫേസ് ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് ലോക്ക് ഏര്‍പ്പെടുത്താനുള്ള സൗകര്യവും പുതിയ പതിപ്പിലുണ്ട്.
അക്കൗണ്ട് സ്വിച്ചിംഗിന് പുറമെ മറ്റ് ചില പ്രധാന അപ്‌ഡേറ്റുകളും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റോറേജ് മാനേജ്മെന്റ് ടൂളിലെ മാറ്റമാണ് ഇതില്‍ പ്രധാനം. ഫോണിലെ വലിയ ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്യാനും ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാതെ തന്നെ സ്ഥലം ലാഭിക്കാനും പുതിയ ടൂള്‍ സഹായിക്കും.
ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് ചാറ്റുകള്‍ കൈമാറുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ മെറ്റാ എഐയുടെ സഹായവും ഇനി ലഭ്യമാകും. ചിത്രങ്ങളിലെ ബാക്ക്ഗ്രൗണ്ട് മാറ്റാനും ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യാനും ഈ എഐ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.
മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ എഐ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന 'റൈറ്റിംഗ് ഹെല്‍പ്പ്' ഫീച്ചറും ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ചാറ്റുകളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ മികച്ച മറുപടികള്‍ തയ്യാറാക്കാന്‍ ഇത് സഹായിക്കും. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി എല്ലാ ഐഫോണ്‍ ഉപയോക്താക്കളിലേക്കും ഈ അപ്‌ഡേറ്റ് എത്തും.
പഠിക്കാം & സമ്പാദിക്കാം
Home
