29 Oct 2026 11:29 AM IST
Summary
സാധാരണ എഐ മോഡലില്‍ നിന്ന് വ്യത്യസ്തമായി സൈബര്‍ സുരക്ഷയിലാണ് കാര്‍ബണിന്റെ ശക്തി
ഗൂഗിള്‍ ഏറ്റവും പുതിയതും ശക്തവുമായ എഐ മോഡല്‍ ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി. രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ ജെമിനി 4 ആര്‍ഗണിന് പിന്നാലെയാണ് കാര്‍ബണിന്റെ വരവ്. ആര്‍ട്ടിഫിഷ്യല്‍ അനാലിസിസ് ഇന്റലിജന്‍സ് സൂചികയില്‍ 59 സ്‌കോറുമായി ഒന്നാം സ്ഥാനത്താണ് കാര്‍ബണ്‍. സിഇഒ സുന്ദര്‍ പിച്ചൈ ആണ് എക്‌സിലൂടെ ഇത് പ്രഖ്യാപിച്ചത്.
സാധാരണ എഐ മോഡലില്‍ നിന്ന് വ്യത്യസ്തമായി സൈബര്‍ സുരക്ഷയിലാണ് കാര്‍ബണിന്റെ ശക്തി. സോഫ്റ്റ്വെയര്‍ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും, അത് ഹാക്ക് ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും, അതിന് പാച്ച് നിര്‍മ്മിക്കാനും കഴിയും. വലിയ കോഡ്‌ബേസുകളില്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ച് ബഗുകളുടെ മൂലകാരണം കണ്ടെത്താന്‍ മോഡലിന് കഴിയുമെന്ന് ഗൂഗിള്‍ ഡീപ്മൈന്‍ഡ് പറയുന്നു. ടെസ്റ്റുകളില്‍ 88.2% ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും 71% എണ്ണത്തിന് പരിഹാരം നിര്‍മ്മിക്കാനും കാര്‍ബണിന് കഴിഞ്ഞു.
എന്നാല്‍ ഈ മോഡല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ ആദ്യം തെരഞ്ഞെടുത്ത സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് മാത്രമാണ് ആക്സസ്. ഗൂഗിളിന്റെ ഫെയര്‍വിന്‍ഡ് പ്രോഗ്രാം വഴി വിശ്വസ്ത പങ്കാളികള്‍ക്കും പിന്നീട് ഡെവലപ്പര്‍മാര്‍ക്കും ബിസിനസുകള്‍ക്കും ലഭ്യമാക്കും. ആര്‍ഗണിനെക്കാള്‍ ഇരട്ടി സുരക്ഷിതമായ കോഡ് എഴുതാനും, വ്യാജ വിവരങ്ങള്‍ പകുതിയായി കുറയ്ക്കാനും കഴിഞ്ഞെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.
വിലയില്‍ മാറ്റമില്ല. ആര്‍ഗണിന്റെ അതേ ആമുഖ വില തന്നെ - ഒരു മില്യണ്‍ ഇന്‍പുട്ട് ടോക്കണിന് 2 ഡോളറും ഔട്ട്പുട്ടിന് 10 ഡോളറും. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം.
പഠിക്കാം & സമ്പാദിക്കാം
Home
