image

22 Nov 2026 4:35 PM IST

Technology

ഗൂഗിളില്‍ ഡോക്ടര്‍ ഡൂമിന്റെ വിളയാട്ടം! 'അവഞ്ചേഴ്‌സ്: ഡൂംസ്ഡേ' ആരാധകര്‍ക്കായി കിടിലന്‍ സര്‍പ്രൈസ്

MyFin Desk

ഗൂഗിളില്‍ ഡോക്ടര്‍ ഡൂമിന്റെ വിളയാട്ടം! അവഞ്ചേഴ്‌സ്: ഡൂംസ്ഡേ ആരാധകര്‍ക്കായി കിടിലന്‍ സര്‍പ്രൈസ്
X

Summary

ഗൂഗിളില്‍ സിനിമയുടെ പേര് തിരയുന്നവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് സാക്ഷാല്‍ ഡോക്ടര്‍ ഡൂം


മാര്‍വല്‍ ആരാധകര്‍ക്ക് ആവേശകരമായൊരു സര്‍പ്രൈസുമായി ഗൂഗിള്‍. വരാനിരിക്കുന്ന ഹോളിവുഡ് ചിത്രം 'അവഞ്ചേഴ്‌സ്: ഡൂംസ്ഡേ'യുടെ പ്രൊമോഷന്റെ ഭാഗമായി സെര്‍ച്ച് എന്‍ജിനില്‍ രസകരമായൊരു ഇന്ററാക്ടീവ് ഗെയിമാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിളില്‍ സിനിമയുടെ പേര് തിരയുന്നവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സാക്ഷാല്‍ ഡോക്ടര്‍ ഡൂമാണ് ഇപ്പോള്‍ ടെക് ലോകത്തെ കൗതുകം.

ഡിസ്‌നിയും മാര്‍വല്‍ സ്റ്റുഡിയോസും ഗൂഗിളുമായി സഹകരിച്ചാണ് ഈ പ്രത്യേക പ്രമോഷണല്‍ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. 'Avengers: Doomsday' അല്ലെങ്കില്‍ 'Doomsday' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തിളങ്ങുന്ന പച്ചനിറത്തിലുള്ള ഡോക്ടര്‍ ഡൂമിന്റെ മുഖം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സെര്‍ച്ച് റിസള്‍ട്ടിന്റെ താഴേക്ക് സ്‌ക്രോള്‍ ചെയ്താലും ഡോക്ടര്‍ ഡൂമിന്റെ പച്ചനിറത്തിലുള്ള ഐക്കണ്‍ കണ്ടെത്താനാകും.

ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഗൂഗിള്‍ സെര്‍ച്ച് പേജ് പൂര്‍ണമായും പച്ചനിറത്തിലേക്ക് മാറും. പിന്നാലെ ഡോക്ടര്‍ ഡൂമിന്റെ ലോഹക്കവചമണിഞ്ഞ കൈകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും നാല് സൂപ്പര്‍ഹീറോ ടീമുകളുടെ ചിഹ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. അവഞ്ചേഴ്‌സ്, ഫന്റാസ്റ്റിക് ഫോര്‍, ബ്ലാക്ക് പാന്തര്‍, എക്‌സ്-മെന്‍ എന്നീ ടീമുകളാണ് ഇതിലുള്ളത്.

ഓരോ ടീമിന്റെയും ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യത്യസ്തമായ ക്വിസ് ഗെയിമുകളിലേക്ക് കടക്കാം. ഗൂഗിളിന്റെ എഐ മോഡ് ഉപയോഗിച്ച് തയ്യാറാക്കിയ നാലോ അഞ്ചോ ചോദ്യങ്ങളുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വിസുകളാണ് ലഭിക്കുക. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രശസ്തമായ സംഭാഷണങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് പ്രധാന വെല്ലുവിളി. ഓരോ സൂപ്പര്‍ഹീറോ ടീമിനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

എക്‌സ്-മെന്‍ ക്വിസില്‍ മാഗ്‌നെറ്റോയുടെ പ്രശസ്തമായ സംഭാഷണങ്ങളും അവഞ്ചേഴ്‌സ് വിഭാഗത്തില്‍ സാം വില്‍സന്റെ ഡയലോഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് പാന്തര്‍ വിഭാഗത്തില്‍ 'വക്കാണ്ട ഫോറെവര്‍' സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പ്രധാനമായും വരുന്നത്. ഫന്റാസ്റ്റിക് ഫോര്‍ ക്വിസ് ഏറ്റവും പുതിയ 'ദ ഫന്റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്‌സ്' സിനിമയിലെ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

നാല് ക്വിസുകളും പൂര്‍ത്തിയാക്കുന്നതോടെ മറ്റൊരു സര്‍പ്രൈസും ആരാധകരെ കാത്തിരിക്കുന്നു. 'Doomsday Is Coming' എന്ന സന്ദേശത്തോടൊപ്പം സിനിമയുടെ റിലീസിലേക്കുള്ള തത്സമയ കൗണ്ട്ഡൗണ്‍ ക്ലോക്കും സ്‌ക്രീനില്‍ തെളിയും.

അതേസമയം, സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയ ഈ ഫീച്ചര്‍ എല്ലാ രാജ്യങ്ങളിലും ഉപകരണങ്ങളിലും ഒരേ സമയത്ത് ലഭിക്കണമെന്നില്ല. ഐക്കണ്‍ കാണുന്നില്ലെങ്കില്‍ മറ്റൊരു ബ്രൗസറിലോ ഗൂഗിള്‍ ആപ്പിലോ പരീക്ഷിക്കാവുന്നതാണ്.

റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂമായി എത്തുന്ന 'അവഞ്ചേഴ്‌സ്: ഡൂംസ്ഡേ' ഡിസംബര്‍ 18-ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ഇന്ത്യയില്‍ ഡിസംബര്‍ 17-നാണ് റിലീസ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ വരവിന് മുന്നോടിയായി ആരാധകരെ മാര്‍വല്‍ ലോകത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകുകയാണ് ഗൂഗിളിന്റെ ഈ രസകരമായ പരീക്ഷണം.