image

31 March 2026 9:38 PM IST

Technology

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 'റെഡ് അലര്‍ട്ട്'; ഈ അപ്‌ഡേറ്റ് ഉടന്‍ ചെയ്തില്ലെങ്കില്‍ പണി പാളും

MyFin Desk

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് റെഡ് അലര്‍ട്ട്;   ഈ അപ്‌ഡേറ്റ് ഉടന്‍ ചെയ്തില്ലെങ്കില്‍ പണി പാളും
X

Summary

രാജ്യത്തെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് ഈ നിര്‍ണായക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഐഫോണ്‍ കൂടാതെ ഐപാഡ്, മാക് ബുക്ക് ഉപയോക്താക്കളും ജാഗ്രത പാലിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു


ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ സര്‍ക്കാര്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണത്തിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ കൈക്കലാക്കാനും സാധ്യതയുള്ള ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. രാജ്യത്തെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) ആണ് ഈ നിര്‍ണായക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഐഫോണ്‍ കൂടാതെ ഐപാഡ്, മാക് ബുക്ക് ഉപയോക്താക്കളും ജാഗ്രത പാലിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ പഴയ പതിപ്പുകളിലാണ് ഈ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി കടന്നുകൂടുന്ന ആക്രമണകാരികള്‍ക്ക് സിസ്റ്റത്തിലെ ബില്‍റ്റ്-ഇന്‍ സുരക്ഷാ കവചങ്ങള്‍ മറികടക്കാനും ഉയര്‍ന്ന പ്രിവിലേജുകള്‍ നേടിയെടുക്കാനും സാധിക്കും. പലപ്പോഴും ഒരു വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത ഒരു ഫയല്‍ തുറക്കുകയോ ചെയ്യുന്നത് വഴി പോലും നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങളും സ്വകാര്യ സംഭാഷണങ്ങളും ഹാക്കര്‍മാരുടെ കൈകളിലെത്താം. ഇത്തരം പിഴവുകള്‍ ഉപയോഗപ്പെടുത്തി വിദൂരത്തിരുന്നു തന്നെ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ ഭീഷണി.

പഴയ ഐ.ഒ.എസ്, ഐപാഡ് ഒ.എസ്, മാക് ഒ.എസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയാണ് ഈ ഭീഷണി പ്രധാനമായും ബാധിക്കുന്നത്. ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ലെഗസി ഉപകരണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിഗത ഡാറ്റാ മോഷണം, ഐഡന്റിറ്റി മോഷണം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഈ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കുന്നു. ആധുനിക കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഒരു ചെറിയ വീഴ്ച പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഈ അപകടസാധ്യതയില്‍ നിന്ന് രക്ഷനേടാന്‍ ഉടന്‍ തന്നെ നിങ്ങളുടെ ആപ്പിള്‍ ഉപകരണങ്ങള്‍ ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഏക പോംവഴി. ഫോണിലെ സെറ്റിങ്സില്‍ പോയി സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെക്ക് ചെയ്യുകയും ലഭ്യമായ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ആപ്പിള്‍ പതിവായി സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ടെങ്കിലും, പലപ്പോഴും ഉപയോക്താക്കള്‍ ഇത് അവഗണിക്കുന്നത് ഹാക്കര്‍മാര്‍ക്ക് സഹായകരമാകുന്നു. അതിനാല്‍ ഒട്ടും വൈകാതെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.