13 Oct 2026 3:31 PM IST
Summary
യുപിഐ ഇടപാടുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ, തട്ടിപ്പ് തടയല്‍, സിസ്റ്റത്തിന്റെ വിശ്വാസ്യത, ഉപഭോക്തൃ സേവനം എന്നിവയുടെ ചെലവുകള്‍ കണ്ടെത്തുന്നതിനാണ് എംഡിആര്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം
തിരഞ്ഞെടുത്ത യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ദീപാവലിക്ക് ശേഷം നവംബറിലേക്ക് മാറ്റി. ഒക്ടോബര്‍ 15 മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനം നീട്ടിവെച്ചതായി നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ഒക്ടോബര്‍ 13ന് ചേര്‍ന്ന യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
സെപ്റ്റംബറില്‍ തീരുമാനിച്ച നിരക്കനുസരിച്ച്, 2,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത പേഴ്‌സണ്‍-ടു-മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഈടാക്കാനാണ് നിര്‍ദേശം. അതായത്, 10,000 രൂപയുടെ ഇടപാടിന് 40 രൂപ ഫീസായി വരും. റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, കാര്‍ഷിക ഇന്‍പുട്ടുകള്‍ തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയുടെ ഫ്‌ലാറ്റ് നിരക്കാണ് നിര്‍ദേശിച്ചിരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളും മിക്ക ദൈനംദിന വ്യാപാരി ഇടപാടുകളും സൗജന്യമായി തുടരുമെന്നാണ് അറിയിപ്പ്.
യുപിഐ ഇടപാടുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ, തട്ടിപ്പ് തടയല്‍, സിസ്റ്റത്തിന്റെ വിശ്വാസ്യത, ഉപഭോക്തൃ സേവനം എന്നിവയുടെ ചെലവുകള്‍ കണ്ടെത്തുന്നതിനാണ് എംഡിആര്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. യുപിഐ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിവര്‍ഷം ഏകദേശം 20,000 കോടി രൂപ ചെലവാകുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദേശപ്രകാരം, ചാര്‍ജ് ഉപഭോക്താക്കള്‍ക്കല്ല, വ്യാപാരികള്‍ക്കാണ് ബാധകമാകുക. 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് ഫീസ് 300 രൂപയായി പരിമിതപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ ഫീസ് ചെറുകിട വ്യാപാരികള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റുകളെ ആശ്രയിക്കുന്ന സേവനദാതാക്കള്‍ക്കും അധിക ചെലവുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. ഫീസ് വര്‍ധന വ്യാപാരികള്‍ യുപിഐ സ്വീകരിക്കുന്നതിനെ പ്രതികൂലമായി ബാധിക്കാമെന്നും അധിക ചെലവ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഉത്സവകാലത്തെ ഉയര്‍ന്ന ഉപഭോക്തൃ ചെലവിനിടെ വ്യാപാരികള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് നടപ്പാക്കല്‍ മാറ്റിവെച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
