image

24 March 2026 7:22 PM IST

Technology

India Plans Next-Gen Corvettes to Boost Naval Power : 40,000 കോടി രൂപ ;നാവിക ശക്തി വർധിപ്പിക്കാൻ ഇന്ത്യ: നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകൾക്ക് പച്ചക്കൊടി

MyFin Desk

India Plans Next-Gen Corvettes to Boost Naval Power : 40,000 കോടി രൂപ ;നാവിക ശക്തി വർധിപ്പിക്കാൻ ഇന്ത്യ: നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകൾക്ക് പച്ചക്കൊടി
X

Summary

40,000 കോടി രൂപയുടെ പദ്ധതിയിൽ 8 അത്യാധുനിക യുദ്ധക്കപ്പലുകൾ; 2030ഓടെ ആദ്യ കപ്പൽ സേവനത്തിൽ


നാവികസേനയുടെ പ്രഹരശേഷി ശക്തിപ്പെടുത്താൻ ഇന്ത്യ അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിലേക്ക് കടക്കുന്നു. കോർവെറ്റ് വിഭാഗത്തിൽപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ ഏകദേശം 40,000 കോടി രൂപയുടെ വലിയ പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഉടൻ ഇതിന് അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

‘ആത്മനിർഭർ ഭാരത്’

‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ്, ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഈ കപ്പലുകൾ നിർമ്മിക്കുക. നിലവിൽ സേവനത്തിൽ ഉള്ളതും സേവന കാലാവധി പൂർത്തിയാകാനിരിക്കുന്ന ഖുക്രി, കോറ ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് പുതിയ യുദ്ധക്കപ്പലുകൾ എത്തുന്നത്.

വേ​ഗത

ഏകദേശം 3,000 ടൺ ഭാരമുള്ള ഈ കപ്പലുകൾ 30 നോട്ട്‌സ് വരെ വേഗത്തിൽ സഞ്ചരിക്കും. അന്തർവാഹിനി വിരുദ്ധ പോരാട്ടം, ഉപരിതല യുദ്ധം, തീരദേശ പ്രതിരോധം എന്നിവയ്ക്കായി ഇവയെ ഉപയോഗിക്കും. അത്യാധുനിക ആർട്ടിലറി ഗണ്ണുകൾ, സർഫസ്-ടു-സർഫസ് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനം, മെച്ചപ്പെടുത്തിയ സെൻസറുകൾ എന്നിവയും ഈ കപ്പലുകളുടെ പ്രത്യേകതകളായിരിക്കും.

പ്രധാന സവിശേഷത

റഡാർ കണ്ടെത്തലുകൾ ഒഴിവാക്കാൻ കഴിയുന്ന സ്റ്റെൽത്ത് സാങ്കേതിക വിദ്യയും ഈ കപ്പലുകളിൽ ഉൾപ്പെടും. സംവിധാനങ്ങളുടെയും ഘടകങ്ങളുടെയും ഭൂരിഭാഗവും രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത.

നിർമ്മാണം

അനുമതി ലഭിച്ചാൽ ഈ വർഷം തന്നെ നിർമ്മാണം ആരംഭിച്ച് 2030ഓടെ ആദ്യ കപ്പൽ നാവികസേനയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യം. തുടർന്ന് ഓരോ വർഷവും ഓരോ കപ്പലുകൾ വീതം സേവനത്തിൽ എത്തിക്കും. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് കരുത്തേകുന്ന ഈ പദ്ധതി നാവികസേനയുടെ പ്രവർത്തനക്ഷമതയും പോരാട്ടവീര്യവും ഗണ്യമായി ഉയർത്തും.