image

26 Dec 2025 9:43 PM IST

Technology

I Phone 18 Pro Series 2026 : ഐഫോണ്‍ 18 പ്രോ സീരീസ് 2026 ല്‍ പുറത്തിറങ്ങും

MyFin Desk

I Phone 18 Pro Series 2026  : ഐഫോണ്‍ 18 പ്രോ സീരീസ് 2026 ല്‍ പുറത്തിറങ്ങും
X

Summary

ഡിസൈനിലും സാങ്കേതികവിദ്യയിലും മാറ്റങ്ങൾ


ഐഫോണ്‍ 18 പ്രോ സീരീസ് 2026 ല്‍ പുറത്തിറങ്ങും. വെറും ഒരു വാര്‍ഷിക അപ്ഡേറ്റിന് അപ്പുറം ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഐഫോണ്‍ എത്തുന്നത്. ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങി അധികകാലമാകുന്നതിന് മുമ്പേ തന്നെ ആപ്പിളിന്റെ അടുത്ത തലമുറയായ ഐഫോണ്‍ 18 സീരീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. 2026ല്‍ ഐഫോണ്‍ 18 പ്രോയും 18 പ്രോ മാക്സും ഉള്‍പ്പെടുന്ന പ്രീമിയം മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനൊപ്പം തന്നെയാകും ഈ പ്രോ സീരീസുകളുടെ ലോഞ്ച് നടക്കുകയെന്നും വിലയിരുത്തപ്പെടുന്നു.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 18 പ്രോ സീരീസ് നിലവിലെ 17 സീരീസില്‍ നിന്ന് ശ്രദ്ധേയമായ ഡിസൈന്‍ മാറ്റങ്ങളോടെയാണ് എത്തുക. പ്രത്യേകിച്ച് ഡിസ്‌പ്ലേ മേഖലയിലാണ് വലിയ നവീകരണം പ്രതീക്ഷിക്കുന്നത്. ഫേസ് ഐഡി ഘടകങ്ങള്‍ ആദ്യമായി ഡിസ്‌പ്ലേയുടെ അടിയിലേക്ക് മാറ്റുന്നതോടെ ഡൈനാമിക് ഐലന്‍ഡ് ഏറെ ചെറുതാകുകയോ പൂര്‍ണമായും ഒഴിവാക്കപ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഇതോടെ ഇതുവരെ ഐഫോണുകളില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ചെറിയ ഡിസ്‌പ്ലേ കട്ടൗട്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രോസസര്‍ രംഗത്തും വലിയ ചുവടുമാറ്റമാണ് ആപ്പിള്‍ ഒരുക്കുന്നത്. ഐഫോണ്‍ 18 പ്രോ സീരീസില്‍ ലോകത്തിലെ ആദ്യ 2 നാനോമീറ്റര്‍ ചിപ്പായ എ20 പ്രോ ഉപയോഗിക്കുമെന്നാണ് സൂചന. ഇതിലൂടെ കൂടുതല്‍ വേഗത, മികച്ച ബാറ്ററി കാര്യക്ഷമത, ശക്തമായ എഐ പ്രകടനം എന്നിവ ഉറപ്പാക്കാനാണ് ലക്ഷ്യം. ക്യാമറ മേഖലയിലും നിര്‍ണായക പരിഷ്‌കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ആദ്യമായി ഐഫോണില്‍ വേരിയബിള്‍ അപ്പര്‍ച്ചര്‍ മെയിന്‍ ക്യാമറ അവതരിപ്പിച്ചേക്കും.

ഇതോടെ പ്രകാശം സാഹചര്യത്തിനനുസരിച്ച് നിയന്ത്രിക്കാനും പ്രൊഫഷണല്‍ ക്യാമറകളെ പോലെ മികച്ച പോര്‍ട്രെയ്റ്റ്, ലാന്‍ഡ്സ്‌കേപ്പ് ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കും. കൂടാതെ ക്വാല്‍ക്കോമിന് പകരമായി ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ച സി2 മോഡം 5ജി കണക്റ്റിവിറ്റിക്കായി ഉപയോഗിക്കുമെന്നും, ഇത് ഡാറ്റാ സ്പീഡിലും സിഗ്‌നല്‍ റേഞ്ചിലും വലിയ പുരോഗതി കൈവരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.