image

9 Jan 2026 10:31 AM IST

Technology

ISRO LAUNCH: പുതിയ വർഷം ആദ്യ ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ (ISRO) ;16 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

MyFin Desk

ISRO LAUNCH: പുതിയ വർഷം ആദ്യ ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ (ISRO) ;16 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും
X

Summary

ആദ്യ ദൗത്യത്തിന് ഐഎസ്ആർഒ. ദൗത്യത്തിലുള്‍പ്പെട്ട മുഖ്യ ഉപഗ്രഹമാണ് ഇഒഎസ്-എന്‍1. ഇതിനെ സംബന്ധിച്ച് ഐഎസ്ആര്‍ഒ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല


പുതിയ വർഷത്തിൽ ആദ്യ വിക്ഷേപണ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ സി62 റോക്കറ്റ് പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി ജനുവരി 12ന് വിക്ഷേപണം നടത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ രാവിലെ 10.17-നാണ് വിക്ഷേപണം.

ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡ്(എൻഎസ്ഐഎൽ)ആണ് ദൗത്യം ഏറ്റെടുത്ത് ചെയ്യുന്നത്. രണ്ട് സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ ഡിഎൽ വേരിയന്റാണ് ഈ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. റോക്കറ്റിൽ ഉപഗ്രഹങ്ങൾ ഘടിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായി. വിക്ഷേപണത്തിനു മുന്നോടിയായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

ഇഒഎസ്-എൻ1 ; വിവരങ്ങൾ പുറത്ത് വിടാതെ ഐഎസ്ആർഒ

ദൗത്യത്തിലുൾപ്പെട്ട മുഖ്യ ഉപഗ്രഹമാണ് ഇഒഎസ്-എൻ1. ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഐഎസ്ആർഒ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തന്ത്രപ്രധാനമായ നിരീക്ഷണത്തിനായി രൂപംനൽകിയ ഉപഗ്രഹമാണിതെന്നാണ് സൂചന. സ്പാനിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (കെഐഡി) ആണ് മറ്റൊരു ഉപഗ്രഹം. ഇത് ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. പിന്നീട് ദക്ഷിണ പസിഫിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യും

ചന്ദ്രയാൻ1, ചൊവ്വാ ദൗത്യം, ആദിത്യ എൽ1, ആസ്ട്രോസാറ്റ് ദൗത്യം എന്നിങ്ങനെ ശ്രദ്ധേയമായ ദൗത്യങ്ങൾക്ക് ഉപയോഗിച്ച വിക്ഷേപണവാഹനമാണ് പിഎസ്എൽവി. 2017-ൽ 104 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച് ലോക റെക്കോഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മേയിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-9 ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി61 ദൗത്യം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്.