24 Nov 2026 8:38 AM IST
എന്‍വിഡിയയില്‍ വന്‍ ട്വിസ്റ്റ്; ഹുവാങ് വീണ്ടും സിഇഒ, പിന്നില്‍ ട്രംപിന്റെ ഇടപെടല്‍
MyFin Desk
Summary
അതേസമയം, വിവാദങ്ങളില്‍ കമ്പനിയുടെ സ്വതന്ത്ര അന്വേഷണം തുടരുമെന്നും ദേശീയ സുരക്ഷയും കയറ്റുമതി നിയന്ത്രണങ്ങളും നിരീക്ഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും എന്‍വിഡിയ അറിയിച്ചു
വെറും 11 ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഐ കമ്പനിയുടെ തലപ്പത്ത് വന്‍ തിരിച്ചുവരവ്. എന്‍വിഡിയയുടെ സഹസ്ഥാപകന്‍ ജെന്‍സണ്‍ ഹുവാങിനെ വീണ്ടും സിഇഒയായി നിയമിച്ചതായി കമ്പനി പ്രഖ്യാപിച്ചു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഹുവാങ്ങിന്റെ സത്യസന്ധതയിലും നേതൃത്വശേഷിയിലും ബോര്‍ഡിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, അദ്ദേഹത്തിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് മുതിര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയെന്നും എന്‍വിഡിയ വ്യക്തമാക്കി. ഇതോടെ ഇടക്കാല സിഇഒയായിരുന്ന സിഎഫ്ഒ കോളെറ്റ് ക്രെസ് വീണ്ടും സിഎഫ്ഒ സ്ഥാനത്തേക്ക് മടങ്ങും.
നവംബര്‍ 12-നാണ് എല്ലാം തകര്‍ന്നത്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് യുഎസ് അധികൃതര്‍ സംശയിക്കുന്ന ബിസിനസുകാരിയുമായുള്ള വിവാഹേതര ബന്ധം പുറത്തുവന്നതോടെയാണ് ഹുവാങ് സിഇഒ സ്ഥാനം രാജിവെച്ചത്. ഇതോടെ കമ്പനിയുടെ നേതൃത്വത്തിലും ദേശീയ സുരക്ഷയിലും വലിയ ആശങ്ക ഉയര്‍ന്നു. എന്നാല്‍ ഹുവാങ്ങിനെ തിരിച്ചുകൊണ്ടുവരണമെന്ന് ജീവനക്കാരും ഓഹരി ഉടമകളും ബിസിനസ് പങ്കാളികളും ശക്തമായി ആവശ്യപ്പെട്ടു. ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ച ഹര്‍ജിക്ക് 1.8 ലക്ഷത്തിലധികം പേരുടെ പിന്തുണ ലഭിച്ചു. ഹുവാങ്ങിനെ തിരിച്ചെടുക്കില്ലെന്ന് ചെയര്‍മാന്‍ ഹാര്‍വി ജോണ്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് ബോര്‍ഡ് നിലപാട് പൂര്‍ണ്ണമായും മാറ്റി.
ഈ തിരിച്ചുവരവിന് പിന്നില്‍ ട്രംപിന്റെ നേരിട്ടുള്ള ഇടപെടഉണ്ടായി എന്നത് യാഥാര്‍ത്ഥ്യം. ഹുവാങ് വലിയൊരു പാഠം പഠിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ വീണ്ടും സിഇഒയായി നിയമിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരിച്ചുവരവിന് ബോര്‍ഡിനെ പ്രേരിപ്പിക്കാന്‍ താന്‍ ഇടപെട്ടതായും ട്രംപ് പിന്നീട് അവകാശപ്പെട്ടു. എന്‍വിഡിയയുടെ ബോര്‍ഡ് തീരുമാനത്തില്‍ യുഎസ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളും നിര്‍ണായകമായി. അതേസമയം, വിവാദങ്ങളില്‍ കമ്പനിയുടെ സ്വതന്ത്ര അന്വേഷണം തുടരുമെന്നും ദേശീയ സുരക്ഷയും കയറ്റുമതി നിയന്ത്രണങ്ങളും നിരീക്ഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും എന്‍വിഡിയ അറിയിച്ചു.
എന്തുകൊണ്ട് ട്രംപ് ഹുവാങ്ങിനായി നിലകൊണ്ടു? ഉത്തരം ഒന്ന് മാത്രം - എഐ യുദ്ധം! ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വിഡിയയുടെ വളര്‍ച്ചയും അമേരിക്കയുടെ എഐ മേഖലയിലെ ആഗോള മേധാവിത്വവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. വീഡിയോ ഗെയിം ചിപ്പ് നിര്‍മ്മാതാവായിരുന്ന എന്‍വിഡിയയെ എഐ പ്രോസസറുകളുടെ ലോകത്തെ മുന്‍നിര വിതരണക്കാരനാക്കി വളര്‍ത്തിയത് ഹുവാങ്ങിന്റെ നേതൃത്വമാണ്. ആഗോള എഐ മത്സരത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയുടെ സാങ്കേതിക മേധാവിത്വം നിലനിര്‍ത്തുന്നതില്‍ എന്‍വിഡിയയ്ക്കും ഹുവാങ്ങിനും നിര്‍ണായക പങ്കുണ്ട്. ഹുവാങ്ങിന്റെ അഭാവം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും അമേരിക്കയുടെ സാമ്പത്തിക-സാങ്കേതിക താല്‍പര്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് ട്രംപിന്റെ നിലപാടിന് പിന്നില്‍. ചുരുക്കത്തില്‍, വ്യക്തിജീവിത വിവാദങ്ങളെക്കാള്‍ വലുതാണ് അമേരിക്കയുടെ എഐ ഭാവി എന്ന് ട്രംപും ബോര്‍ഡും തീരുമാനിച്ചു.
ചുരുക്കത്തില്‍, ജെന്‍സണ്‍ ഹുവാങ്ങിന്റെ തിരിച്ചുവരവ് വെറുമൊരു സിഇഒ മാറ്റമല്ല - അത് വാള്‍സ്ട്രീറ്റിന്റെ തന്നെ തിരിച്ചുവരവായിരുന്നു! എന്‍വിഡിയ ഓഹരികള്‍ 31.5% കുതിച്ചതോടെ - 2003-ന് ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ നേട്ടം - നാസ്ഡാക്ക് 6.51% ഉയര്‍ന്ന് 24,089.56-ലും, എസ് & പി 500 4.73% ഉയര്‍ന്ന് 7,237.17-ലും, ഡൗ ജോണ്‍സ് 3.01% ഉയര്‍ന്ന് 49,595.31-ലും ക്ലോസ് ചെയ്തു. ഇത് 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും മികച്ച ദിവസമാണ്. ആഴ്ചകളോളം നീണ്ട എഐ വില്‍പ്പനയ്ക്ക് ശേഷം 'ശരിയായ വ്യക്തി തിരിച്ചെത്തി' എന്ന വിശ്വാസമാണ് വിപണിയെ വീണ്ടും ഉണര്‍ത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home
