10 Jan 2026 9:13 AM IST
Apple Memory Chip Shortage: ആഗോള മെമ്മറി ചിപ്പ് ക്ഷാമം : അടിയന്തര നീക്കങ്ങളുമായി ആപ്പിൾ
MyFin Desk
Summary
രണ്ടു മുതൽ മൂന്നുവർഷം വരെയുള്ള കരാറുകൾക്കായാണ് ആപ്പിൾ ശ്രമിക്കുന്നത്
വരും കാലങ്ങളിൽ ആഗോള മെമ്മറി ചിപ്പ് ക്ഷാമം മുന്നിൽ കണ്ട് അടിയന്തര നീക്കങ്ങളുമായി ഐഫോൺ നിർമാതാക്കളായ ആപ്പിൾ. ഇതിൻ്റെ ഭാഗമായി തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ ദക്ഷിണകൊറിയയിലേക്ക് പറഞ്ഞ് വിട്ടിരിക്കുകയാണ് കമ്പനി. സാംസങ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് പോലുള്ള കമ്പനികൾക്ക് സമീപം താമസിച്ചുകൊണ്ട് വ്യാപാര ചർച്ചകൾ നടത്താനും കരാറുകളിലെത്താനുമായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
പുറത്ത് വരുന്ന റിപ്പാേർട്ടുകൾ അനുസരിച്ച് മൊബൈൽ ഡിറാം (DRAM) ലഭ്യമാക്കുന്നതിനായി രണ്ടു മുതൽ മൂന്നുവർഷം വരെയുള്ള കരാറുകൾക്കായാണ് ആപ്പിൾ ശ്രമിക്കുന്നത്. വരാനിരിക്കുന്ന ഐഫോൺ മോഡലുകളിൽ പ്രതീക്ഷിക്കുന്ന 12GB LPDDR5X റാം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
മെമ്മറി ചിപ്പുകളുടെ വില ഉയരുന്നു
മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയരുന്നതാണ് ഈ അടിയന്തര നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഒരു 12 ജിബി LPDDR5X റാം മൊഡ്യൂളിന് ഇപ്പോൾ ആപ്പിളിന് ഏകദേശം 70 ഡോളർ (ഏകദേശം 5900 രൂപ) ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2025-ന്റെ തുടക്കത്തിലുണ്ടായിരുന്ന വിലയിൽ നിന്ന് വലിയൊരു വർധനവാണത്.
വൻതോതിൽ ഉത്പാദനം നടത്തുന്ന ആപ്പിളിനെ സംബന്ധിച്ച്, ഘടകങ്ങളുടെ വിലയിലുണ്ടാകുന്ന ചെറിയ വർധനവ് പോലും ശതകോടിക്കണക്കിന് ഡോളറിന്റെ അധിക ചെലവാണ് ഉണ്ടാക്കുക. ഘടകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ അത് ഫോൺ ലോഞ്ചുകൾ വൈകുന്നതിനും, ലഭ്യത കുറയുന്നതിനും ഹാർഡ്‌വെയർ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും കാരണമായേക്കാം.
ആപ്പിൾ മാത്രമല്ല ഡെൽ, ഗൂഗിൾ തുടങ്ങിയ മറ്റ് ആഗോള ടെക് കമ്പനികളും ദക്ഷിണ കൊറിയയിലെ ചിപ്പ് നിർമാണ കേന്ദ്രങ്ങളിലേക്ക് തങ്ങളുടെ സംഘങ്ങളെ അയച്ചുകഴിഞ്ഞു. ഇത് ഡി റാമിന് വേണ്ടിയുള്ള മത്സരം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.മെമ്മറി വിതരണക്കാർ വലിയ അളവിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതോടൊപ്പം വില വർധിപ്പിച്ചു നിർത്തുകയാണെന്നും പറയപ്പെടുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
