19 May 2026 8:51 PM IST
ആ ഇമെയില്‍ പുലര്‍ച്ചെ എത്തും; ജോലി നഷ്ടപ്പെടുക 8,000 പേര്‍ക്ക്, ടെക് ലോകത്ത് നടുക്കം
MyFin Desk
Summary
കേവലം ഒരു പിരിച്ചുവിടല്‍ മാത്രമല്ല, കമ്പനിക്കുള്ളില്‍ വലിയൊരു ഘടനാപരമായ മാറ്റത്തിനാണ് മെറ്റാ തുടക്കമിടുന്നത്. മാനേജീരിയല്‍ തസ്തികകള്‍ വലിയ തോതില്‍ വെട്ടിച്ചുരുക്കുന്നതിനൊപ്പം, നിലവിലുള്ള 7,000 ജീവനക്കാരെ പുതുതായി രൂപീകരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമുകളിലേക്ക് പുനര്‍വിന്യസിക്കാനും കമ്പനി പദ്ധതിയിടുന്നു
സിലിക്കണ്‍ വാലിയില്‍ വീണ്ടും പിരിച്ചുവിടല്‍ ഭീതി വിതച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഭീമന്മാരായ മെറ്റ നാളെ (മെയ് 20, 2026) വന്‍തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലിന് ഒരുങ്ങുന്നു. ആഗോളതലത്തിലുള്ള തങ്ങളുടെ ജീവനക്കാരില്‍ ഏകദേശം 10 ശതമാനത്തോളം വരുന്ന 8,000 ജോലികളാണ് കമ്പനി ഇല്ലാതാക്കുന്നത്. ചോര്‍ന്ന ഒരു മെമ്മോ പ്രകാരം, പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിക്ക് മൂന്ന് ഘട്ടങ്ങളിലായി ബാധിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. ഇതിന്റെ ഭാഗമായി വടക്കേ അമേരിക്കയിലെ ജീവനക്കാരോട് ബുധനാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേവലം ഒരു പിരിച്ചുവിടല്‍ മാത്രമല്ല, കമ്പനിക്കുള്ളില്‍ വലിയൊരു ഘടനാപരമായ മാറ്റത്തിനാണ് മെറ്റാ തുടക്കമിടുന്നത്. മാനേജീരിയല്‍ തസ്തികകള്‍ വലിയ തോതില്‍ വെട്ടിച്ചുരുക്കുന്നതിനൊപ്പം, നിലവിലുള്ള 7,000 ജീവനക്കാരെ പുതുതായി രൂപീകരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമുകളിലേക്ക് പുനര്‍വിന്യസിക്കാനും കമ്പനി പദ്ധതിയിടുന്നു. വേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന, കുറഞ്ഞ ജീവനക്കാരുള്ള ഒരു ഘടനയിലേക്ക് കമ്പനിയെ മാറ്റാനാണ് ലീഡര്‍മാര്‍ക്ക് മെറ്റാ ചീഫ് പീപ്പിള്‍ ഓഫീസര്‍ ജാനെല്‍ ഗെയിലിന്റെ നിര്‍ദ്ദേശം.
തുടര്‍ച്ചയായ തൊഴില്‍ നഷ്ടങ്ങളും അനിശ്ചിതത്വവും കാരണം മെറ്റയിലെ ജീവനക്കാരുടെ മനോവീര്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. നാളത്തെ നിര്‍ണായക പ്രഖ്യാപനത്തിന് മുന്നോടിയായി ഓഫീസുകളിലെ സൗജന്യ ലഘുഭക്ഷണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് പല ജീവനക്കാരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 6,000 ഒഴിവുകള്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ 8,000 പേരെക്കൂടി പുറത്താക്കാനുള്ള നീക്കം കമ്പനി നടത്തുന്നത്. മൊത്തത്തില്‍ കമ്പനിയുടെ 20 ശതമാനത്തോളം ജീവനക്കാരെ ഈ പുനഃസംഘടന നേരിട്ട് ബാധിക്കും.
മനുഷ്യര്‍ നിലവില്‍ ചെയ്യുന്ന ജോലികള്‍ സ്വയം ചെയ്യാന്‍ ശേഷിയുള്ള എഐ ഏജന്റുകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ഈ മാറ്റങ്ങള്‍ വരുത്തുന്നത്. എഐ സാങ്കേതികവിദ്യകളിലേക്ക് പൂര്‍ണ്ണമായി ചുവടുമാറുന്നതിന്റെ ഭാഗമായി 2026-ല്‍ മാത്രം 125 ബില്യണ്‍ മുതല്‍ 145 ബില്യണ്‍ ഡോളര്‍ വരെയാണ് മെറ്റാ മൂലധന നിക്ഷേപമായി മാറ്റിവെച്ചിരിക്കുന്നത്.
ഓഫീസുകളിലെ എഐ ഉപയോഗം ശക്തമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ മൗസ് ചലനങ്ങളും കീസ്ട്രോക്കുകളും നിരീക്ഷിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ മെറ്റാ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ആയിരത്തോളം ജീവനക്കാര്‍ ഒപ്പിട്ട നിവേദനം കമ്പനിക്ക് നല്‍കിക്കഴിഞ്ഞു. ഭാവിയില്‍ കൂടുതല്‍ എഐ ഉപകരണങ്ങളും മറ്റും കൊണ്ടുവരാന്‍ ശ്രമിക്കുന്ന മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്, ജീവനക്കാരുമായി സംവദിക്കാന്‍ സ്വന്തമായി ഒരു എഐ ക്ലോണ്‍ പോലുമുണ്ടെന്നാണ് പുറത്തുവരുന്ന വിസ്മയിപ്പിക്കുന്ന വിവരങ്ങള്‍.
പഠിക്കാം & സമ്പാദിക്കാം
Home
