image

11 May 2023 12:13 PM GMT

Technology

മൈക്രോസോഫ്റ്റില്‍ ഈ വര്‍ഷം ശമ്പള വര്‍ധനയില്ല

MyFin Desk

മൈക്രോസോഫ്റ്റില്‍ ഈ വര്‍ഷം ശമ്പള വര്‍ധനയില്ല
X

Summary

  • 2023 വര്‍ഷം ടെക് ലോകത്തെ സംബന്ധിച്ച് ശുഭകരമല്ലെന്നാണു സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
  • മുന്‍നിര ടെക് കമ്പനികളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുകയാണ്.
  • 2022-ല്‍ ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കാന്‍ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്.


2023 വര്‍ഷം ടെക് ലോകത്തെ സംബന്ധിച്ച് അത്ര ശുഭകരമല്ലെന്നാണു സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍നിര കമ്പനികളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുകയാണ്. ഇതിനുപുറമെ ശമ്പള വര്‍ധന ഉണ്ടാകില്ലെന്ന പ്രഖ്യാപനങ്ങളും വന്നു കൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ നിരവധി പ്രഫഷണലുകളെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡിന്‍ 716 പേരെയാണ് പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജീവനക്കാരെ പിരിച്ചുവിടുന്നതിനു പുറമെ ചൈനയിലുള്ള ലിങ്ക്ഡിന്റെ ഇന്‍കരിയേഴ്‌സ് ( InCareeers ) എന്ന ആപ്പിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമ്പദ്‌രംഗത്തെ മാന്ദ്യവും വെല്ലുവിളിയുമൊക്കെ കാരണം ഡിമാന്‍ഡ് കുറയുകയാണ്.സമീപഭാവിയില്‍ തന്നെ സാമ്പത്തികമാന്ദ്യം ഉണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് ടെക് ഭീമന്മാരെ കടുത്ത നടപടികളിലേക്ക് നയിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആമസോണും, ആല്‍ഫബെറ്റും, മെറ്റയും, ട്വിറ്ററുമൊക്കെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെയാണു പിരിച്ചുവിട്ടത്. ഇപ്പോള്‍ ഇതാ നിരാശയേകുന്ന മറ്റൊരു പ്രഖ്യാപനം മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്നു.ഈ വര്‍ഷം മുഴുവന്‍ സമയ ജീവനക്കാര്‍ക്കു ശമ്പള വര്‍ധനയുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെടുത്തതെന്നും ദീര്‍ഘകാല വിജയത്തിന് ഈ നീക്കം അനിവാര്യമാണെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ വിശദമാക്കി.

ഭാവിയില്‍ നേട്ടമാകുമെന്നു കരുതുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ശമ്പളവര്‍ധന ഒഴിവാക്കാനും ജീവനക്കാരെ വെട്ടിച്ചുരുക്കാനും കമ്പനി തീരുമാനമെടുത്തിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഓഹരിമൂല്യം സമീപകാലത്ത് വര്‍ധിച്ചതിനു പിന്നില്‍ എഐ മേഖലയില്‍ നടത്തിയ നിക്ഷേപമായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിറ്റി വികസിപ്പിച്ചെടുത്ത ഓപ്പണ്‍എഐ (OpenAI)ക്കൊപ്പം, ഓഫീസ് ഉല്‍പ്പന്നങ്ങളിലും, സെര്‍ച്ച് എഞ്ചിന്‍ ബിംഗിലും എഐ സാങ്കേതികവിദ്യ ഏകോപിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം.

അതേസമയം, കമ്പനി ജീവനക്കാര്‍ക്ക് ബോണസ്, പ്രമോഷന്‍ എന്നിവ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷം ചെയ്ത അളവില്‍ അമിതമായ ഫണ്ട് ഇതിനായി വിനിയോഗിക്കില്ല.

2022-ല്‍ ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കാന്‍ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്.