16 Jun 2026 1:32 PM IST
Summary
ജൂണ്‍ 22 വരെ ഇന്ത്യയില്‍ ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തി. ഇതിനൊപ്പം, സന്ദേശങ്ങള്‍ തിരുത്താനുള്ള 'മെസേജ് എഡിറ്റ്' സൗകര്യം ഈ മാസം 30 വരെ പൂര്‍ണ്ണമായും മരവിപ്പിക്കാനും തീരുമാനം
നീറ്റ് (യുജി) 2026 പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്ത് ടെലഗ്രാം ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പുനഃപരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം. പരീക്ഷാതട്ടിപ്പുകാര്‍ താവളമാക്കിയത് ടെലഗ്രാം ആപ്പിലായിരുന്നു. ഇതേതുടര്‍ന്നാണ് ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഐടി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ജൂണ്‍ 22 വരെ ഇന്ത്യയില്‍ ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തി. ഇതിനൊപ്പം, സന്ദേശങ്ങള്‍ തിരുത്താനുള്ള 'മെസേജ് എഡിറ്റ്' സൗകര്യം ജൂണ്‍ 30 വരെ പൂര്‍ണ്ണമായും മരവിപ്പിക്കാനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ശുപാര്‍ശ പ്രകാരം ഐടി മന്ത്രാലയം ഉത്തരവിട്ടു.
പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള അവസാന ആശ്രയം എന്ന നിലയിലാണ് അധികൃതര്‍ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. മുന്‍കൂട്ടി തയ്യാറാക്കിയ സന്ദേശങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്ത്, ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ തെളിവുകള്‍ ചമയ്ക്കുന്ന തട്ടിപ്പുകാരുടെ തന്ത്രം തകര്‍ക്കാന്‍ മെസേജ് എഡിറ്റ് ഫീച്ചര്‍ തടഞ്ഞത് ഏറെ നിര്‍ണ്ണായകമാണ്. 'നീറ്റ് പേപ്പര്‍ ലീക്ക്', 'റീ-നീറ്റ് മാഫിയ' തുടങ്ങിയ വ്യാജ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ചാനലുകളും ബോട്ടുകളും കണ്ടെത്തി ഇതിനകം തന്നെ അധികൃതര്‍ നീക്കം ചെയ്തു കഴിഞ്ഞു.
സുരക്ഷിതമായ ഔദ്യോഗിക പരീക്ഷാ ശൃംഖലയ്ക്ക് പുറത്ത് ഒരു ചോദ്യപേപ്പറും ലഭ്യമല്ലെന്നും, ഇത്തരത്തില്‍ പണം വാങ്ങി ചോദ്യപേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നവര്‍ പൂര്‍ണ്ണമായും തട്ടിപ്പുകാരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ മാത്രം പരിശോധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
