image

17 July 2026 3:00 PM IST

Technology

സൗജന്യ സ്ട്രീമിംഗിലേക്ക് നെറ്റ്ഫ്‌ലിക്‌സ്? സാധ്യതകള്‍ തള്ളാതെ സിഇഒ; വമ്പന്‍ ലക്ഷ്യവുമായി കമ്പനി

MyFin Desk

സൗജന്യ സ്ട്രീമിംഗിലേക്ക് നെറ്റ്ഫ്‌ലിക്‌സ്? സാധ്യതകള്‍  തള്ളാതെ സിഇഒ; വമ്പന്‍ ലക്ഷ്യവുമായി കമ്പനി
X

Summary

സൗജന്യ പ്ലാനുകള്‍ കൊണ്ട് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെങ്കിലും, നിലവില്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്ന വരിക്കാരുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുമോ എന്ന് നെറ്റ്ഫ്‌ലിക്‌സ് പരിശോധിക്കുന്നു


നെറ്റ്ഫ്‌ലിക്‌സില്‍ പരസ്യങ്ങളോട് കൂടിയ സൗജന്യ സ്ട്രീമിംഗ് പ്ലാന്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് സിഇഒ ടെഡ് സരണ്ടോസ്. 2026-ലെ രണ്ടാം പാദ വരുമാന ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, നിലവില്‍ ഉടനടി ഇത്തരമൊരു ഓഫര്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയൊന്നുമില്ലെന്നും, നിലവിലുള്ള വരിക്കാരുടെ എണ്ണത്തെ ബാധിക്കാത്ത രീതിയില്‍ മാത്രമേ ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗജന്യ പ്ലാനുകള്‍ കൊണ്ട് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെങ്കിലും, നിലവില്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്ന വരിക്കാരുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുമോ എന്ന കാര്യത്തില്‍ നെറ്റ്ഫ്‌ലിക്‌സ് അതീവ ജാഗ്രതയിലാണ്. അത്തരം ഒരു പദ്ധതി ഫലപ്രദമാകണമെങ്കില്‍, പരസ്യ ബിസിനസ്സ് കൃത്യമായി വിപുലീകരിച്ചിട്ടുള്ള വിപണികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും, ഇതിനായുള്ള സാമ്പത്തിക ഘടന രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സരണ്ടോസ് വിശദീകരിച്ചു.

നെറ്റ്ഫ്ലിക്സിലും എഐ

വരിക്കാരെ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ആളുകളിലേക്ക് സേവനം എത്തിക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി ഉള്ളടക്കം അതിവേഗം വിപുലീകരിച്ചുവരികയാണ്. പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടെ ഇടപെടല്‍ ശക്തമായി തുടരുന്നുവെന്നും, 2026-ന്റെ ആദ്യ പകുതിയില്‍ മൊത്തം കാഴ്ചക്കാർ ചെലവഴിക്കുന്ന സമയം 2 ശതമാനമായി വര്‍ദ്ധിച്ചുവെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 അവസാനത്തോടെ പരസ്യ ബിസിനസ്സിലൂടെ 3 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയും നെറ്റ്ഫ്‌ലിക്‌സ് ഒപ്പം കൂട്ടുന്നുണ്ട്. ഇതിനകം തന്നെ 300-ഓളം സിനിമകളിലും ടിവി ഷോകളിലും നിര്‍മ്മാണത്തിനായും പോസ്റ്റ്-പ്രൊഡക്ഷനായും ജനറേറ്റീവ് അക സാങ്കേതികവിദ്യ ഉപയോഗിച്ചുകഴിഞ്ഞു. പരസ്യ മേഖലയ്ക്കും ഗെയിമിംഗ് ബിസിനസ്സിനും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട്, കാലാനുസൃതമായ മാറ്റങ്ങളിലൂടെ ബിസിനസ്സ് വളര്‍ത്താനുള്ള കര്‍മ്മപദ്ധതികളിലാണ് നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍.