24 Dec 2025 8:42 PM IST
Summary
ചാനൽ ക്വിസ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചർ
ചാനൽ അഡ്മിൻമാർക്ക് ക്വിസ് അധിഷ്ഠിത അപ്ഡേറ്റുകൾ പങ്കുവെക്കാനുള്ള സൗകര്യവുമായി വാട്സാപ്പ് ചാനലിൽ പുതിയ ഫീച്ചർ വരുന്നു.ചാനൽ ക്വിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ഉപയോഗിച്ച് ഒരു ചോദ്യവും അതിനുള്ള ഉത്തരങ്ങൾ വിവിധ ഓപ്ഷനുകളായും ചാനലിൽ പങ്കുവെക്കാം. ഫോളോവർമാർക്ക ഈ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുത്ത് ക്വിസിൽ പങ്കെടുക്കാം. ഉത്തരം ശരിയാണോ തെറ്റാണോ എന്ന് തത്സമയം അറിയുകയും ചെയ്യും.
ആൻഡ്രോയിഡിലേയും ഐഒഎസിലേയും ഏറ്റവും പുതിയ പബ്ലിക്ക് ബീറ്റാ പതിപ്പിൽ വാട്സാപ്പ് ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് വാബീറ്റാ ഇൻഫൊ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അറ്റാച്ച് മെന്റ് മെനുവിലാണ് പുതിയ ക്വിസ് ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് പോൾ ഫീച്ചറിന് സമാനമായ ഇൻറർഫെയ്സ് തന്നെയാണിത്. ചാനൽ അഡ്മിന് ഇത് തിരഞ്ഞെടുത്ത് ചോദ്യവും അതിനുള്ള ഉത്തരം ഉൾപെടുന്ന ഓപ്ഷനുകളും നൽകി പോസ്റ്റ് ചെയ്യാം.
ഓരോ ഓപ്ഷനുകൾക്കുമൊപ്പം ചിത്രങ്ങളും നൽകാം. ഇതിൽ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ വാട്സാപ്പ് സ്ക്രീനിൽ ഒരു കൺഫെറ്റി ആനിമേഷൻ പ്രത്യക്ഷപ്പെടും. ഫോളവർമാരിൽ നിന്നുള്ള ഉത്തരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, ചാനൽ അഡ്മിൻമാർക്ക് ക്വിസിൽ എത്രപേർ പങ്കെടുത്തുവെന്നതുൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കും. ഇതിന് പുറമെ ആരെല്ലാം പങ്കെടുത്തുവെന്നും അറിയാൻ കഴിയും.
അഡ്മിന്റെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ അക്കൂട്ടത്തിലുണ്ടെങ്കിൽ അവരുടെ ഫോൺ നമ്പർ അറിയാനാവും. ചാനലുകളിൽ ഉപഭോക്താക്കളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും ചാനലുകളുടെ പ്രചാരം വർധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. താമസിയാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കുമായി ഇത് എത്തിയേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
