12 March 2026 9:58 PM IST
Summary
കയറ്റുമതിക്കും പ്രാദേശിക ഉല്‍പ്പാദനത്തിനും മുന്‍ഗണന നല്‍കുന്ന പുതിയ 'സൂപ്പര്‍ സബ്സിഡി' നയത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഇന്ത്യയെ വെറുമൊരു അസംബ്ലിങ് യൂണിറ്റില്‍ നിന്ന് മാറ്റി ലോകത്തിന്റെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ ഹബ്ബാക്കി മാറ്റുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം
ആപ്പിള്‍, സാംസങ് തുടങ്ങിയ ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ വമ്പന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കായി നിലവിലുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് പകരമായി, കയറ്റുമതിക്കും പ്രാദേശിക ഉല്‍പ്പാദനത്തിനും മുന്‍ഗണന നല്‍കുന്ന പുതിയ 'സൂപ്പര്‍ സബ്സിഡി' നയത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഇന്ത്യയെ വെറുമൊരു അസംബ്ലിങ് യൂണിറ്റില്‍ നിന്ന് മാറ്റി ലോകത്തിന്റെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ ഹബ്ബാക്കി മാറ്റുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
പുതിയ നിര്‍ദ്ദേശപ്രകാരം, ഇന്ത്യയില്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഓരോ ഫോണിനും കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. വെറുതെ ഫോണ്‍ നിര്‍മ്മിച്ചാല്‍ മാത്രം പോരാ, അവ ആഗോള വിപണിയിലേക്ക് എത്തിക്കുക കൂടി ചെയ്താല്‍ മാത്രമേ ഇനി മുതല്‍ പൂര്‍ണ്ണ ആനുകൂല്യം ലഭിക്കൂ. ഇതോടെ ഓപ്പോ, വിവോ, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളും ഇന്ത്യയിലെ ഫാക്ടറികളെ കേവലം ആഭ്യന്തര വിപണിക്ക് വേണ്ടിയല്ലാതെ, ആഗോള കയറ്റുമതി കേന്ദ്രങ്ങളായി മാറ്റാന്‍ നിര്‍ബന്ധിതരാകും.
സ്മാര്‍ട്ട്ഫോണുകളുടെ ഉള്ളിലെ ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നതാണ് പുതിയ നയത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഡിസ്പ്ലേ അസംബ്ലികള്‍, ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ നിര്‍ണായക ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് തന്നെ കണ്ടെത്തുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന തുക സബ്സിഡിയായി ലഭിക്കും. നിലവില്‍ പല ഭാഗങ്ങളും ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന രീതി അവസാനിപ്പിച്ച്, ഫോണിന്റെ 'ഡിഎന്‍എ' തന്നെ ഇന്ത്യന്‍ മണ്ണിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയിലേക്ക് അയക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ആപ്പിളിന്റെ പദ്ധതി. പുതിയ നയം നടപ്പിലാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരും. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ അടുത്ത ഘട്ടമെന്നോണം, ലോകമെമ്പാടുമുള്ള ആളുകളുടെ കയ്യിലിരിക്കുന്ന ഫോണുകളില്‍ 'Made in India' എന്ന ലേബല്‍ അഭിമാനത്തോടെ പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.
പഠിക്കാം & സമ്പാദിക്കാം
Home
