image

24 Dec 2025 4:47 PM IST

Technology

Bluebird-Block2-Lvm3-M6 :'ഇന്ത്യൻ ബാഹുബലി' കുതിച്ചത് അമേരിക്കൻ ബ്ലൂബേർഡുമായി; ചരിത്രത്തിലെ വഴിത്തിരിവ്

MyFin Desk

Bluebird-Block2-Lvm3-M6 :ഇന്ത്യൻ ബാഹുബലി കുതിച്ചത്  അമേരിക്കൻ ബ്ലൂബേർഡുമായി; ചരിത്രത്തിലെ വഴിത്തിരിവ്
X

Summary

വിശ്വസ്തമായ വാണിജ്യ വിക്ഷേപണ വാഹനമെന്ന പദവി ഉറപ്പിച്ചു


ബഹിരാകാശത്ത് ഇന്ത്യയുടെ കരുത്തുറ്റ മുഖമാണ് എൽവിഎം 3 . 'ബാഹുബലി' എന്ന വിളിപ്പേര് യഥാർത്ഥ്യമാക്കും വിധം കൂറ്റൻ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ഈ കരുത്തൻ റോക്കറ്റ്, മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ എഎസ്‌ടി സ്പേസ് മൊബൈലിന്റെ ഭീമൻ ഉപഗ്രഹമായ 'ബ്ലൂബേർഡ് ബ്ലോക്ക്-2' വിജയകരമായി വിക്ഷേപിച്ചതോടെ വിശ്വസ്തമായ വാണിജ്യ വിക്ഷേപണ വാഹനമെന്ന പദവി എൽവിഎം 3 ഊട്ടിയുറപ്പിച്ചു.നേരത്തെ ജിഎസ്എൽവി മാർക്ക് 3 എന്നറിയപ്പെട്ടിരുന്ന റോക്കറ്റാണിത്. 2022 ഒക്ടോബറിലാണ് ഇതിനെ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്ന് പുനർനാമകരണം ചെയ്തത്. ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയതും കരുത്തുറ്റതുമായ വിക്ഷേപണ വാഹനമാണിത്.

പ്രധാന പ്രത്യേകതകൾ എന്തൊക്കെ?

ഉയരം: 43.5 മീറ്റർ, ഭാരം: വിക്ഷേപണ സമയത്ത് 640 ടൺ.ശേഷി: ലോവർ എർത്ത് ഓർബിറ്റിലേക്ക് 8,000 കിലോഗ്രാം വരെയും, ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4,200 കിലോഗ്രാം വരെയും ഭാരമെത്തിക്കാൻ സാധിക്കും.നിർമ്മാണച്ചെലവ്: ഏകദേശം 2,962.78 കോടി രൂപയാണ് ഇതിന്റെ വികസനത്തിനായി ചിലവായത്. മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനം.എൽവിഎം 3-ന്റെ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്: ഈ റോക്കറ്റിന്റെ കരുത്ത് അതിന്റെ മൂന്ന് ഘട്ടങ്ങളിലുള്ള എഞ്ചിൻ വിന്യാസമാണ്.

ഒന്നാം ഘട്ടം - S200 ബൂസ്റ്ററുകൾ: വിക്ഷേപണ സമയത്ത് റോക്കറ്റിനെ മുകളിലേക്ക് തള്ളാൻ സഹായിക്കുന്ന രണ്ട് കൂറ്റൻ ബൂസ്റ്ററുകളാണിവ. ഓരോ ബൂസ്റ്ററിലും 205 ടൺ ഖര ഇന്ധനം (Solid Propellant) ഉണ്ട്. വിക്ഷേപണം നടന്ന് ആദ്യത്തെ 128 സെക്കൻഡ് ഇവയാണ് റോക്കറ്റിനെ നയിക്കുന്നത്.രണ്ടാം ഘട്ടം - L110 ലിക്വിഡ് സ്റ്റേജ്: റോക്കറ്റിന്റെ മധ്യഭാഗമാണിത്. ഇതിൽ 116 ടൺ ദ്രാവക ഇന്ധനമുണ്ട്. ഇതിലെ രണ്ട് വികാസ് (Vikas) എൻജിനുകൾ ഏകദേശം 203 സെക്കൻഡ് നേരം പ്രവർത്തിക്കും. മൂന്നാം ഘട്ടം - സി25 ക്രയോജനിക് സ്റ്റേജ്. വിക്ഷേപണ വാഹനത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗം. ഇതിൽ 28 ടൺ ക്രയോജനിക് ഇന്ധനമാണുള്ളത്. ഇതിന്റെ പ്രവർത്തന സമയം 643 സെക്കൻഡ് ആണ്.

നേട്ടങ്ങൾ എന്തൊക്കെ?

2025 ഡിസംബർ 24-ന് നടന്ന ആറാമത്തെ ഓപ്പറേഷണൽ ഫ്ലൈറ്റിലൂടെ എൽവിഎം 3 പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. 90 സെക്കൻഡ് വൈകി: വിക്ഷേപണ പാതയിൽ മറ്റ് ഉപഗ്രഹങ്ങളുമായോ ബഹിരാകാശ അവശിഷ്ടങ്ങളുമായോ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിക്ഷേപണം 90 സെക്കൻഡ് വൈകിപ്പിച്ചത്.സാധാരണ സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമാണ് ബ്ലൂബേർഡ്. ഇത് വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാൻ ഇന്ത്യയുടെ ബാഹുബലിക്ക് സാധിച്ചു എന്നതാണ് നേട്ടം. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ളതാണ്. ഇത് LVM3 ഇതുവരെ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ എത്തിച്ച ഏറ്റവും ഭാരമേറിയ പേലോഡാണ് (മുൻ റെക്കോർഡ് CMS-03-ന്റെ 4,400 kg GTO-യിലേക്ക്). ഉപഗ്രഹത്തിന് 223 m² വിസ്തൃതിയുള്ള ഫേസ്ഡ് ആറേ ആന്റിനയുണ്ട്, ഇത് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷൻ ആറേയാണ്.

2014 ഡിസംബറിൽ ആദ്യ പരീക്ഷണ പറക്കൽ നടത്തിയ എൽവിഎം 3-യുടെ ചരിത്രത്തിൽ തോൽവികളില്ല. ചന്ദ്രയാൻ-2 & ചന്ദ്രയാൻ-3: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യങ്ങളെ ബഹിരാകാശത്തെത്തിച്ചത് ഈ റോക്കറ്റാണ്. വൺവെബ് : ബ്രിട്ടീഷ് കമ്പനിയുടെ 72 ഉപഗ്രഹങ്ങളെ രണ്ട് ദൗത്യങ്ങളിലായി (LVM3-M2, LVM3-M3) ഭ്രമണപഥത്തിലെത്തിച്ചു. സിഎംഎസ്-03 : 2025 നവംബർ 2-ന് നടന്ന വിക്ഷേപണവും വൻ വിജയമായിരുന്നു.

ഭാവിയിൽ ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ 'ഗഗൻയാനി'ലും എൽവിഎം 3 ആണ് പ്രധാന പങ്ക് വഹിക്കുക. ഗഗൻയാൻ ദൗത്യത്തിനായി ഈ റോക്കറ്റിനെ മനുഷ്യനെ വഹിക്കാവുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്. വൈകാതെ തന്നെ 'വ്യോമിത്ര' എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ വഹിച്ചുകൊണ്ടുള്ള പരീക്ഷണ വിക്ഷേപണം നടക്കും. 4,000 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ജിടിഒയിലേക്കും, 8,000 മുതൽ 10,000 കിലോ വരെയുള്ളവയെ എൽഇഒയിലേക്കും എത്തിക്കാൻ ശേഷിയുള്ള എൽവിഎം 3 ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ്.