image

30 Oct 2025 7:15 PM IST

Technology

അഞ്ച് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ

MyFin Desk

അഞ്ച് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ
X

Summary

ഫ്രാന്‍സിന്റെയോ ജര്‍മ്മനിയുടെയോ ജിഡിപിയേക്കാള്‍ വലുതാണ് എന്‍വിഡിയയുടെ വിപണി മൂല്യം


ലോകത്തെ ആദ്യ 5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. എന്‍വിഡിയയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഫ്രാന്‍സിന്റെയോ ജര്‍മ്മനിയുടെയോ ജിഡിപിയേക്കാള്‍ വലുതാണ് എന്‍വിഡിയയുടെ നിലവിലെ വിപണി മൂല്യം. കൂടാതെ, ടെസ്ല, മെറ്റ , നെറ്റ്ഫ്‌ലിക്‌സ് എന്നീ കമ്പനികളുടെയെല്ലാം ചേര്‍ന്ന വിപണി മൂല്യത്തേക്കാള്‍ ഉയര്‍ന്നതാണ് ഈ നേട്ടം.

ഏറ്റവും വലിയ ആഗോള വിപണി മൂലധനമുള്ള മറ്റ് രണ്ട് കമ്പനികളായ മൈക്രോസോഫ്റ്റും ആപ്പിളും 4 ട്രില്യണ്‍ ഡോളര്‍ മൂല്യം എന്ന പരിധി മറികടന്നിട്ടുണ്ടെങ്കിലും എന്‍വിഡിയയ്ക്ക് അടുത്തെത്തിയിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തമായ മുന്നേറ്റങ്ങള്‍ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. എഐ സാങ്കേതികവിദ്യകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ശക്തിയേറിയ ഗ്രാഫിക് ചിപ്പുകള്‍ നല്‍കുന്നതില്‍ പ്രധാനിയാണ് എന്‍വിഡിയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍വിഡിയ ചിപ്പുകളുടെ ശക്തമായ വില്‍പനയാണ് നടന്നുകൊണ്ടിരിക്കുന്നത്.

നോക്കിയ, ഓപ്പണ്‍ എഐ ഉള്‍പ്പടെയുള്ള കമ്പനികളുമായുണ്ടാക്കിയ പുതിയ കരാറുകള്‍, ചൈനീസ് വിപണിയിലേക്ക് കടക്കാനാവുമെന്ന പ്രതീക്ഷ എന്നിവയെല്ലാം കമ്പനിയുടെ മൂല്യമുയര്‍ത്തുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയ്ക്കും മറ്റ് മുന്‍നിര ലാര്‍ജ് ലാംഗ്വേജ് മോഡലുകളില്‍ ഭൂരിഭാഗത്തിനും കരുത്ത് പകരുന്ന അത്യാധുനിക ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്നത് എന്‍വിഡിയയാണ്. നേരത്തെ ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് എഡിറ്റിങ് എന്നിവയ്ക്കാവശ്യമായ കംപ്യൂട്ടറുകളിലും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങളിലും മറ്റ് ഗെയിമിങ് ഉപകരണങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന എന്‍വിഡിയയുടെ ജിപിയു വില്‍പന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയോടെയാണ് ശക്തമായത്.