11 Nov 2026 9:58 AM IST
ഓഫീസ് ജോലികള്‍ ഇനി ക്ലോഡില്‍ എളുപ്പം; പ്രവര്‍ത്തനശേഷി വിപുലീകരിച്ച് ആന്ത്രോപ്പിക്
MyFin Desk
Summary
ആശയങ്ങള്‍ പങ്കുവെക്കാന്‍ Whiteboards
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആന്ത്രോപിക് (Anthropic) തങ്ങളുടെ ക്ലോഡ് (Claude) പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനശേഷി വിപുലീകരിച്ചു. സ്‌പ്രെഡ്ഷീറ്റുകള്‍ തയ്യാറാക്കാനും ഡിജിറ്റല്‍ വൈറ്റ്‌ബോര്‍ഡുകള്‍ സൃഷ്ടിക്കാനും ഡാറ്റ ഡാഷ്‌ബോര്‍ഡുകള്‍ നിര്‍മിക്കാനും സഹായിക്കുന്ന പുതിയ ടൂളുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതോടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും ടെക്സ്റ്റുകള്‍ തയ്യാറാക്കുന്നതിനും അപ്പുറം, ഓഫീസ് ജോലികളും ടീം സഹകരണവും ഒരേ പ്ലാറ്റ്ഫോമില്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. ചൊവ്വാഴ്ച പ്രഖ്യാപിച്ച പുതിയ ഫീച്ചറുകള്‍ വഴി ക്ലോഡില്‍ തന്നെ സ്‌പ്രെഡ്ഷീറ്റുകള്‍ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും ആശയങ്ങള്‍ പങ്കുവെക്കാനും ഡാറ്റയുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. മൈക്രോസോഫ്റ്റ് 365, ഗൂഗിള്‍ വര്‍ക്ക്സ്പേസ് തുടങ്ങിയ പ്രമുഖ പ്രൊഡക്ടിവിറ്റി പ്ലാറ്റ്ഫോമുകള്‍ക്ക് ശക്തമായ മത്സരം നല്‍കുന്നതാണ് ഈ നീക്കം.
Excel മാതൃകയില്‍ Claude Sheets
മൈക്രോസോഫ്റ്റ് എക്‌സല്‍, ഗൂഗിള്‍ ഷീറ്റ്സ് എന്നിവയ്ക്ക് സമാനമായ സൗകര്യങ്ങളാണ് ക്ലോഡ് ഷീറ്റ്സ് (Claude Sheets) നല്‍കുന്നത്. വിവിധ ഡാറ്റകള്‍ ക്രമീകരിക്കാനും ഫോര്‍മുലകള്‍ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും ഒന്നിലധികം ടാബുകളിലായി പ്രവര്‍ത്തിക്കാനും ടീമുകള്‍ക്ക് സാധിക്കും. ഒരേസമയം ഒന്നിലധികം പേര്‍ക്ക് ഡാറ്റയില്‍ സഹകരിച്ചും പ്രവര്‍ത്തിക്കാം.
ആശയങ്ങള്‍ പങ്കുവെക്കാന്‍ Whiteboards
ടീം മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും ആശയങ്ങള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ക്ലോഡ് വൈറ്റ്‌ബോര്‍ഡ്സ് (Claude Whiteboards). ഒരു പൊതുവായ ഡിജിറ്റല്‍ ഇടത്തില്‍ ആശയങ്ങള്‍ പങ്കുവെക്കാനും ക്രമീകരിക്കാനും കഴിയും. ചര്‍ച്ചകളുടെ ഉള്ളടക്കം സംഗ്രഹിക്കാനും ക്ലോഡിന്റെ സഹായം തേടാം.
ഡാറ്റാ വിശകലനത്തിന് Claude Data
നേരത്തെ ഡാഷ്‌ബോര്‍ഡ്സ് എന്നറിയപ്പെട്ടിരുന്ന സംവിധാനമാണ് ക്ലോഡ് ഡാറ്റ (Claude Data) എന്ന പേരില്‍ വിപുലീകരിച്ചിരിക്കുന്നത്. സ്‌നോഫ്‌ലേക്ക് (Snowflake), സെയില്‍സ്‌ഫോഴ്‌സ് (Salesforce) തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിച്ച് ഡാറ്റ വിശകലനം ചെയ്യാനും വിഷ്വല്‍ ഡാഷ്‌ബോര്‍ഡുകള്‍ തയ്യാറാക്കാനും ഇതിലൂടെ സാധിക്കും. ഡാറ്റയുടെ അടിസ്ഥാനത്തില്‍ ദൃശ്യാവിഷ്‌കാരങ്ങളും ഹ്രസ്വമായ വിവരണ വീഡിയോകളും സൃഷ്ടിക്കാനാകും. കമ്പനികളുടെ ഡാറ്റാ ടീമുകള്‍ അംഗീകരിച്ച നിര്‍വചനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
Adobe, Salesforce ഉള്‍പ്പെടെയുള്ള ആപ്പുകളും
പാര്‍ട്ണര്‍ ആപ്ലിക്കേഷനുകളെ നേരിട്ട് ക്ലോഡിനുള്ളില്‍ ഉപയോഗിക്കാവുന്ന ഇന്ററാക്ടീവ് കണക്ടറുകളും ആന്ത്രോപിക് അവതരിപ്പിക്കുന്നുണ്ട്. അഡോബി (Adobe), അറ്റ്‌ലാസിയന്‍ (Atlassian) തുടങ്ങിയവയുമായി ഇന്റഗ്രേഷന്‍ ലഭ്യമാകും. സെയില്‍സ്‌ഫോഴ്‌സ്, നെറ്റ്സ്യൂട്ട് (NetSuite), വര്‍ക്ക്ഡേ (Workday) എന്നിവയുടെ പ്ലഗിനുകള്‍ വഴി സെയില്‍സ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് വിഭാഗങ്ങളിലെ ജോലികളും ക്ലോഡിലൂടെ നിര്‍വഹിക്കാനാകും.
അക്കൗണ്ട് ട്രാക്കറുകള്‍, പ്രതിദിന ബ്രീഫിങ്ങുകള്‍, പ്രോജക്ട് സ്റ്റാറ്റസ് ബോര്‍ഡുകള്‍, കരാര്‍ പരിശോധനയ്ക്കുള്ള പട്ടികകള്‍ തുടങ്ങിയ ആവശ്യാനുസൃത ടൂളുകളും ക്ലോഡിന് തയ്യാറാക്കാനാകും. ഓരോ സ്ഥാപനത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തന സംവിധാനങ്ങള്‍ രൂപപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.
എന്റര്‍പ്രൈസ് സുരക്ഷയ്ക്ക് നിയന്ത്രണങ്ങള്‍
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഏതൊക്കെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം, ക്ലോഡിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താം, എത്ര തുക ചെലവഴിക്കാം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡാറ്റ കൈമാറ്റം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും എന്‍ക്രിപ്ഷന്‍ ഉറപ്പാക്കും. ഓഡിറ്റ് ലോഗുകള്‍ വഴി ഉപയോഗം നിരീക്ഷിക്കാനും സാധിക്കും.
IPO ലക്ഷ്യമിട്ട് Anthropic
അതേസമയം, ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകളും ആന്ത്രോപിക് ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കമ്പനി ഐപിഒ റോഡ്ഷോയ്ക്ക് തുടക്കമിട്ടത്. 825 ദശലക്ഷം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 64.35 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് ലക്ഷ്യം. ഓഹരിക്ക് 70 മുതല്‍ 78 ഡോളര്‍ വരെയാണ് നിര്‍ദേശിച്ചിരിക്കുന്ന വിലപരിധി. 'ANT' എന്ന ടിക്കര്‍ ചിഹ്നത്തില്‍ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
