image

24 Oct 2026 3:45 PM IST

Technology

ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തി ഒപ്പോ പാഡ് മിനി; എന്താണ് പ്രത്യേകത?

MyFin Desk

oppo pad mini poses a challenge to apple, what are its special features
X

Summary

മള്‍ട്ടിടാസ്‌കിങ് സൗകര്യങ്ങള്‍, എഐ ടൂളുകള്‍, മീറ്റിങ് റെക്കോര്‍ഡിങ്ങുകളുടെ സംഗ്രഹം തയ്യാറാക്കാനുള്ള ഫീച്ചറുകള്‍, സ്‌കെച്ചുകളെ ചിത്രങ്ങളാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍ എന്നിവ ഇതിലുണ്ട്


കോംപാക്റ്റ് ടാബ്ലെറ്റ് വിപണിയില്‍ ആപ്പിളിന്റെ ഐപാഡ് മിനിക്ക് വെല്ലുവിളിയുമായി ഒപ്പോ പാഡ് മിനി ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഡിസ്പ്ലേയും ശക്തമായ പ്രോസസറും എഐ അധിഷ്ഠിത ഫീച്ചറുകളും ഒതുക്കമുള്ള രൂപകല്‍പ്പനയും വാഗ്ദാനം ചെയ്യുന്ന പുതിയ ടാബ്ലെറ്റിന് 94,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലാണ് വിപണിയിലെത്തിയിരിക്കുന്നത്.

8.8 ഇഞ്ച് 2.5K OLED ഡിസ്പ്ലേയാണ് ഒപ്പോ പാഡ് മിനിയുടെ പ്രധാന ആകര്‍ഷണം. 144Hz റിഫ്രഷ് റേറ്റും 3,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 പ്രോസസര്‍, 8,000 mAh ബാറ്ററി, 67 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ്, സ്‌റ്റൈലസ് സപ്പോര്‍ട്ട് എന്നിവയും ഫീച്ചറുകളിലുണ്ട്. 282 ഗ്രാം ഭാരവും 5.46 മില്ലിമീറ്റര്‍ കനവുമുള്ള ടാബ്ലെറ്റ് യാത്രയ്ക്കിടയിലും ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16ലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഒരേസമയം ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കാനുള്ള മള്‍ട്ടിടാസ്‌കിങ് സൗകര്യങ്ങള്‍, എഐ ടൂളുകള്‍, മീറ്റിങ് റെക്കോര്‍ഡിങ്ങുകളുടെ സംഗ്രഹം തയ്യാറാക്കാനുള്ള ഫീച്ചറുകള്‍, സ്‌കെച്ചുകളെ ചിത്രങ്ങളാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍ എന്നിവ ഇതിലുണ്ട്. ഒപ്പോ ഫോണുകളുമായും ആന്‍ഡ്രോയിഡ്, ഐഫോണ്‍, മാക്, വിന്‍ഡോസ് ഉപകരണങ്ങളുമായും ഫയലുകള്‍ കൈമാറാനും കണക്റ്റിവിറ്റി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയും.

അതേസമയം, വരാനിരിക്കുന്ന ഐപാഡ് മിനി 8-ന് മുന്നില്‍ ഒപ്പോ പാഡ് മിനിക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാകുമെന്നതാണ് വിപണി ഉറ്റുനോക്കുന്നത്. ഐപാഡ് മിനി 8-ന്റെ ഡിസ്പ്ലേ, പ്രോസസര്‍, വില എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ പ്രതീക്ഷകളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. 94,999 രൂപ എന്ന ഉയര്‍ന്ന വില ഒപ്പോയ്ക്ക് വെല്ലുവിളിയാകുമ്പോള്‍, മികച്ച ഹാര്‍ഡ്വെയറും ആന്‍ഡ്രോയിഡ് അധിഷ്ഠിത ഉല്‍പാദനക്ഷമതാ ഫീച്ചറുകളും കോംപാക്റ്റ് ടാബ്ലെറ്റ് വിപണിയില്‍ പുതിയ മത്സരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.