image

5 March 2026 9:55 PM IST

Technology

Boycott ChatGPT: പെൻ്റഗൺ കരാറിനെതിരെ പ്രതിഷേധം; ചാറ്റ് ജി.പി.ടി ഉപേക്ഷിക്കാൻ ലക്ഷങ്ങൾ

MyFin Desk

Boycott ChatGPT: പെൻ്റഗൺ കരാറിനെതിരെ പ്രതിഷേധം; ചാറ്റ് ജി.പി.ടി ഉപേക്ഷിക്കാൻ ലക്ഷങ്ങൾ
X

Summary

അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എ.ഐ കരാറിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ചാണ് ദശലക്ഷക്കണക്കിന് ആളുകൾ ചാറ്റ് ജി.പി.ടി ഉപേക്ഷിക്കുന്നത്.


ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി ഉപയോക്താക്കൾ പെന്റഗൺ കരാറിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2.5 ദശലക്ഷത്തിലധികം ആളുകൾ ആപ്പ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.

പെൻ്റഗൺ കരാർ വിവാദത്തിൽ

അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എ.ഐ കഴിഞ്ഞ ആഴ്ച കരാർ ഒപ്പിട്ടിരുന്നു. പെന്റഗണിന്റെ രഹസ്യ ശൃംഖലകളിൽ എ.ഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ഈ തീരുമാനം പുറത്തുവന്നതോടെ ഉപയോക്താക്കളിൽ വ്യാപക പ്രതിഷേധം ഉയർന്നു. പലരും ഈ നീക്കം ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.

ആപ്പ് അൺ ഇൻസ്റ്റാളിൽ വൻ വർധന

കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ ചാറ്റ് ജി.പി.ടി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച മാത്രം അൺഇൻസ്റ്റാളുകളുടെ എണ്ണം 295 ശതമാനം ഉയർന്നു. ഇതോടെ ടെക് രംഗത്ത് ചാറ്റ് ജി.പി.ടിയുടെ നിലപാടിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.

ക്ലൌഡ് ചാറ്റ്ബോട്ടിന് നേട്ടം

ഇതിനിടെ ആന്ത്രോപിക് കമ്പനിയുടെ ‘ക്ലോഡ്’ ചാറ്റ്ബോട്ട് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി. പെന്റഗണുമായി സമാന കരാർ ലഭിച്ചിരുന്നെങ്കിലും, ആഭ്യന്തര നിരീക്ഷണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ആന്ത്രോപിക് നേരത്തെ തന്നെ കരാറിൽ നിന്ന് പിന്മാറിയിരുന്നു.

‘Quit ChatGPT’ ക്യാമ്പയിൻ ശക്തം

ഓപ്പൺ എ.ഐ മുമ്പ് സൈനിക ആവശ്യങ്ങൾക്കായി അവരുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും, പെന്റഗൺ കരാറിന് മുമ്പായി ഈ നിയന്ത്രണം നീക്കം ചെയ്തിരുന്നു. ഇതാണ് ഉപയോക്താക്കളിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ‘Quit ChatGPT’ എന്ന പേരിൽ വെബ്സൈറ്റുകൾ വഴി സംഘടിത ക്യാമ്പയിനുകൾ ആരംഭിക്കുകയും ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാനും റേറ്റിംഗ് കുറയ്ക്കാനും ഉപയോക്താക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

സാം ആൾട്ട്മാൻ ഖേദം പ്രകടിപ്പിച്ചു

പ്രതിഷേധം ശക്തമായതോടെ ഓപ്പൺ എ.ഐ സിഇഒ സാം ആൾട്ട്മാൻ ഖേദം പ്രകടിപ്പിച്ചു. കാര്യങ്ങൾ ഇത്ര വേഗത്തിൽ മുന്നോട്ടുപോയത് ശരിയായിരുന്നില്ലെന്നും ആശയവിനിമയത്തിലെ പിഴവുകൾ പ്രതികരണം വലുതാകാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.