3 March 2026 3:10 PM IST
പെന്റഗണ്‍ കരാറില്‍ ആള്‍ട്ട്മാന് 'പണികിട്ടി'; ഓപ്പണ്‍എഐ വിട്ട് ഉപയോക്താക്കള്‍, കോളടിച്ചത് ക്ലോഡിന്
MyFin Desk
Summary
കരാര്‍ വാര്‍ത്ത പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഓപ്പണ്‍എഐ നേരിടുന്നത്. ഫെബ്രുവരി 28-ന് ചാറ്റ്ജിപിടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 295 ശതമാനം വര്‍ദ്ധനവുണ്ടായി. അതേസമയം, ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ്' ആപ്പിന് ജനപ്രീതി ഏറുകയാണ്
യുഎസ് പ്രതിരോധ വകുപ്പുമായി (പെന്റഗണ്‍) എഐ കരാറില്‍ ഒപ്പിടാന്‍ ഓപ്പണ്‍എഐ കാണിച്ച തിരക്ക് വലിയ അബദ്ധമായെന്ന് സിഇഒ സാം ആള്‍ട്ട്മാന്‍ സമ്മതിച്ചു. എതിരാളികളായ ആന്ത്രോപിക് പെന്റഗണ്‍ കരാറില്‍ നിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ ഓപ്പണ്‍എഐ കരാര്‍ പ്രഖ്യാപിച്ചത് തിരക്കിട്ട നീക്കമായിപ്പോയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വരുംകാലങ്ങളില്‍ ഇത്തരം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുമെന്നും ഇതൊരു വലിയ പാഠമാണെന്നും ആള്‍ട്ട്മാന്‍ വ്യക്തമാക്കി.
പെന്റഗണ്‍ ആവശ്യപ്പെട്ട സുരക്ഷാ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആന്ത്രോപിക് കരാറില്‍ നിന്ന് പിന്മാറിയത്. എഐ വ്യവസായവും പ്രതിരോധ വകുപ്പും തമ്മിലുള്ള ബന്ധം വഷളാകാതിരിക്കാനാണ് തങ്ങള്‍ പെന്റഗണുമായി സഹകരിച്ചതെന്നാണ് ആള്‍ട്ട്മാന്റെ വിശദീകരണം.
ജനപ്രീതിയുമായി ക്ലോഡ്
കരാര്‍ വാര്‍ത്ത പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഓപ്പണ്‍എഐ നേരിടുന്നത്. ഫെബ്രുവരി 28-ന് ചാറ്റ്ജിപിടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 295 ശതമാനം വര്‍ദ്ധനവുണ്ടായി. അതേസമയം, ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ്' ആപ്പിന് ജനപ്രീതി ഏറുകയാണ്. ക്ലോഡ് ഡൗണ്‍ലോഡുകളില്‍ 51 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഒന്നാമതെത്തുകയും ചെയ്തു. പോപ്പ് താരം കാറ്റി പെറി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആന്ത്രോപ്പിക്കിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ ശക്തമായതോടെ കരാറില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആള്‍ട്ട്മാന്‍ വെളിപ്പെടുത്തി. യുഎസ് പൗരന്മാരെ നിരീക്ഷിക്കാനോ ട്രാക്ക് ചെയ്യാനോ ഓപ്പണ്‍എഐയുടെ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുന്ന മെമ്മോ അദ്ദേഹം പങ്കുവെച്ചു. ഭരണഘടനയുടെ നാലാം ഭേദഗതിയും ദേശീയ സുരക്ഷാ നിയമങ്ങളും പാലിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണാധികാരമുള്ള ആയുധങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞില്ലെങ്കിലും, എഐ സാങ്കേതികവിദ്യ ഇനിയും പാകപ്പെടാത്ത മേഖലകളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആള്‍ട്ട്മാന്‍ വ്യക്തമാക്കി. എന്‍എസ്എ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഓപ്പണ്‍എഐ സേവനം ലഭ്യമാകില്ല. ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവിനും താന്‍ വഴങ്ങില്ലെന്നും, അതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ആൾട്ട്മാൻ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
