image

10 Jan 2026 8:44 PM IST

Technology

Instagram-ഇൻസ്റ്റഗ്രാമിൽ വൻ ഡാറ്റ ചോർച്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

MyFin Desk

Instagram-ഇൻസ്റ്റഗ്രാമിൽ വൻ ഡാറ്റ ചോർച്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ
X

മുൻനിര സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഗുരുതരമായ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാമിലെ ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ് വെളിപ്പെടുത്തിയത്. ഈ ഡാറ്റ ഡാർക്ക് വെബ്ബിലെ ഹാക്കർമാരുടെ ഫോറങ്ങളിലൂടെയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

ഉപഭോക്താക്കളുടെ യൂസർനെയിം, പൂർണനാമം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഭാഗികമായ വിലാസം തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് സൈബർ ആൾമാറാട്ടം, ഫിഷിങ് ആക്രമണങ്ങൾ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മാൽവെയർബൈറ്റ്‌സ് നൽകി.

ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. പല ഉപഭോക്താക്കളും പാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്ന സന്ദേശങ്ങൾ ലഭിച്ചതായി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇൻസ്റ്റഗ്രാമിൻ്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഡാറ്റ ചോർച്ച സ്ഥിരീകരിക്കുകയോ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല. 2024-ൽ ഉണ്ടായ ഇൻസ്റ്റഗ്രാം എപിഐ ഡാറ്റ ലീക്കിലൂടെ ചോർന്ന വിവരങ്ങളാണ് ഇപ്പോൾ വീണ്ടും ഡാർക്ക് വെബ്ബിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ പാസ്‌വേഡ് ഉടൻ മാറ്റുകയും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കുകയും സംശയാസ്പദമായ സന്ദേശങ്ങളോട് ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.