image

21 Feb 2026 12:20 PM IST

Technology

ഇനി കിടിലൻ ഓട്ടോമോട്ടീവ് മൊഡ്യൂളുകള്‍ ഇന്ത്യയില്‍; കൈകോർത്ത് ക്വാല്‍കോമും ടാറ്റ ഇലക്ട്രോണിക്‌സും

MyFin Desk

ഇനി കിടിലൻ ഓട്ടോമോട്ടീവ് മൊഡ്യൂളുകള്‍ ഇന്ത്യയില്‍; കൈകോർത്ത് ക്വാല്‍കോമും ടാറ്റ ഇലക്ട്രോണിക്‌സും
X

Summary

ടാറ്റ ഇലക്ട്രോണിക്‌സിന്റെ പുതിയ സെമികണ്ടക്ടര്‍ അസംബ്ലി ആന്റ് ടെസ്റ്റ് സംവിധാനത്തിനുള്ളിലാണ് ഉത്പാദനം


യുഎസ് ചിപ്പ് കമ്പനിയായ ക്വാല്‍കോം ടെക്‌നോളജീസുമായി കൈകോര്‍ക്കാനൊരുങ്ങി ടാറ്റ ഇലക്ട്രോണിക്‌സ്. ക്വാല്‍കോം ടെക്‌നോളജീസിന്റെ വാഹന സംബന്ധമായ മൊഡ്യൂളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളും നിര്‍മാണ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.

അസമിലെ ജാഗിറോഡിലുള്ള ടാറ്റ ഇലക്ട്രോണിക്‌സിന്റെ പുതിയ സെമികണ്ടക്ടര്‍ അസംബ്ലി ആന്റ് ടെസ്റ്റ് സംവിധാനത്തിനുള്ളിലാണ് ഉത്പ്പാദനം. ക്വാല്‍കോം ടെക്‌നോളജീസിന്റെ ആഗോള മൊഡ്യൂള്‍ നിര്‍മാണ പങ്കാളികളുടെ ശൃംഖലയില്‍ ടാറ്റ ഇലക്ട്രോണിക്‌സും ചേരുമെന്നാണ് കരാറില്‍ പറയുന്നത്. സ്‌നാപ്ഡ്രാഗണ്‍ ഡിജിറ്റല്‍ ചേസിസ് സിസ്റ്റം-ഓണ്‍-ചിപ്പുകളും മറ്റ് ഹാര്‍ഡ്വെയറുകളും സംയോജിപ്പിച്ച് ഉത്പാദനത്തിന് തയ്യാറായ ഒറ്റ യൂണിറ്റുകളായി ക്വാല്‍കോം ഓട്ടോമോട്ടീവ് മൊഡ്യൂളുകള്‍ ടാറ്റ ഇലക്ട്രോണിക്‌സ് നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളെയാണ് ഓട്ടോമോട്ടീവ് മൊഡ്യൂളുകള്‍ എന്ന് പറയുന്നത്.

ആധുനിക വാഹനങ്ങളില്‍ മുപ്പതിലധികം മൊഡ്യൂളുകള്‍ വരെ ഉണ്ടാകാറുണ്ട്. ഡിജിറ്റല്‍ കോക്ക്പിറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമുകള്‍, ഇന്റലിജന്റ് വാഹന സംവിധാനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനാണ് ഈ മൊഡ്യൂളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഔട്ട്സോഴ്‌സ്ഡ് സെമികണ്ടക്റ്റര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് സൗകര്യമായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ്, 3 ബില്യണ്‍ ഡോളര്‍ ചിലവിലാണ് വികസിപ്പിക്കുന്നത്. വയര്‍ ബോണ്ട്, ഫ്‌ലിപ് ചിപ്പ്, ഇന്റഗ്രേറ്റഡ് സിസ്റ്റംസ് പാക്കേജിങ് തുടങ്ങിയ സാങ്കേതികവിദ്യകളില്‍ ഇത് പ്രവര്‍ത്തിക്കും. ഈ ഇടപാടിനെ ഇരു കമ്പനികളും ഇന്ത്യയുടെ 'മേക് ഇന്‍ ഇന്ത്യ' സംരംഭത്തിനായുള്ള സംഭാവനയായി കാണുന്നു.