image

3 March 2026 8:52 PM IST

Technology

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി; സീറോ കമ്മീഷന്‍ ഭക്ഷണ വിതരണവുമായി റാപിഡോ 'ഓണ്‍ലി' വിപണിയില്‍

MyFin Desk

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി; സീറോ കമ്മീഷന്‍ ഭക്ഷണ വിതരണവുമായി റാപിഡോ ഓണ്‍ലി വിപണിയില്‍
X

Summary

ഭക്ഷണപ്രേമികള്‍ക്ക് ആശ്വാസകരമായ 'സത്യസന്ധമായ വില' എന്ന വാഗ്ദാനവുമായാണ് 'ഓണ്‍ലി' എത്തുന്നത്. പ്ലാറ്റ്ഫോം ഫീസോ മെനുവില്‍ അധിക വിലയോ ചേര്‍ക്കാതെ, ഭക്ഷണത്തിനും ഡെലിവറിക്കും മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത


ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് റാപിഡോയുടെ സ്വന്തം ഫുഡ് ഡെലിവറി ആപ്പായ 'ഓണ്‍ലി' ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റെസ്റ്റോറന്റുകളില്‍ നിന്ന് കമ്മീഷന്‍ ഈടാക്കാത്ത 'സീറോ കമ്മീഷന്‍' മോഡലിലൂടെ, നിലവില്‍ വിപണി ഭരിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ എന്നിവര്‍ക്ക് ശക്തമായ ഭീഷണിയാണ് റാപിഡോ ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം വിജയകരമായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നഗരവ്യാപകമായി ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

വിലക്കയറ്റമില്ലാത്ത 'സത്യസന്ധമായ' മെനു

ഭക്ഷണപ്രേമികള്‍ക്ക് ആശ്വാസകരമായ 'സത്യസന്ധമായ വില' എന്ന വാഗ്ദാനവുമായാണ് 'ഓണ്‍ലി' എത്തുന്നത്. പ്ലാറ്റ്ഫോം ഫീസോ മെനുവില്‍ അധിക വിലയോ ചേര്‍ക്കാതെ, ഭക്ഷണത്തിനും ഡെലിവറിക്കും മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. റെസ്റ്റോറന്റുകളില്‍ നിന്ന് കമ്മീഷന്‍ വാങ്ങാത്തതിനാല്‍, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൈപ്പര്‍ലോക്കല്‍ ലോജിസ്റ്റിക്‌സ് ശൃംഖല ഉപയോഗപ്പെടുത്തി ഡെലിവറി ചെലവ് കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം.

റെസ്റ്റോറന്റ്-ഫസ്റ്റ് മോഡലും 'ക്യാപ്റ്റന്‍മാരും'

'ഇന്ത്യയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒരു ശീലമായി മാറിക്കഴിഞ്ഞു. റെസ്റ്റോറന്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു ബിസിനസ്സ് മോഡലിന് വലിയ സാധ്യതകളുണ്ട്,' എന്ന് റാപിഡോയുടെയും ഓണ്‍ലിയുടെയും സ്ഥാപകന്‍ അരവിന്ദ് സങ്ക പറഞ്ഞു. റാപിഡോയുടെ നിലവിലുള്ള ബൈക്ക് ടാക്‌സി ശൃംഖലയിലെ 'ക്യാപ്റ്റന്‍മാര്‍' തന്നെയാണ് ഭക്ഷണവും എത്തിക്കുന്നത്. ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പകരം, എന്നും കുറഞ്ഞ നിരക്ക് ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിപണി പിടിക്കാന്‍ ബംഗളൂരുവില്‍ തുടക്കം

നിലവില്‍ കോറമംഗല, എച്ച്എസ്ആര്‍ ലേഔട്ട്, ബിടിഎം ലേഔട്ട് തുടങ്ങിയ ഇടങ്ങളില്‍ സജീവമായ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഏകദേശം 20,000 റെസ്റ്റോറന്റ് പങ്കാളികളുമായി കൈകോര്‍ത്താണ് റാപിഡോ ഈ അങ്കത്തട്ടിലേക്ക് ഇറങ്ങിയിരിക്കുന്നത്. ബംഗളൂരുവില്‍ വിജയിച്ചാല്‍ ഉടന്‍ തന്നെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

8 ബില്യണ്‍ ഡോളര്‍ വിപണിയിലെ പോരാട്ടം

പ്രതിവര്‍ഷം 8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയില്‍ തങ്ങളുടേതായ പങ്ക് കണ്ടെത്താനാണ് റാപിഡോ ശ്രമിക്കുന്നത്. സ്വിഗ്ഗിയും സൊമാറ്റോയും ക്വിക്ക് കൊമേഴ്സ് പോലുള്ള മറ്റ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഡെലിവറി ലോജിസ്റ്റിക്സിലെ തങ്ങളുടെ കരുത്ത് ഉപയോഗിച്ച് ലാഭകരമായ ഒരു ബദല്‍ ഒരുക്കാനാണ് റാപിഡോയുടെ പ്ലാന്‍.