image

14 Feb 2026 12:30 PM IST

Technology

ടെലഗ്രാമിനും പൂട്ടിട്ട് റഷ്യ; 7.5 കോടി രൂപ പിഴയും ചുമത്തി

MyFin Desk

ടെലഗ്രാമിനും പൂട്ടിട്ട് റഷ്യ; 7.5 കോടി രൂപ പിഴയും ചുമത്തി
X

Summary

ഇനി ടെലിഗ്രാം വേണ്ടെന്ന് റഷ്യ. നിയമം പാലിക്കുന്നത് വരെ വിലക്ക് തുടരും


വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. സുരക്ഷാ കാരണങ്ങളും പ്രാദേശിക നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ടെലഗ്രാം പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നത് വരെ ഈ നിരോധനം തുടരുമെന്ന് റഷ്യയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിരോധിത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും തീവ്രവാദസ്വഭാവമുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിലും വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി 64 ദശലക്ഷം റൂബിള്‍( 7.5 കോടി) പിഴയും അധികൃതര്‍ ചുമത്തിയിട്ടുണ്ട്. ഈ തുക എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

റഷ്യയില്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായിരുന്നു ടെലഗ്രാം. ടെലഗ്രാമിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ രാജ്യത്തെ ദൈന്യംദിന ആശയസംവിധാനങ്ങള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിദേശ ആപ്പുകള്‍ക്ക് പൂട്ടിടുന്നതിനൊപ്പം തദ്ദേശീയമായി നിര്‍മിച്ച മാക്‌സ് എന്ന ആപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

ഇനി മുതല്‍ റഷ്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാക്‌സ് ആപ്പ് നിര്‍ബന്ധമായും പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ചാറ്റിങ്ങ്, കോളിങ്ങ് തുടങ്ങിയവയ്ക്ക് പുറമെ, ബാങ്കിംഗ്, സര്‍ക്കാര്‍ സേവനങ്ങളും മാക്‌സ് ആപ്പിലുണ്ടായിരിക്കും. വികെ കമ്പനിയുടെ സ്ഥാപകന്‍ പാവെല്‍ ഡുറോവ് ആണ് ആപ്പ് വികസിപ്പിച്ചത്.

വാട്‌സ്ആപ്പും ടെലഗ്രാമും തടസപ്പെട്ടതോടെ ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്‍പ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സേവനങ്ങള്‍ നിലച്ചതോടെ ഡൗണ്‍ഡിറ്റക്ടര്‍ പോലുള്ള വെബ്‌സൈറ്റില്‍ നിരവധി പരാതികളാണ് വരുന്നത്.