image

13 Nov 2026 3:54 PM IST

Technology

കണ്ണടയില്‍ എഐ മാജിക്! സംസാരിക്കുന്ന സാംസങ് സ്മാര്‍ട്ട് ഗ്ലാസ്; വില 37,000 രൂപ മുതല്‍

MyFin Desk

ai magic in glasses, samsungs talking smart glasses, priced from ₹37,000
X

Summary

ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് അടങ്ങിയ പുതിയ Samsung Intelligent Eyewear ഡിസംബര്‍ 10-ന് അമേരിക്കയിലും ദക്ഷിണ കൊറിയയിലും വിപണിയിലെത്തും


ഫോണ്‍ പോക്കറ്റില്‍ വെച്ചോളൂ, ഇനി കണ്ണടയാണ് സ്മാര്‍ട്ട്! സാംസങ് ഇപ്പോള്‍ തങ്ങളുടെ എഐ വിപ്ലവം സ്മാര്‍ട്ട്‌ഫോണില്‍ നിന്നും വാച്ചിലേക്കും ഇപ്പോള്‍ നേരെ കണ്ണടകളിലേക്കും കൊണ്ടുവന്നിരിക്കുന്നു. ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് അടങ്ങിയ പുതിയ Samsung Intelligent Eyewear ഡിസംബര്‍ 10-ന് അമേരിക്കയിലും ദക്ഷിണ കൊറിയയിലും വിപണിയിലെത്തും. ഫാഷന്‍ ബ്രാന്‍ഡുകളായ ജെന്റില്‍ മോണ്‍സ്റ്ററും വാര്‍ബി പാര്‍ക്കറുമായി ചേര്‍ന്നാണ് ഈ ഗ്ലാസുകള്‍ വികസിപ്പിച്ചത്. വാര്‍ബി പാര്‍ക്കര്‍ മോഡലുകള്‍ക്ക് 395 ഡോളര്‍(ഏകദേശം 37,000 രൂപ) മുതലാണ് വില, ജെന്റില്‍ മോണ്‍സ്റ്റര്‍ പതിപ്പുകള്‍ക്ക് 449 - 489 ഡോളര്‍ (42,000 - 46,000 രൂപ) വരെയാണ്.

ഇതൊരു സാധാരണ കണ്ണടയല്ല, നിങ്ങളുടെ കണ്ണിന് മുന്നില്‍ നില്‍ക്കുന്ന ഒരു എഐ അസിസ്റ്റന്റാണ്. കാണുന്ന വസ്തുവിനെക്കുറിച്ച് ചോദിച്ചാല്‍ ജെമിനി ഉത്തരം പറയും, മെനു തത്സമയം വിവര്‍ത്തനം ചെയ്യും, ഗൂഗിള്‍ മാപ്‌സ് വഴി ദിശ കാണിക്കും, ഫോണ്‍ എടുക്കാതെ തന്നെ മെസേജിന് മറുപടി നല്‍കാം. മീറ്റിംഗില്‍ വൈറ്റ്‌ബോര്‍ഡ് ഫോട്ടോ എടുത്ത് പ്രധാന പോയിന്റുകള്‍ സംഗ്രഹിച്ച് സാംസങ് നോട്ട്‌സില്‍ സേവ് ചെയ്യാനും കഴിയും. എന്നാല്‍ ശ്രദ്ധിക്കണം - ഇതില്‍ ഡിസ്‌പ്ലേ ഇല്ല, ശബ്ദത്തിലൂടെയും എഐ തിരിച്ചറിയലിലൂടെയുമാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്.

ഹാര്‍ഡ്വെയറില്‍ സാംസങ് ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. 12എംപി HDR ക്യാമറ, രണ്ട് ഓപ്പണ്‍-ഇയര്‍ സ്പീക്കറുകള്‍, 4 മൈക്രോഫോണുകള്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ AR1 Gen 1 ചിപ്പ്, 2GB RAM, 64GB സ്റ്റോറേജ്. 30fps-ല്‍ 3K വീഡിയോ വരെ റെക്കോര്‍ഡ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 9 മണിക്കൂര്‍ വരെ, ചാര്‍ജിംഗ് കേസിനൊപ്പം 72 മണിക്കൂര്‍ വരെ ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഭാരം വെറും 41 ഗ്രാം മാത്രം. ഗാലക്‌സി, പിക്‌സല്‍ ഫോണുകള്‍ക്കൊപ്പം ഐഫോണ്‍ 13-നും മുകളിലുള്ള മോഡലുകളിലും ഇത് പ്രവര്‍ത്തിക്കും.

ഫാഷനാണ് ഈ ഗ്ലാസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജെന്റില്‍ മോണ്‍സ്റ്ററിന്റെ ബോള്‍ഡ് ഡിസൈനും വാര്‍ബി പാര്‍ക്കറിന്റെ ക്ലാസിക് ഡിസൈനും ചേര്‍ത്ത് ആകെ 30 ഡിസൈന്‍ ഓപ്ഷനുകള്‍. സ്വകാര്യതയ്ക്കായി LED റെക്കോര്‍ഡിംഗ് ഇന്‍ഡിക്കേറ്റര്‍, ഓട്ടോമാറ്റിക് ഫേസ് റീഡക്ഷന്‍, പ്രൈവസി നിയന്ത്രണങ്ങള്‍ എന്നിവയും ഉണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാനാകൂ. പ്രീ-ഓര്‍ഡര്‍ ഇപ്പോള്‍ ആരംഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ എത്തും, വില എത്രയാകും എന്ന് സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല - മറ്റ് രാജ്യങ്ങളിലേക്ക് 2027-ല്‍ മാത്രമേ എത്തൂ എന്നാണ് സൂചന.