image

19 April 2023 11:00 AM IST

Technology

ഗൂഗിളിനെ പ്രതിസന്ധിയിലാക്കി സാംസങ്; ആല്‍ഫബെറ്റ്‌സ് ഓഹരികള്‍ ഇടിയുന്നു

MyFin Desk

Alphabets shares fall
X

Summary

  • ചാറ്റ് ജിപിടിയുടെ ഇന്റഗ്രേഷന്‍ വെല്ലുവിളി
  • മൈക്രോസോഫ്റ്റുമായി ചര്‍ച്ച
  • സെര്‍ച്ച് എഞ്ചിന്‍ ബിസിനസില്‍ തിരിച്ചടി


ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ്‌സിന്റെ ഓഹരികളില്‍ വലിയ ഇടിവ്. നാലു ശതമാനമാണ് ഓഹരി ഇടിഞ്ഞത്. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് മൈക്രോസോഫ്റ്റുമായി സഹകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഗൂഗിളിന് തിരിച്ചടി ലഭിക്കുന്നത്. ഗ്യാലക്‌സി ഡിവൈസുകളില്‍ മൈക്രോസോഫ്റ്റിന്റെ 'ബിംഗ്‌' ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനാക്കാനുള്ള സാംസങ് കമ്പനിയുടെ ആലോചനകളാണ് ഗൂഗിളിന് വെല്ലുവിളിയുയര്‍ത്തുന്നത്.

ഓപ്പണ്‍ എഐയായ ചാറ്റ്ജിപിടിയുമായി മൈക്രോസോഫ്റ്റിന്റെ ഇന്റഗ്രേഷനും കൂടിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. സെര്‍ച്ച് എഞ്ചിന്‍ ബിസിനസില്‍ നിന്ന് 162 ബില്യണ്‍ ഡോളറാണ് ഗൂഗിളിന് പ്രതിവര്‍ഷം ലഭിക്കുന്നത്. ഈ ബിസിനസിന് മൈക്രോസോഫ്റ്റിന്റെ ബിംഗില്‍ നിന്ന് വലിയ വെല്ലുവിളിയാണ് നിലവില്‍ നേരിടുന്നത്. ഇതിനിടെയാണ് സാംസങ് പോലെ ഒരു വന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ പുതിയ തീരുമാനങ്ങള്‍ ഗൂഗിളിന് വലിയ തലവേദനയാകുന്നത്. ഇതാണ് ഓഹരി വിപണിയില്‍ പ്രകടമായത്.

സാംസങ്ങില്‍ നിന്ന് ഒരു വര്‍ഷം സെര്‍ച്ച് എഞ്ചിന്‍ സര്‍വീസിന് ഗൂഗിള്‍ മൂന്ന് ബില്യണ്‍ ഡോളറാണ് വാങ്ങുന്നത്. ഈ വരുമാനം നില്‍ക്കാനുള്ള സാധ്യതകള്‍ ഗൂഗിളിനെ പരിഭ്രാന്തിയിലാക്കിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് സമാനമായി ആപ്പിള്‍(എഎപിഎല്‍.ഓ)യുമായി 20 ബില്യണ്‍ ഡോളറിന്റെ കരാര്‍ കൂടി ഗൂഗിളിനുണ്ട്. ഇതും ഈ വര്‍ഷം പുതുക്കാനിരിക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്കിടെ തന്നെ പുതിയ എഐ-പവര്‍ ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ സാംസങ്ങിന്റെ പുതിയ നീക്കങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഗൂഗിള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.