image

29 Oct 2025 8:13 PM IST

Technology

സാംസംഗിന്റെ ആദ്യ ട്രൈഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷമെന്ന് സൂചന

MyFin Desk

സാംസംഗിന്റെ ആദ്യ ട്രൈഫോള്‍ഡ്   സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷമെന്ന് സൂചന
X

Summary

ഏകദേശം രണ്ട് ലക്ഷത്തി അറുപത്തിനാലായിരം രൂപയാണ് ഫോണിന്റെ വില


മൊബൈല്‍ വിപണി കീഴടക്കാനായി സാംസംഗിന്റെ ആദ്യ ട്രൈഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു. ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ഫോണിന് ഏകദേശം രണ്ട് ലക്ഷത്തി അറുപത്തിനാലായിരം രൂപയാണ് വില.

ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗിന്റെ ആദ്യ ട്രൈഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാംസംഗ് ഗാലക്‌സി ട്രൈഫോള്‍ഡ സെഡ് എന്നാണ് ഈ നവീന ഹാന്‍ഡ്‌സെറ്റിന്റെ പേര്.

സാംസംഗ് ഈ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യാ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ അവതരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. 2025-ല്‍ തന്നെ സാംസംഗിന്റെ ഗാലക്‌സി ട്രൈഫോള്‍ഡ് പുറത്തിറങ്ങുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുറത്തുവന്നിരിക്കുന്ന ഡിസൈന്‍ വിവരങ്ങള്‍ സാംസംഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സാംസംഗിന്റെ ട്രൈഫോള്‍ഡ് ഫോണ്‍ മോഡല്‍ ഇരുവശങ്ങളില്‍ നിന്നും ഉള്ളിലേക്ക് മടക്കുന്ന രീതിയിലാണുള്ളത്. ചൈനയിലും ദക്ഷിണ കൊറിയയിലും മാത്രമേ അവതരിപ്പിക്കൂ എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ രണ്ട് രാജ്യങ്ങളില്‍ മാത്രമായി ഈ ഫോണ്‍ അവതരിപ്പിക്കാനുള്ള തീരുമാനം കമ്പനി ഇപ്പോള്‍ പുനരാലോചിക്കുന്നതായാണ് സൂചന. കൂടുതല്‍ വിപണികളില്‍ ട്രൈഫോള്‍ഡ് അവതരിപ്പിക്കാന്‍ സാംസംഗ് ആലോചിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതില്‍ 10 ഇഞ്ച് ഒഎല്‍ഇഡി ഇന്നര്‍ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രീനിന്റെ രണ്ട് അറ്റങ്ങള്‍ അകത്തേക്ക് മടക്കാനാകും. കവര്‍ ഡിസ്‌പ്ലേ 6.5 ഇഞ്ച് യൂണിറ്റായിരിക്കും എന്നിങ്ങനെയുള്ള വിവരങ്ങളും ലീക്കായിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാകും സാംസംഗ് ഗാലക്സി ട്രൈഫോള്‍ഡ് എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതായത് നിലവിലുള്ള സാംസംഗിന്റെ ഏറ്റവും പ്രീമിയം മോഡലായ എസ് 25 അള്‍ട്രയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ചിപ്‌സെറ്റ് കരുത്ത് തന്നെ ഈ ട്രൈഫോള്‍ഡ് ഫോണിലും ഉണ്ടായേക്കാം. ക്യാമറകളുടെ കാര്യമെടുത്താല്‍ റിയര്‍ പാനലില്‍ 200എംപി മെയിന്‍ ക്യാമറയും അള്‍ട്രാവൈഡും ടെലിഫോട്ടോയും ട്രൈഫോള്‍ഡില്‍ ഉണ്ടായിരിക്കും. മൂന്നായി മടക്കാവുന്ന ഈ ഫോണിന്റെ ബാറ്ററിയും മൂന്ന് ഭാഗങ്ങളായി വേര്‍തിരിക്കും എന്നാണ് സൂചന.