image

10 Jan 2024 2:00 PM GMT

Tech News

പോളിടെക്‌നിക് വിദ്യാർത്ഥികൾ നിർമ്മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ നിരത്തിലേക്ക്

MyFin Desk

30 electric autos made by students to hit the road
X

Summary

  • 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതിയായാണ് വിദ്യാര്‍ത്ഥികള്‍ ഈ ഓട്ടോറിക്ഷകള്‍ അസംബിള്‍ ചെയ്തത്
  • ആക്‌സോണ്‍ വെഞ്ചേഴ്‌സ്ന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇന്‍ഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.
  • ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങള്‍ ക്യാമ്പസ്സില്‍ നിന്നും നിര്‍മ്മിച്ചു നല്‍കുന്നത്


കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്' പദ്ധതിയില്‍ നിര്‍മ്മിച്ച മുപ്പത് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നാളെ (ജനുവരി 11) വൈകിട്ട് നാലിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങള്‍ ഒരുമിച്ചു ഒരു ക്യാമ്പസ്സില്‍ നിന്നും നിര്‍മ്മിച്ചു നല്‍കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തില്‍ 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതിയായാണ് വിദ്യാര്‍ത്ഥികള്‍ ഈ ഓട്ടോറിക്ഷകള്‍ അസംബിള്‍ ചെയ്തത്. ഖരമാലിന്യ ശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണിവ. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നിര്‍മ്മാണക്കമ്പനിയായ ആക്‌സോണ്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇന്‍ഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.

ആക്‌സോണ്‍ വെഞ്ചേഴ്‌സ് 2022 ഒക്ടോബര്‍ 31ന് പോളിടെക്‌നിക്ക് കോളേജുകളില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് വ്യാവസായിക ഉല്‍പ്പാദനം ആരംഭിക്കാനുള്ള ധാരണാപത്രം സര്‍ക്കാരുമായി ഒപ്പുവച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കോഴിക്കോട് കോര്‍പ്പറേഷനു വേണ്ടി 75 ഇലക്ട്രിക് ഗാര്‍ബേജ് വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള വര്‍ക്ക് ഓര്‍ഡര്‍ 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്' പദ്ധതി നേടിയെടുത്തത്. അതില്‍ ആദ്യഘട്ടമായാണ് 30 ഇലക്ട്രിക് ഓട്ടോകള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നത്.